തിരുവല്ല: എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷയ്ക്ക് ഫോക്കസ് ഏരിയ നിശ്ചയിച്ച സാഹചര്യത്തില്‍ ഈ വര്‍ഷവും മാര്‍ക്ക് ദാനത്തിന് കളമൊരുങ്ങുന്നതായി വിദ്യാഭ്യാസ വിദഗ്ധര്‍. പൊതുപരീക്ഷകള്‍ക്ക് ആകെയുള്ള പാഠഭാഗത്തിന്റെ 60 ശതമാനം ഭാഗങ്ങള്‍ ഫോക്കസ് ഏരിയയില്‍ ഉള്‍പ്പെടുത്താനാണ് നിര്‍ദ്ദേശം. പരീക്ഷയുടെ 70 ശതമാനം മാര്‍ക്കിനുള്ള ചോദ്യങ്ങളും ഫോക്കസ് ഏരിയായില്‍ നിന്നായിരിക്കും. തെരഞ്ഞെടുത്ത് എഴുതാനായി 50 ശതമാനം മാര്‍ക്കിനുള്ള ചോദ്യം അധികമായി നല്‍കും. ഏതെക്കെയാണ് ഫോക്കസ് ഏരിയയില്‍ ഉള്‍പ്പെടുത്തുന്ന പാഠഭാഗങ്ങള്‍ 24-ാം തീയതിയോടെ അറിയാം.
അതേസമയം, ഫോക്കസ് ഏരിയ നിശ്ചയിച്ചത് വിഷയ വിദഗ്ധരുമായി ചര്‍ച്ച ചെയ്യാതെയാണെന്ന് ആരോപണം ഉയര്‍ന്നു. പകരം എസ്സിഇആര്ടി ഏകപക്ഷീയമായാണ് തീരുമാനിക്കുന്നതെന്നാണ് ഒരു വിഭാഗം അധ്യാപക സംഘടനകള്‍ പറയുന്നത്. പാഠഭാഗങ്ങളുടെ തുടര്‍ച്ച നഷ്ടപ്പെടുന്നതായും ഇത് വിദ്യാര്‍ഥികളുടെ നിലവാരത്തെ പ്രതികൂലമായി ബാധിക്കുന്നതായും അധ്യാപകര്‍ പറയുന്നു. അശാസ്ത്രീയമായ രീതിയില്‍ പാഠഭാഗങ്ങള്‍ തെരഞ്ഞെടുക്കപ്പെടുമ്പോള്‍ അത് മാത്രം പഠിക്കുന്ന കുട്ടികള്‍ അഖിലേന്ത്യാ പരീക്ഷകളില്‍ പിന്നാക്കം പോകുന്നതായും അവര്‍ പറയുന്നു.
എന്നാല്‍, 80 ശതമാനത്തിന് മുകളില്‍ മാര്‍ക്ക് പ്രതീക്ഷിക്കുന്ന കുട്ടികള്‍ക്ക് ഫോക്കസ് ഏരിയ പഠിച്ചു പാസായാല്‍ പ്രതീക്ഷിക്കുന്ന മാര്‍ക്ക് ലഭിക്കില്ല. തെരഞ്ഞെടുത്ത് എഴുതാനായി 50 ശതമാനം മാര്‍ക്കിനുള്ള ചോദ്യം അധികമായിട്ടുണ്ടെന്നത് മാത്രമാണ് ആശ്വാസം. ഇത്തരമൊരു സാഹചര്യത്തില്‍ മൂല്യനിര്‍ണ്ണയത്തില്‍ മുന്‍ വര്‍ഷത്തേത് പോലെ ഉദാര സമീപനം തന്നെ സ്വീകരിക്കാനാണ് സാധ്യതയെന്നും വിദ്യാഭ്യാസ രംഗത്തുള്ളവര്‍ പറയുന്നു.
അതേസമയം, മാര്‍ച്ചില്‍ പരീക്ഷ നടത്താന്‍ കഴിയുമോ എന്ന കാര്യത്തില്‍ ഇപ്പോഴും അനിശ്ചിതത്വമുണ്ട്. പ്ലസ് വണ്‍ പരീക്ഷയ്ക്കായി ആഴ്ചകളോളം ക്ലാസ് നിര്‍ത്തി വയ്ക്കേണ്ടി വന്നതിനാല്‍ പ്ലസ്ടുവിന്റെ പാഠഭാഗങ്ങളുടെ പകുതി പോലും കഴിഞ്ഞിട്ടില്ല. പ്രാക്ടിക്കല്‍ ക്ലാസുകളിലും അനിശ്ചിതത്വമുണ്ട്. കൂടാതെ ജനുവരിയില്‍ പ്ലസ് വ്ണ്‍ ഇംപ്രൂവ്മെന്റ് പരീക്ഷയും വരുന്നുണ്ട്. കഴിഞ്ഞ വര്‍ഷം മുഴുവന്‍ ഓണ്‍ലൈന്‍ ക്ലാസുകളായതിനാല്‍ പാഠഭാഗങ്ങളുടെ 40 ശതമാനം ആണ് ഫോക്കസ് ഏരിയയായി നിശ്ചയിച്ചത്. ഈ ഭാഗങ്ങള്‍ മാത്രം പഠിച്ചാലും മുഴുവന്‍ മാര്‍ക്ക് ലഭിക്കുന്ന തരത്തിലായിരുന്നു ചോദ്യപേപ്പര്‍ തയ്യാറാക്കിയത്. ഈ വര്‍ഷം അത്തരമൊരു സമീപനം ഇല്ലെങ്കിലും വിജയശതമാനത്തില്‍ കുറവ് സംഭവിക്കാതെയിരിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുമെന്ന കാര്യത്തില്‍ സംശയമില്ലെന്നാണ് അധ്യാപക സംഘടനകള്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: