തിരുവനന്തപുരം നഗരാതിര്‍ത്തിക്കുള്ളിലാണ് പ്രസിദ്ധമായ ഉദിയന്നൂര്‍ ദേവീക്ഷേത്രം. മൂന്നു വര്‍ഷത്തിലൊരിക്കല്‍ ഊരൂട്ടു മഹോത്സവം ആഘോഷിക്കാറുള്ള അപൂര്‍വ്വ ക്ഷേത്രമെന്ന ഖ്യാതിയുണ്ട് ഈ ക്ഷേത്രത്തിന്. സഹസ്രാബ്ദത്തോളം പഴക്കമുള്ളതായി പറയപ്പെടുന്നു ക്ഷേത്ര ചൈതന്യത്തിന്.
തിരുവനന്തപുരത്ത് മരുതുംകുഴി ജംഗ്ഷനില്‍ നിന്നാല്‍ ഉദിയന്നൂര്‍ ക്ഷേത്രം കാണാം. പണ്ടിവിടം വിസ്തൃതമായ നെല്‍പ്പാടങ്ങളായിരുന്നു. അതിന്റെ മരതകാന്തിയില്‍ നിന്നാണ് മരുതംകുഴി എന്ന പേരുണ്ടായതെന്നും പറയപ്പെടുന്നു. കിള്ളിയാറ്റിന്റെ കരയിലാണ് ക്ഷേത്രമുള്ളത്.
ഉദിയന്നൂര്‍ അട നിവേദ്യം:
ഉദിയന്നൂര്‍ ക്ഷേത്രത്തിലെ സവിശേഷ വഴിപാടാണ് അട. ഒരു അട, അരയട എന്നീ ക്രമത്തിലാണ് വഴിപാട് നടത്താറുള്ളത്. ഒരു അട ഏതാണ്ട് ആയിരത്തോളം വരും. ക്ഷേത്ര ഉടമസ്ഥതയിലുള്ള വയലില്‍ കൃഷി ചെയ്യുന്ന നെല്ലുകുത്തി പൊടിച്ചാണ് അട തയ്യാറാക്കുന്നത്. ശര്‍ക്കരയും പഞ്ചസാരയും ഉപയോഗിക്കാറില്ല. അരിയും തേങ്ങയും പഴവും ചേര്‍ത്ത് വട്ടയിലയിലാക്കി പരമ്പരാഗത രീതിയിലാണ് അട പുഴുങ്ങിയെടുക്കുക.
ഐതിഹ്യം:
180 വര്‍ഷങ്ങള്‍ക്ക് മുന്‍പ് മരുതുംകുഴിയിലെ ഉദിയന്നൂര്‍ കുടുംബത്തില്‍ നീലകണ്ഠന്‍ എന്നൊരു ദേവീഭക്തനുണ്ടായിരുന്നു. (പില്‍ക്കാലത്ത് നീലകണ്ഠ ഗുരുപാദര്‍ എന്ന് പ്രസിദ്ധനായ ആത്മീയാചാര്യന്‍) .
ദേവിയുടെ തിരുമുടി ഒഴുകി വരുന്നതായി കുട്ടിക്കാലത്ത് നീലകണ്ഠന് സ്വപ്‌നദര്‍ശനമുണ്ടായി. തിരുമുടി തേടി നീലകണ്ഠന്‍ കിള്ളിയാറിന്റെ കരയിലെത്തി. കരവിഞ്ഞൊഴുകുന്ന കിള്ളിയാറ്റിലെടുത്തുചാടി, ഒഴുകിവന്ന വിഗ്രഹം (തിരുമുടി) കൈക്കലാക്കി. എന്നാല്‍ ജലപ്രവാഹത്തിലെ ചുഴിയിലകപ്പെട്ട് നീലകണ്ഠനെ കാണാതായി. കിള്ളിയാറ്റില്‍ മുങ്ങിപ്പോയെന്ന് എല്ലാവരും കരുതി. എന്നാല്‍ ആ കുട്ടി ഏഴാംനാള്‍ തിരുമുടിയുമായി വീട്ടില്‍ തിരിച്ചെത്തുകയായിരുന്നു.
വിഗ്രഹം വീട്ടിലെ പെട്ടിയില്‍ സൂക്ഷിച്ചുവച്ചു. വര്‍ഷത്തിലൊരിക്കല്‍ വീടിന്റെ ഒരു ഭാഗത്ത് മുടിപ്പുരകെട്ടി പൂജാദികര്‍മ്മങ്ങള്‍ ചെയ്യുന്നത് പതിവാക്കി.
ദേവിക്ക് അടയാണ് ആദ്യമായി നിവേദിച്ചിരുന്നത്. ഈ നിവേദ്യം ഇന്നും തുടരുന്നു. ആദ്യകാലത്ത് നീലകണ്ഠ ഗുരുപാദര്‍ തന്നെയാണ് പൂജാദികര്‍മ്മങ്ങള്‍ ചെയ്തു പോന്നിരുന്നത്. പിന്നീട് പിന്‍തലമുറക്കാരായി. സ്ഥിരം ക്ഷേത്രമുണ്ടായതോടെ ബ്രാഹ്മണ പൂജയുമായി.
ക്ഷേത്രവിശേഷങ്ങള്‍:
ക്ഷേത്രമുറ്റത്ത് മനോഹരമായ ഗോപുരം. അതിനടുത്ത് പടര്‍ന്ന് പന്തലിച്ച ആല്‍മരം. അകത്ത് സ്വര്‍ണകൊടിമരം. നാലമ്പലവും ശ്രീകോവിലും ചുറ്റുമതിലുമെല്ലാം ചേര്‍ന്ന് ചേതോഹരമാണ് ക്ഷേത്രം. പ്രധാനമൂര്‍ത്തി ദേവിയാണ്. ഉദിയന്നൂരമ്മയെ വടക്കോട്ട് ദര്‍ശനമായി പ്രതിഷ്ഠിച്ചിരിക്കുന്നു. ചതുര്‍ബാഹു വിഗ്രഹം. ശംഖ്, ചക്രം, നാന്ദകംവാള്‍, ത്രിശൂലം, എന്നിവ കൈകളിലുള്ള രൂപമാണ് ദേവിയുടേത്. ദേവിക്ക് മാതൃഭാവമായതിനാല്‍ അമ്മയായിട്ടാണ് ആരാധിച്ചുവരുന്നത്.
ദിവസേന നാല് പൂജകള്‍ നടത്തുന്ന മഹാക്ഷേത്രമാണിത്. എല്ലാ മാസവും പൗര്‍ണമി നാളില്‍ ഐശ്വര്യപൂജയുണ്ടാകാറുണ്ട്, ക്ഷേത്രത്തില്‍ നടന്നുവരുന്ന സമൂഹാരാധനയാണിത്. കുങ്കുമാഭിഷേകം ദേവിക്കുള്ള വിശിഷ്ടപൂജയാണ്.
ക്ഷേത്രോത്സവം:
മേടത്തിലെ പുണര്‍തം നക്ഷത്രത്തിലാണ് ഉദിയന്നൂര്‍ ക്ഷേത്രത്തിലെ പ്രസിദ്ധമായ പൊങ്കാല. പൊങ്കാലയോടെ പത്തുദിവസത്തെ ഉത്സവം തുടങ്ങും.
ഉലകുടയപെരുമാളും ഊരൂട്ട് മഹോത്സവവും:
ദക്ഷിണ തിരുവിതാംകൂറിന്റെ പല പ്രദേശങ്ങളിലും കണ്ടുവരുന്ന പ്രതിഷ്ഠയാണ് ശൈവാവതാരമായ ഉലകുടയപെരുമാള്‍. ചരിത്രപ്രാധാന്യമുള്ള വീരാരാധനയുടെ ഭാഗമായിരുന്നു ഉലകുടയപെരുമാളിന്റെ ക്ഷേത്രങ്ങള്‍.
ഇന്ന് ആ ക്ഷേത്രങ്ങളില്‍ പലതും ശിവക്ഷേത്രങ്ങളും ദേവീ ക്ഷേത്രങ്ങളുമായി പരിണമിച്ചു. മൂന്നുവര്‍ഷത്തിലൊരിക്കല്‍ ആഘോഷിക്കാറുള്ള ഊരൂട്ടു മഹോത്സവം ഈ ക്ഷേത്രത്തിലെ ഉലകുടയപെരുമാളിനായി നടത്തുന്നതാണ്. എട്ടുദിവസത്തെ ഉത്സവമാഹാത്മ്യം ഉലകുടയപെരുമാളിന്റെ ജീവിതകഥ അനുസ്മരിപ്പിക്കുന്നതാണ്. ദേവീഭക്തനായിരുന്ന ഉലകുടയ പെരുമാളിന് ദേശക്കാര്‍ നടത്തുന്ന ഉത്സവമാണ് ഊരൂട്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: