ആലപ്പുഴ : ബിജെപി നേതാവും ഒബിസി മോര്‍ച്ച സെക്രട്ടറിയുമായിരുന്ന രണ്‍ജീത് ശ്രീനിവാസന്റെ കൊലപാതകവുമായി ബന്ധപ്പെട്ട അക്രമി സംഘത്തിന്റെ വിവരങ്ങള്‍ പോലീസിന് ലഭിച്ചു. അക്രമികളുടെ നിര്‍ണ്ണായക സിസിടിവി ദൃശ്യങ്ങളാണ് പോലീസിന് ലഭിച്ചത്. ആറ് ബൈക്കുകളിലായി നിര്‍ണായക സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് കിട്ടി. രണ്‍ജീത് ശ്രീനിവാസന്റെ വീട്ടിലേക്ക് അക്രമിസംഘം ബൈക്കുകളിലായി ഹെല്‍മറ്റ് ധരിച്ച് പോകുന്നതും തിരികെ വരുന്നതുമായ സിസിടിവി ദൃശ്യങ്ങളാണ് കിട്ടിയത്.
പ്രദേശത്തെ സിസിടിവികള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് അക്രമികളെ കുറിച്ചുള്ള വിവരങ്ങള്‍ പോലീസിന് ലഭിച്ചത്. ആറ് ബൈക്കുകളിലായി 12 പേരടങ്ങുന്ന സംഘത്തിന്റെ ദൃശ്യങ്ങളാണ് ലഭിച്ചിരിക്കുന്നത്. കൃത്യം രാവിലെ 6.59-നാണ് ഈ ദൃശ്യങ്ങള്‍ പതിഞ്ഞിരിക്കുന്നത്. ആലപ്പുഴ സൗത്ത് പോലീസ് സ്റ്റേഷന്റെ ഇരുന്നൂറ്റമ്പത് മീറ്റര്‍ മാത്രം അകലെയാണ് ഈ അക്രമം അരങ്ങേറിയത്. ഇത് പോലീസിനെ പ്രതിരോധത്തിലാക്കുന്നുണ്ട്.
എന്നാല്‍ അക്രമി സംഘങ്ങളില്‍ അക്രമികളില്‍ പലരും തലയില്‍ ഹെല്‍മറ്റ് ധരിച്ചിട്ടുണ്ട്. മാസ്ക് വച്ചിട്ടുണ്ട്. കൂടാതെ ചിലര്‍ മുഖത്ത് തുണി കൊണ്ട് കെട്ടിയിട്ടുമുണ്ട്. ചിലര്‍ തൊപ്പി വച്ചിട്ടുമുണ്ട്. ഇവരെല്ലാം കൃത്യമായി തിരിച്ചറിയാന്‍ പറ്റാത്ത വിധം ആസൂത്രണത്തോടെയാണ് അക്രമിസംഘം വന്നതും പോയതും. അതുകൊണ്ടു തന്നെ ആക്രമണത്തിന് പിന്നില്‍ കൃത്യമായ ഗൂഢാലോചന നടന്നിട്ടുണ്ടെന്നാണ് സൂചന.
ഇവര്‍ കടന്ന് പോയ സമയത്ത് പ്രഭാതസവാരിക്ക് ഇറങ്ങിയ ചിലര്‍ റോഡിലുണ്ടായിരുന്നു. അതില്‍ മുന്‍ കൗണ്‍സിലര്‍ അടക്കമുള്ളവരുണ്ട്. ഒരു സംഘം തുടരെത്തുടരെ പോകുന്നത് കണ്ടപ്പോള്‍ അസ്വാഭാവികത ഉണ്ടായിരുന്നുവെന്നും, പക്ഷേ, തൊട്ടടുത്താണ് മുന്‍സിപ്പല്‍ സ്റ്റേഡിയം എന്നതിനാല്‍ അവിടെ കളിക്കാന്‍ രാവിലെ പോകുന്ന കുട്ടികളാരെങ്കിലും ആയിരിക്കുമെന്നാണ് പ്രദേശവാസികള്‍ കരുതിയത്. തുടര്‍ന്ന് രഞ്ജിത്തിന്റെ വീട്ടില്‍ നിന്ന് നിലവിളി ശബ്ദം കേള്‍ക്കുകയും ആളുകള്‍ ഓടിക്കൂടിയ ശേഷമാണ് ഇങ്ങനെയൊരു അക്രമത്തിനാണ് ഇവര്‍ വന്നതെന്ന് വ്യക്തമാകുന്നത്.
അതിനിടെ രണ്ട് കൊലപാതകങ്ങളുമായി ബന്ധപ്പെട്ട് 50 പേര് കസ്റ്റഡിയിലുണ്ടെന്ന് ഐജി ഹര്‍ഷിത അട്ടല്ലൂരി മാധ്യമങ്ങളോട് പറഞ്ഞു. സംഭവത്തില്‍ അറസ്റ്റ് ഉടന്‍ ഉണ്ടാകും. ഇനി അക്രമം ഉണ്ടായാല്‍ കര്‍ശനനടപടി ഉണ്ടാകുമെന്നും, പോലീസിന്റെ ഭാഗത്ത് നിന്ന് വീഴ്ച ഉണ്ടായിട്ടില്ലെന്നും അവര്‍ വ്യക്തമാക്കുന്നു. സിസിടിവി ദൃശ്യങ്ങള്‍ നിര്‍ണായകമാണെന്നും അക്രമികള്‍ സഞ്ചരിച്ച വാഹനത്തിന്റെ വിവരങ്ങളടക്കമുള്ളവ ഇതിന്റെ അടിസ്ഥാനത്തില്‍ ശേഖരിക്കുമെന്നും പോലീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: