ന്യൂദല്‍ഹി: ജമ്മു കശ്മീരില്‍ തീവ്രവാദപ്രവര്‍ത്തനങ്ങള്‍ കുറഞ്ഞുവരുന്നതായി കേന്ദ്ര ആഭ്യന്തരസഹമന്ത്രി നിത്യാനന്ദ റായി. 2019 ആഗസ്ത് അഞ്ചിന് ജമ്മുകശ്മീരിന് പ്രത്യേകപദവി നല്‍കുന്ന 370ാം വകുപ്പ് എടുത്തുകളഞ്ഞ ശേഷം 841 ദിവസങ്ങള്‍ക്കുള്ളില്‍ തീവ്രവാദവുമായി ബന്ധപ്പെട്ട 496 സംഭവങ്ങളാണ് ആകെ നടന്നത്. എന്നാല്‍ ഇതേ കാലയളവില്‍ പ്രത്യേകസംസ്ഥാനപദവി എടുത്തുകളയുന്നതിന് മുന്‍പുള്ള കാലയളവില്‍ 843 തീവ്രവാദആക്രമണങ്ങള്‍ അരങ്ങേറിയിരുന്നു.
അന്ന് കേന്ദ്രം ജമ്മുകശ്മീരിനെ ഭരണസൗകര്യത്തിനായി ജമ്മു കശ്മീര്‍, ലഡാക്ക് എന്നീ രണ്ട് കേന്ദ്ര ഭരണപ്രദേശങ്ങളായി വിഭജിക്കുകയായിരുന്നു.
2020 ഡിസംബര്‍ മുതല്‍ 2021 നവമ്പര്‍ 22 വരെയുള്ള കാലയളവില്‍ 165 തീവ്രവാദികള്‍ കൊല്ലപ്പെട്ടു. 14 തീവ്രവാദികളെ പിടിച്ചു. കേന്ദ്രഭരണപ്രദേശത്ത് തീവ്രവാദപ്രവര്‍ത്തനങ്ങള്‍ തടയാന്‍ നടപടികള്‍ എടുത്തു. വിവിധ തീവ്രവാദി സംഘടനകളുടെ പ്രതിനിധികളാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് വിവിധ സര്‍വ്വീസുകളില്‍ നിന്നും ഏതാനും സര്‍ക്കാര്‍ ജീവനക്കാരെ നീക്കം ചെയ്തു.
ഒക്ടോബര്‍ 16ന് പാകിസ്ഥാന്‍ അനുകൂല വിഘടനവാദി സയ്യിദ് അലി ഷാ ഗീലാനിയുടെ മകന്‍ അനീസ് ഉള്‍ ഇസ്ലാമിനെ സര്‍ക്കാര്‍ സര്‍വ്വീസില്‍ നിന്നും പിരിച്ചുവിട്ടു. തീവ്രവാദികളെ സഹായിക്കുന്നുവെന്നതിന് വ്യക്തമായ തെളിവുകള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത്.
ജൂലായില്‍ ജമ്മു കശ്മീര്‍ ഭരണകൂടം 11 ജീവനക്കാരെ പിരിച്ചുവിട്ടു. ഇതില്‍ ഹിസ്ബുള്‍ മുജാഹിദീന്‍ നേതാവ് സയ്യിദ് സലാഹുദ്ദീന്റെ മക്കളും ഉള്‍പ്പെടുന്നു. ഇതേ സ്വഭാവമുള്ള മറ്റ് രണ്ടു പേരെ പൊലീസ് വകുപ്പില്‍ നിന്നും പിരിച്ചുവിട്ടു.
തീവ്രവാദ ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് സപ്തംബറില്‍ ആറ് ജീവനക്കാരെ പിരിച്ചുവിട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: