കൊച്ചി : ബിരുദ പരീക്ഷ പാസാകാതെ പ്രവേശന പരീക്ഷയെഴുതി പിജിക്ക് പ്രവേശനം നേടിയവരെ കാലടി സര്‍വ്വകലാശാലയില്‍ നിന്നും പുറത്താക്കും. ബിരുദമില്ലാതെ എംഎയ്‌ക്ക് പ്രവേശനം നേടിയത് വിവാദമായതിന്റെ പശ്ചാത്തലത്തിലാണ് നടപടി. തിങ്കളാഴ്ച തന്നെ അത്തരം വിദ്യാര്‍ത്ഥികളുടെ വിവരം കൈമാറാന്‍ വൈസ് ചാന്‍സലര്‍ വിവിധ വകുപ്പ് അധ്യക്ഷന്മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
നിലവില്‍ ഒന്ന് മുതല്‍ അഞ്ച് സെമസ്റ്റര്‍ വരെ ബിരുദ പരീക്ഷ വിജയിച്ചവര്‍ക്കേ എംഎ പ്രവേശന പരീക്ഷക്ക് അപേക്ഷിക്കാന്‍ കഴിയുകയുള്ളൂ. ആറാം സെമസ്റ്റര്‍ പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്നവര്‍ക്കും പ്രവേശന പരീക്ഷ എഴുതാം. ഇവര്‍ മൂന്ന് മാസത്തിനകം യോഗ്യത സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. എന്നാല്‍ തോറ്റവര്‍ക്കും കാലടി സര്‍വകലാശാലയില്‍ പ്രവേശനം നല്‍കി എന്ന ആരോപണമാണ് ഉയര്‍ന്നത്. ഇത്തരത്തില്‍ പ്രവേശനം നേടിയ വിദ്യാര്‍ത്ഥികളുടെ വിവരങ്ങള്‍ തിങ്കളാഴ്ച ഉച്ചക്ക് ഒരു മണിക്ക് മുമ്പ് വിവരം നല്‍കാനാണ് നിര്‍ദ്ദേശം.
അതേസമയം അഞ്ചാം സെമസ്റ്റര്‍ വിജയിച്ചവരാണ് പ്രവേശന പരീക്ഷ എഴുതിയതെന്നായിരുന്നു കഴിഞ്ഞ ദിവസം സര്‍വകലാശാല അധികൃതര്‍ വിശദീകരണം നല്‍കിയിരിക്കുന്നത്. അതേസമയം ആറാം സെമസ്റ്റര്‍ പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്നവര്‍ മൂന്ന് മാസത്തിനകം യോഗ്യത സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. ഇതനുസരിച്ച് ഈ മാസം 31നകം ഫൈനല്‍ മാര്‍ക്ക് ഷീറ്റോ ബിരുദ സര്‍ട്ടിഫിക്കറ്റോ നല്‍കാത്തവരുടെ അഡ്മിഷന്‍ റദ്ദാക്കാനും ഇത് ഉറപ്പു വരുത്താനും വിസി കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ഇക്കാര്യം കര്‍ശനമായി പാലിക്കാന്‍ പ്രൊഫസര്‍ ഇന്‍ ചാര്‍ജ്ജ് ഓഫ് എക്‌സാമിനേഷന്‍ വകുപ്പ് അധ്യക്ഷന്മാരോടും പ്രാദേശിക കേന്ദ്രം ഡയറക്ടര്‍മാരോടും ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: