ശ്രീനഗര്‍: വൈദ്യുതി ജീവനക്കാരുടെ അനിശ്ചിതകാല പണിമുടക്കിനെ തുടര്‍ന്ന് ജമ്മു കശ്മീരിലെ പ്രദേശങ്ങളില്‍ വൈദ്യുതി മുടങ്ങി. തുടര്‍ന്ന് വൈദ്യുതി പുനഃസ്ഥാപിക്കാന്‍ സര്‍ക്കാര്‍ സൈന്യത്തിന്റെ സഹായം തേടി. മിലിറ്ററി എഞ്ചിനീയറിങ് സര്‍വീസിലെ സൈനികരുടെ സഹായത്തോടെയാണ് പല പ്രദേശങ്ങളിലും വൈദ്യുതി പുനഃസ്ഥാപിച്ചത്.
ജമ്മു കശ്മീര്‍ പവര്‍ ഡെവലപ്മെന്റ് ഡിപ്പാര്‍ട്ട്മെന്റിനെ നാഷണല്‍ ഗ്രിഡ് കോര്‍പ്പറേഷനില്‍ ലയിപ്പിക്കാനുള്ള തീരുമാനത്തിനെതിരെയാണ് കശ്മീരിലെ വൈദ്യുതി വകുപ്പ് ജീവനക്കാര്‍ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചത്. ജമ്മു കശ്മീരിലെ ഏതാണ്ട് 20,000ഓളം ജീവനക്കാരാണ് വെള്ളിയാഴ്ച രാത്രി മുതല്‍ സമരം ആരംഭിച്ചത്. തങ്ങളുടെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിക്കുന്നത് വരെ ഒരു തരത്തിലുള്ള ജോലികളും ചെയ്യില്ലെന്നാണ് ജീവനക്കാരുടെ നിലപാട്. ഇതോടെ പല ജില്ലകളിലും പൂര്‍ണമായി വൈദ്യുതി വിതരണം തടസപ്പെട്ടു. വൈദ്യുതി വകുപ്പിന്റെ സ്വകാര്യവത്കരണ നടപടികളില്‍ നിന്ന് സര്‍ക്കാര്‍ പൂര്‍ണമായും പിന്മാറണമെന്നാണ് ജീവനക്കാരുടെ പ്രധാന ആവശ്യം.
ജമ്മു മേഖലയിലെ 15 മുതല്‍ 20 ശതമാനം പ്രദേശത്താണ് പ്രതിസന്ധിയുള്ളതെന്നും അത് പരിഹരിക്കാനായി ശ്രമിക്കുകയാണെന്നും കേന്ദ്ര ഊര്‍ജ മന്ത്രി ആര്.കെ. സിങ് പറഞ്ഞു. സമരം ചെയ്യുന്ന ജീവനക്കാരുമായി സര്‍ക്കാര്‍ ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ട്. അതേസമയം, വൈദ്യുതി ജീവനക്കാരുടെയും എഞ്ചിനീയര്‍മാരുടെയും നാഷണല്‍ കോര്‍ഡിനേഷന്‍ കമ്മറ്റി വിഷയത്തില്‍ രാജവ്യാപക പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്. വിഷയം പരിഹരിക്കാനായി ജമ്മു കശ്മീര്‍ ലഫ്റ്റണന്റ് ഗവര്‍ണര്‍ക്ക് കത്തുകളയക്കാനും സംസ്ഥാന യൂണിയനുകളോട് കോര്‍ഡിനേഷന്‍ കമ്മറ്റി നിര്‍ദേശിച്ചു.
ജമ്മു, ശ്രീനഗര്‍ ഉള്‍പ്പെടെ പ്രധാന നഗരങ്ങളിലെല്ലാം അതിശൈത്യം കാരണം വൈദ്യുത തകറാറുണ്ടായെങ്കിലും അറ്റകുറ്റപ്പണി നടത്താനായിട്ടില്ല. സമരം പിന്‍വലിക്കാന്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ടെങ്കിലും വൈദ്യുതി മേഖല സ്വകാര്യ കമ്പനികള്‍ക്ക് വില്‍ക്കില്ലെന്ന് അധികൃതര്‍ ഉറപ്പ് നല്‍കിയിട്ടില്ലെന്ന് പവര്‍ എംപ്ലോയീസ് യൂണിയന് ജനറല്‍ സെക്രട്ടറി സച്ചിന് ടിക്കൂ പറഞ്ഞു. ജമ്മു കശ്മീര്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും യുപി കേഡര്‍ ഐഎഎസ് ഉദ്യോഗസ്ഥനുമായ നിതീഷ്വര്‍ കുമാറിന് അടുത്തിടെ സര്‍ക്കാര്‍ വൈദ്യുതി വകുപ്പിന്റെ ചുമതല നല്‍കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: