കൊല്‍ക്കൊത്ത: കൊല്‍ക്കൊത്തയില്‍ നടക്കുന്ന തദ്ദേശഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ നാടന്‍ ബോംബെറിഞ്ഞ് വോട്ട് ചെയ്യാനെത്തുന്ന സാധാരണക്കാരെ ഭയപ്പെടുത്തി തുരത്തുകയാണ് തൃണമൂല്‍ പ്രവര്‍ത്തകരെന്ന് ബിജെപി.
വോട്ടെടുപ്പ് നടന്നുകൊണ്ടിരിക്കെ ഖന്ന ഹൈസ്കൂളിന് സമീപമുള്ള പോളിംഗ് ബൂത്തില്‍ അഞ്ജാതരായ അക്രമികള്‍ നാടന്‍ബോംബെറിഞ്ഞ് സാധാരണക്കാരായ വോട്ടര്‍മാരെ വിരട്ടിയതായി കൊല്‍ക്കൊത്ത ഡപ്യൂട്ടി പൊലീസ് കമ്മീഷണര്‍ പ്രിയബ്രത റോയ് പറഞ്ഞു. ഇതുവരെ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. തൃണമൂല്‍ അക്രമികളാണ് ബോംബേറിന് പിന്നിലെന്ന് ബിജെപി ആരോപിച്ചു.
മമത ബാനര്‍ജി സര്‍ക്കാര്‍ തെരഞ്ഞെടുപ്പ് അട്ടിമറിയ്ക്ക് ശ്രമിക്കുകയാണെന്ന് ബിജെപി ദേശീയ വക്താവ് അമിത് മാളവ്യ ആരോപിച്ചു. ഇതിന് തെളിവായി ബിജെപി പ്രവര്‍ത്തകരെ കൊല്‍ക്കത്ത പൊലീസ് അക്രമിക്കുന്ന വീഡിയോ ദൃശ്യവും തൃണമൂല്‍ ഗുണ്ടകള്‍ ബിജെപി പ്രവര്‍ത്തകെര ആക്രമിക്കുന്ന ദൃശ്യവും അമിത് മാളവ്യ ട്വിറ്ററില്‍ പങ്കുവെച്ചു. സിസിടിവി ക്യാമറകളില്‍ പതിഞ്ഞ കൊല്‍ക്കത്തയിലെ 36-ാം വാര്‍ഡില്‍ നിന്നുള്ള വീഡിയോ ദൃശ്യങ്ങളാണ് ഒരു ട്വീറ്റില്‍ അമിത് മാളവ്യ പങ്കുവെച്ചിരിക്കുന്നത്.
‘കൊല്‍ക്കൊത്ത തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്ലാ പോളിംഗ് ബൂത്തുകളിലും സിസിടിവിക്യാമറകള്‍ സ്ഥാപിക്കണമെന്ന് കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ തൃണമൂല്‍ കോണ്‍ഗ്രസ് ഗുണ്ടകള്‍ എല്ലാ ക്യാമറകളും സ്റ്റിക്കറുകള്‍ പതിച്ച് പ്രവര്‍ത്തനരഹിതമാക്കി. തൃണമൂല്‍ ഗുണ്ടകളുടെ ഈ അതിക്രമം തടയാന്‍ ബംഗാള്‍ തെരഞ്ഞെടുപ്പ് കമ്മീഷന് എന്താണ് ചെയ്യുന്നത്? ഇത് കോടതിവിധിയുടെ നഗ്നമായ ലംഘനമാണ്,’- ട്വീറ്റിനൊപ്പം പങ്കുവെച്ച കുറിപ്പില്‍ അമിത് മാളവ്യ പറഞ്ഞു.
പൊലീസ് ബിജെപി സ്ഥാനാര്‍ത്ഥി ബ്രജേഷ് ജാ ഉള്‍പ്പെടെയുള്ളവരെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങളാണ് മറ്റൊരു ട്വീറ്റില്‍ അമിത് മാളവ്യ പങ്കുവെച്ചിരിക്കുന്നത്. ബിജെപി ബൂത്ത് ഏജന്റുമാരെ തൃണമൂല്‍ ഗുണ്ടകള്‍ വിരട്ടുമ്പോള്‍ കൊല്‍ക്കൊത്ത പൊലീസ് മിണ്ടാതെ നോക്കിനില്‍ക്കുകയാണെന്നും അമിത് മാളവ്യ പറയുന്നു.
പോളിംഗ് ബൂത്തിന് മുന്നില്‍ വന്‍പൊലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്. ജനങ്ങള്‍ വോട്ട് ചെയ്യാതിരിക്കാന്‍ തൃണമൂല്‍ പ്രവര്‍ത്തകരാണ് അക്രമം ആസൂത്രണം ചെയ്തതെന്ന് സിപിഎം സ്ഥാനാര്‍ത്ഥി മൗഷുമി ഘോഷ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: