തിരുവനന്തപുരം; നൂറ്റാണ്ടുകള്‍ക്ക് മുന്‍പേ തിരുവിതാംകൂര്‍ രാജകുംടുംബത്തിന് ബാലരാമപുരം കൈത്തറിയുമായി ആത്മബന്ധമാണ് ഉള്ളതെന്ന് കവടിയാര്‍ കൊട്ടാരത്തിലെ അംഗങ്ങള്‍ പറഞ്ഞു. ബാലരാമപുരം കൈത്തറിയെക്കുറിച്ച് രാജ്യാന്തര പ്രശസ്ത ഫാഷന്‍ ഡിസൈനറും, മൂവി മേക്കറുമായ സഞ്ജന ജോണ്‍ നിര്‍മ്മിക്കുന്ന ഡോക്യുമെന്ററി ചിത്രീകരണത്തിന്റെ ഭാഗമായി കൊട്ടാരത്തില്‍ എത്തിയപ്പോഴാണ് രാജകുടുംബാഗങ്ങള്‍ തങ്ങളുടെ ബാലരാമപുരം കൈത്തറിയുടെ അനുഭവങ്ങള്‍ പങ്ക് വെച്ചത്.
1798-1810 കാലഘട്ടത്തില്‍ ജീവിച്ചിരുന്ന ശ്രീ പത്ഭനാഭ ദാസ മഹാരാജ അവിട്ടം തിരുനാള്‍ ബാലരാമവര്‍മ്മയാണ് ബാലരാമപുരത്തെ നെയ്ത്തുകാര്‍ക്ക് കൊട്ടാരത്തിലേക്ക് വസ്ത്രങ്ങള്‍ നെയ്യുന്നതിന് വേണ്ടി പ്രത്യേകം തറികള്‍ എത്തിച്ചത്. പരിവട്ടത്തറി എന്ന് പേരുള്ള ഈ പ്രത്യേക തറികളില്‍ നെയ്ത വസ്ത്രങ്ങളായിരുന്നു അന്ന് കൊട്ടാരത്തില്‍ എത്തിച്ചിരുന്നത്. കൊട്ടാരത്തിലേക്ക് വേണ്ടി പ്രത്യേക തരത്തിലുള്ള വസ്ത്രങ്ങളും അവിടെ നിന്നും നെയ്ത് എത്തിച്ചിരുന്നു. പണ്ടത്തെപ്പോലെ തന്നെ ഇപ്പോഴും ബാലരാമപുരത്ത് നിന്നും കൊട്ടാരത്തിലേക്ക് ഇപ്പോഴും വസ്ത്രങ്ങള്‍ കൊണ്ട് വരുന്നുണ്ടെന്നും രാജകുടുംബാഗങ്ങളായ പൂയം തിരുനാല്‍ ഗൗരി പാര്‍വ്വതി ഭായി, അശ്വതി തിരുനാല്‍ ഗൗരി ലക്ഷ്മി ഭായി, പൂരുട്ടാതി തിരുനാല്‍ മാര്‍ത്താണ്ഡ വര്‍മ്മ, അവിട്ടം തിരുനാള്‍ ആദിത്യവര്‍മ്മ എന്നിവര്‍ പറഞ്ഞു.
ബാലരാമപുരം കൈത്തറികള്‍ മികച്ചതെന്ന് പറയുന്നത് രാജ പാരമ്പര്യം കൊണ്ട് മാത്രമല്ല. അതിന്റെ ഗുണമേന്മയും പ്രത്യേക ഘടകമാണ്. കേരളത്തിലെ ഏത് കാലവസ്ഥയ്ക്കും അനുയോജ്യമായ രീതിയുള്ള വസ്ത്രങ്ങളാണ് ബാലരാമപുരം കൈത്തറിയില്‍ നിന്നും ലഭിച്ചിരുന്നത്. നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് തന്നൈ രാജകുടുംബ അംഗങ്ങള്‍ ബാലരാമപുരം കൈത്തറി ഉപയോഗിച്ചിരുന്നതിന്റെ തെളിവുകള്‍ കൊട്ടാരത്തിലെ ആദ്യകാല തമ്പുരാക്കന്മാരുടേയും, തമ്പുരാട്ടിമാരുടേയും ചിത്രങ്ങള്‍ ചൂണ്ടിക്കാട്ടി പൂയം തിരുനാല്‍ ഗൗരി പാര്‍വ്വതി ഭായി പറഞ്ഞു.
ശ്രീ പത്ഭനാഭ ദാസ മഹാരാജ അവിട്ടം തിരുനാള്‍ ബാലരാമവര്‍മ്മ നെയ്ത്തുകാരെ ബാലരാമപുരത്ത് കൊണ്ട് വരുന്നതിന് മുന്‍പ് തന്നെ തലമുറകളായി അവര്‍ ഈ നെയ്ത്ത് ജോലിയില്‍ കഴിവ് തെളിയിച്ചിരുന്നവരാണ്. അതിനാല്‍ അത്രയേറെ പഴക്കം ഈ വ്യവസായത്തിന് ഉള്ളതായും രാജകുടുംബാംഗങ്ങള്‍ വ്യക്തമാക്കി.
കേന്ദ്ര സഹമന്ത്രി, വി,മുരളീധരന് , സിസ്സ ജനറല്‍ സെക്രട്ടറി ഡോ. സുരേഷ് കുമാര്‍ ,സി, ബാലരാമപുരം കൈത്തറി വികസന പദ്ധതിയുടെ പ്രോജക്ട് ഹെഡ് കെ മുരളി കുമാര്‍, വീവേഴ്സ് വില്ലേജ് ഫൗണ്ടര്‍ ശോഭ വിശ്വനാഥ് , ഗായത്രി തുടങ്ങിയവരും സന്നിഹിതരായിരുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: