ഡോ. ആര്. ഗോപിനാഥന്
കേരളത്തിലെ ഉന്നതവിദ്യാഭ്യാസ മേഖല സാര്‍വത്രികമായ ജീര്‍ണത നേരിടുന്നു. കേരളത്തില്‍ മാറി മാറി വരുന്ന സര്‍ക്കാരുകളുടെ വീക്ഷണമില്ലായ്മ, ഭരണകക്ഷിയിലെ ഭാഗ്യാന്വേഷികള്‍ക്ക് മേഞ്ഞുനടക്കാനുള്ള മേച്ചില്പ്പുറങ്ങളെന്നതിനപ്പുറം ഉന്നത വിദ്യാഭ്യാസത്തിന്റെ പ്രാധാന്യത്തെക്കുറിച്ചുള്ള അജ്ഞതയും അവഗണനയുമാണ് ഇതിന് കാരണം. സിന്ഡിക്കേറ്റുകളും വൈസ് ചാന്‍സലര്‍മാരുമെല്ലാം വിദ്യാഭ്യാസ മൂല്യത്തെക്കാള്‍ പാര്ട്ടിതാല്പ്പര്യത്തിന്റെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുക്കപ്പെടുന്നവരാണ്. ഉന്നതവിദ്യാഭ്യാസത്തിന്റെ നിലവാരത്തകര്‍ച്ച നിസ്സാരമായി കാണുന്നത് അപകടകരമായ അവസ്ഥയിലേക്കാണ് കേരളത്തെ കൊണ്ടെത്തിച്ചിരിക്കുന്നത്. സര്‍വ്വകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനം കൂടി മുഖ്യമന്ത്രി വഹിക്കുന്നതിന് വേണ്ട നിയമഭേദഗതി ചെയ്യുന്നതാണ് നല്ലതെന്ന് മുഖ്യമന്ത്രിക്ക് കത്തെഴുതുന്നതിന് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാനെ പ്രേരിപ്പിച്ചതും ശോചനീയമായ ഈ ഗതികേടാണ്. പക്ഷെ, അതുകൊണ്ടൊന്നും ഏതെങ്കിലുമൊരു തിരുത്ത് സര്‍ക്കാരിന്റെയും സര്‍വ്വകലാശാലകളുടെയും ഭാഗത്ത് നിന്നുണ്ടാകുമെന്ന് കരുതാന്‍ വയ്യ. കാരണം, ശരികളെല്ലാം തെറ്റാണെന്നും തെറ്റുകള്‍ മാത്രമാണ് ശരിയെന്നും വിശ്വസിക്കുന്നവരുടെ വിഭ്രാന്തമായ മാനസികാവസ്ഥയുടെ തടവറയിലാണ് ഇപ്പോള്‍ കേരളത്തിന്റെ ഭരണയന്ത്രം ചലിക്കുന്നത്. അധികാരമാണ് ശരിയുടെ ഏക മാനദണ്ഡമായി കരുതുന്നത്. നിയമനങ്ങള്‍ എല്ലാം സര്‍ക്കാരിന്റെയോ പാര്‍ട്ടിയുടെയോ നിര്ദേശമനുസരിച്ചായതിനാല് ഉന്നതമായ മൂല്യധാരണയുടെ എല്ലാ മാനദണ്ഡങ്ങളും അധികാരഹുങ്കിന്റെ ഭ്രാന്തമായ ചവിട്ടേറ്റ് തകര്‍ന്ന് തരിപ്പണമാകുന്നു.
ഉന്നത വിദ്യാഭ്യാസ മേഖലയിലെ പാര്‍ട്ടി വിളയാട്ടം ഇന്നലെയോ ഇന്നോ തുടങ്ങിയതല്ല. ജാതിയും മതവും പാര്‍ട്ടിയും നോക്കി വിസിമാരെ നിയമിക്കുന്നത് ഇപ്പോള്‍ ബന്ധപ്പെട്ടവരുടെ അവകാശമായി മാറിയിട്ടുണ്ട്. വിസി സ്ഥാനം ഉണ്ടാകുമ്പോള്‍ത്തന്നെ ഓരോ മതവും പാര്‍ട്ടിയും ആ സ്ഥാനം തങ്ങള്‍ക്കവകാശപ്പെട്ടതാണെന്ന് പ്രഖ്യാപിക്കുന്ന അപമാനകരമായ സാഹചര്യമാണ് കേരളത്തിലുള്ളത്. അപേക്ഷകരുടെ യോഗ്യതയ്ക്കനുസരിച്ച് മാനദണ്ഡങ്ങള്‍ വരെ മാറ്റുന്നു. പഠന ഗ്രന്ഥങ്ങള്‍ തിരഞ്ഞെടുക്കുന്നതും ചോദ്യമുണ്ടാക്കുന്നതും ഇതേ മാനദണ്ഡമനുസരിച്ചാണ്. സിലബസ് നിശ്ചയിക്കുന്നതില്‍ പാര്‍ട്ടി താല്‍പ്പര്യം ആധിപത്യം വഹിക്കുന്നതിനാല്‍ അവയുടെ വിശ്വാസ്യതയും ആധികാരികതയും ചോര്‍ന്നുപോയി. പരീക്ഷാര്‍ഥി ചോദ്യത്തിന് ഉത്തരമെഴുതാന്‍ ശ്രമിച്ചതായി തോന്നുകയാണെങ്കില്‍ ജയിക്കാനുള്ള മാര്‍ക്ക് കൊടുക്കണമെന്ന കേരള സര്‍വ്വകലാശാലയുടെ നിര്‍ദേശം അനുസരിക്കാതെ, ഉത്തരം എഴുതിയിട്ടുണ്ടെങ്കിലേ മാര്‍ക്ക് കൊടുക്കൂ എന്ന് ശഠിച്ചതിനാല്‍ മൂല്യനിര്‍ണയത്തില്‍ നിന്ന് എന്നെ ഒഴിവാക്കി. വിദ്യാര്‍ഥി നേതാക്കളെ പരീക്ഷാഹാളില്‍ കോപ്പിയടിക്കാനനുവദിക്കില്ലെന്ന് കര്‍ശനമായി പറഞ്ഞതിനാല്‍ നിരീക്ഷണജോലിയില് നിന്നും ഒഴിവാക്കിയ അനുഭവവുമുണ്ട്. കോളജുകളിലെ അവിശുദ്ധ കൂട്ടുകെട്ടിനെതിരെ പ്രതികരിച്ചതിനാല്‍ ഇടത് സര്‍ക്കാരുകള്‍ വരുമ്പോഴൊക്കെ സ്ഥലംമാറ്റമോ, സസ്പെന്‍ഷനോ ഉറപ്പായിരുന്ന ചരിത്രവുമുണ്ട്.
സര്‍ക്കാര്‍ കോളജുകളില്‍ ആദ്യമായി തിരുവനന്തപുരം ആര്‍ട്സ് കോളജില്‍ എനിക്ക് ലഭിച്ച മേജര്‍ യുജിസി പ്രോജക്റ്റ് തകര്‍ക്കാന്‍ കോളജ് വിദ്യാഭ്യാസ ഡയറക്ടറെയും കൂട്ടുപിടിച്ച് സംഘടനാ നേതാവായിരുന്ന പ്രിന്‍സിപ്പല്‍ നടത്തിയ ശ്രമം വിഫലമാക്കിയപ്പോഴേക്കും നഷ്ടപ്പെട്ടത് ഏതാണ്ട് എട്ട് മാസത്തെ സര്‍വീസാണ്. സര്‍വ്വകലാശാലകളും സംഘടനാപ്രവര്‍ത്തകരായ അദ്ധ്യാപകരും വിദ്യാര്‍ഥി നേതാക്കളും സര്‍വീസ് സംഘടനകളുമെല്ലാം ചേര്‍ന്ന ഒരു ദൂഷിതവലയം ഉന്നത വിദ്യാഭ്യാസത്തിന്റെ അടിത്തറ തകര്‍ക്കുന്നത് കേരളത്തില്‍ അലിഖിത നിയമമായിട്ടുണ്ട്. അതുകൊണ്ട് സര്‍വകലാശാലകളില്‍ അദ്ധ്യാപകരെ നിയമിക്കുന്നതില്ത്തന്നെ പാര്‍ട്ടിക്കാരുടെ സാന്നിധ്യം ഉറപ്പാക്കാനായി അര്‍ഹത നിരസിക്കപ്പെടുന്നു. കേരള പിഎസ്സി, കോളജുകളില്‍ മലയാളം അദ്ധ്യാപകരെ തിരഞ്ഞെടുക്കാനായി നടത്തിയ ഒരു പരീക്ഷയില്‍ (2009 ലോ 10 ലോ ആണെന്നാണ് ഓര്‍മ്മ) 12 തെറ്റുത്തരമെഴുതിയവര്‍ തെരഞ്ഞെടുക്കപ്പെടുകയും ശരി ഉത്തരമെഴുതിയവര്‍ ലിസ്റ്റിന് പുറത്താകുകയും ചെയ്തതിന്റെ ഫലമായി, ഒരു വാക്യം തെറ്റുകൂടാതെ എഴുതാന്‍ കഴിയാത്തവരില്‍ പലരും കോളജദ്ധ്യാപകരായി. വിചിത്രമായ ന്യായം പറഞ്ഞ് നീതിന്യായവ്യവസ്ഥയുടെ പരിരക്ഷപോലും ശരിയുത്തരമെഴുതിയവര്ക്ക് നിഷേധിക്കപ്പെട്ടു.
ഇത്തരം വൈകല്യങ്ങള്‍ പരിതാപകരമാക്കുന്നത് ഗവേഷണ രംഗങ്ങളെയാണ്. ആണ്ടുതോറും ധാരാളം പിഎച്ച്ഡികള്‍ ഉത്പാദിപ്പിക്കപ്പെടുന്നുണ്ടെങ്കിലും ഉത്തമമെന്ന് പറയാവുന്ന ഒരു ഗവേഷണ പ്രബന്ധം പോലും കേരളത്തിലെ സര്‍വ്വകലാശാലകളില്‍ അടുത്ത കാലത്തൊന്നും ഉണ്ടായിട്ടില്ല. കോഴിക്കോട് സര്‍വ്വകലാശാല കുംഭാരന്‍ സമുദായത്തെപ്പറ്റി ഒന്നില്‍ നിന്ന് പകര്‍ത്തി വച്ച ആറ് പ്രബന്ധങ്ങള്‍ക്ക് പിഎച്ച്ഡി ബിരുദം നല്‍കിയിട്ടുണ്ടെന്നാണ് അറിയുന്നത്. എംജി സര്‍വ്വകലാശാലയില്‍ നിന്ന് ഒരു കുട്ടി എന്റെ സഹായത്തോടെ പിഎച്ച്ഡി എടുത്ത വിഷയത്തിന്റെ ശീര്‍ഷകത്തില്‍ ചെറിയ വ്യത്യാസം വരുത്തി സമര്‍പ്പിച്ചതും, കോഴിക്കോട് സര്‍വ്വകലാശാല അംഗീകരിച്ചതുമായ സിനോപ്സിസ് അഭിപ്രായത്തിനും സഹായത്തിനുമായി എനിക്കയച്ചുതന്നപ്പോള്‍ ഈ വിഷയം എംജിയില്‍ ചെയ്തിട്ടുള്ളതാണല്ലൊ എന്ന് ഞാന്‍ ചൂണ്ടിക്കാണിച്ചിരുന്നു. അതുകൊണ്ടാകാം ആ കുട്ടി പിന്നെ എന്നെ ബന്ധപ്പെട്ടില്ല. കേരളത്തിലെ എല്ലാ സര്‍വ്വകലാശാലകളുടെയും സ്ഥിതിയാണിത്. പോണ്ടിച്ചേരി, ജെഎന്‍യു, തമിഴ്നാട്ടിലെ ചില സര്‍വ്വകലാശാലകള്‍ എന്നിവയില്‍ നിന്നും ബന്ധപ്പെടുന്ന കുട്ടികളുടെ ഉന്നത ധാരണകളുമായി ഇവിടത്തെ ഗവേഷണാവസ്ഥ തട്ടിച്ചുനോക്കുമ്പോള്‍ നമ്മുടെ യൂണിവേഴ്സിറ്റികളെയോര്ത്ത് ലജ്ജതോന്നും. മുഖ്യമന്ത്രിയുടെ പിഎയുടെ ഭാര്യയെയും മറ്റ് പാര്‍ട്ടിക്കാരെയുമെല്ലാം പ്രൊഫസര്മാരാക്കണമെന്ന നിലപാടില്‍ നിന്ന് പിറക്കുന്ന ചാപിള്ളകളില്‍ നിന്ന് കൂടുതലെന്ത് പ്രതീക്ഷിക്കാനാണ്?
യുജിസി ചട്ടങ്ങള്‍ പാലിക്കാത്തതിനാല്‍ ഇവിടെ കൃത്യമായി അദ്ധ്യാപക നിയമനം നടക്കുന്നില്ലെന്ന് ഗവര്‍ണര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ടല്ലോ. കാര്യവട്ടം മലയാള വിഭാഗത്തില്‍ നിന്ന് പെന്ഷന് പറ്റിയ ബന്ധുക്കളായ രണ്ടദ്ധ്യാപകര്‍ ഒരു ലജ്ജയുമില്ലാതെ, ജോലി കാത്തിരിക്കുന്നവരുടെ അവസരം തടഞ്ഞുകൊണ്ട്, കരാറുകാരായി വര്‍ഷങ്ങളായി അവിടെത്തുടരുന്നതിനിടെ ഒരാള്‍ മരണപ്പെട്ടു. മറ്റേയാള്‍ ഇപ്പോഴും തുടരുന്നതായാണ് അറിവ്. ഇങ്ങനെ സിന്‍ഡിക്കേറ്റിനെയും വിസിയെയും അവിഹിതമായി സ്വാധീനിച്ച് അര്‍ഹരായ തൊഴിലന്വേഷകരുടെ വഴി തടയുന്നതിന് പിന്നിലുമുണ്ട് പാര്‍ട്ടിയിലുള്ള സ്വാധീനം. കഴിഞ്ഞ കുറെ വര്‍ഷമായി സര്‍വ്വകലാശാലകളില്‍ നടന്ന അദ്ധ്യാപക നിയമനങ്ങളെല്ലാം പാര്‍ട്ടിനേതാക്കളുടെ ബന്ധുക്കള്ക്കാണെന്ന പരാതി ശക്തമാണ്. എങ്കിലും സര്‍വ്വകലാശാലകളെ സര്‍ക്കാരിന്റെ വകുപ്പുകളായിത്തന്നെയാണ് കൈകാര്യം ചെയ്യുന്നത്. അതിന് പാകത്തിലുള്ളവരാണ് എല്ലാ വൈസ്ചാന്‍സലര്‍മാരും സിന്ഡിക്കേറ്റുകളും. അതിനാല്‍ സര്‍വ്വകലാശാലകളിലും കോളജുകളിലും പ്രതിഭാധനരായ കുട്ടികളാരും ചേരുന്നില്ല. പകരം പാര്ട്ടിത്തൊഴിലാളികളുടെ പരിശീലനക്കളരിയായി മാറ്റപ്പെടുകയാണ് കോളജ്-സര്‍വ്വകലാശാലാ കാമ്പസുകള്‍. കേരളത്തിലെ സമര്‍ഥരായ കുട്ടികളെല്ലാം സംസ്ഥാനത്തിന് പുറത്തുള്ള ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളിലേക്ക് പോയിത്തുടങ്ങിയിട്ട് കുറച്ചുവര്‍ഷങ്ങളായെങ്കിലും ഇപ്പോള്‍ അവരുടെ ഒഴുക്ക് വളരെ കൂടുതലാണ്.
കേരളത്തിലെ സര്‍വ്വകലാശാലകളില്‍ നിന്ന് കിട്ടുന്ന സര്‍ട്ടിഫിക്കറ്റുകള്‍ക്ക് കേരളത്തിന് പുറത്ത് മാത്രമല്ല, കേരള പിഎസ്സിയില്പ്പോലും പരിഗണന കിട്ടാത്ത സ്ഥിതിയെപ്പറ്റി കേരള സര്‍ക്കാരിന് യാതൊരു ഉത്കണ്ഠയുമില്ലെന്നതാണ് ഏറെ കഷ്ടം. പാര്ട്ടിനോട്ടീസുകളെ ആശ്രയിച്ചുണ്ടാക്കുന്ന പിഎസ്സി ചോദ്യപ്പേപ്പറുകള്‍ സാധാരണമായി. സംസ്ഥാനത്തിന്റെ ഭാവിയെപ്പറ്റി ആകുലപ്പെടാത്ത സര്‍ക്കാര്‍, ഹെലിക്കോപ്റ്റര്‍ വാടകയ്ക്കെടുക്കലും കെ-റയിലും ആറന്മുള വിമാനത്താവളവും ബാറുകളുടെ എണ്ണം കൂട്ടലും പോലെ അടിസ്ഥാനപരമായി പ്രയോജനമില്ലാത്തതും സമൂഹത്തിന് ദോഷകരവുമായ കാര്യങ്ങളിലാണ് അഭിരമിക്കുന്നത്. ഉന്നത വിദ്യാഭ്യാസത്തിന്റെ പ്രാധാന്യവും അതിലനുവര്ത്തിക്കേണ്ട സാമൂഹിക പ്രതിബദ്ധമായ മൂല്യബോധവും കേവലം പാര്ട്ടിതാല്പ്പര്യത്തിന് ബലികൊടുക്കുന്നത് കേരളത്തിലെ അഭ്യസ്തവിദ്യര്‍ക്ക് കേരളത്തിനും ഇന്ത്യയ്ക്കും പുറത്ത് ലഭിക്കേണ്ട സാധ്യതകളെയും തച്ചുടച്ചുകളയുമെന്ന തിരിച്ചറിവ് അധികാരികള്‍ക്കില്ല. ഇതിന്റെ ഫലം വിനാശകരമായിരിക്കും. ഭൂപരിമിതിമൂലം വന്‍കിട വ്യാവസായിക വളര്‍ച്ച സാധ്യമല്ലാതിരിക്കുകയും, ഉചിതമായ ചെറുകിട വ്യവസായങ്ങളുടെ വികാസം മുരടിക്കുകയും വഴിതെറ്റിയ നയം മൂലം കാര്‍ഷികമേഖല തകരുകയും ചെയ്തതിനാല്‍ കേവലം ഉപഭോക്തൃ സംസ്ഥാനമായി മാറിയ കേരളം മുന്‍കാലങ്ങളില്‍ വിദ്യാഭ്യാസപരമായ നേട്ടങ്ങളാലാണ് പിടിച്ചുനിന്നിരുന്നത്.
തിരുവിതാംകൂര്‍ സര്‍വകലാശാലയുടെ വിസിയായി ആല്‍ബര്‍ട്ട് ഐന്‍സ്റ്റീനെ ക്ഷണിച്ച പാരമ്പര്യമുള്ള നാട്ടില്‍ പക്ഷേ, സ്വാതന്ത്ര്യാനന്തരം ഡോ. എ. അയ്യപ്പന് വിസി സ്ഥാനം രാജിവയ്ക്കേണ്ടി വന്നു. വിദ്യാഭ്യാസ മികവിന്റെ അടിത്തറ ഇപ്പോള്‍ പൂര്‍ണ തകര്‍ച്ചയിലേക്കാണ് കൂപ്പുകുത്തുന്നത്. പാര്ട്ടിരാഷ്ട്രീയമല്ലാതെ മറ്റൊന്നും തളിര്‍ക്കുകയും പൂക്കുകയും കായ്ക്കുകയും ചെയ്യാത്ത, സ്വയം പര്യപ്തമല്ലാത്ത സംസ്ഥാനം എക്കാലവും അന്യരെ ആശ്രയിച്ച് ജീവിക്കേണ്ട ഗതികേടിലാണ്. മുന്‍കാലങ്ങളില്‍ ഉയര്ത്തിപ്പിടിക്കാനുണ്ടായിരുന്ന വിദ്യാഭ്യാസപരമായ മഹത്വവും ഇപ്പോള്‍ വകതിരിവില്ലാത്ത നയം മൂലം നഷ്ടപ്പെട്ടിരിക്കുന്നു.
വിശ്വാസ്യത നഷ്ടപ്പെട്ട വിദ്യാഭ്യാസം വ്യാജമാണ്. അത് ഉന്നത താല്പര്യ ബദ്ധമായ മാനദണ്ഡങ്ങളുടെ എല്ലാ പരിധികളും കടന്നിരിക്കുന്നുവെന്ന താക്കീതാണ് ചാന്‍സലര്‍ സ്ഥാനം മുഖ്യമന്ത്രിക്ക് തന്നെ ഇരിക്കട്ടേ എന്ന ഗവര്‍ണറുടെ നിലപാട് നല്‍കുന്നത്. അതിനെ പരിഹാസം കൊണ്ട് നേരിടുന്ന ഭരണാധികാരിയുടെ മനോഭാവം നാട്ടിനും നാട്ടാര്‍ക്കും വേണ്ടിയുള്ളതല്ല. അല്പത്തരത്തിന്റെയും അജ്ഞതയുടെയും അഹങ്കാരമാണതെന്ന് നിസ്സംശയം പറയാം. മാനദണ്ഡങ്ങളും നീതിയും നിരസിക്കുകയും അനര്‍ഹരായവരെ അധികാരത്തില്‍ നിയോഗിച്ച് ഉന്നതവിദ്യാഭ്യാസ മേഖലയും സാംസ്കാരിക സ്ഥാപനങ്ങളും മലിനമാക്കുകയും ചെയ്യുന്നതിന് പിന്നില്‍ സ്വാര്‍ത്ഥ താല്പര്യങ്ങളും ധനമോഹവുമാണുള്ളത്. അത് തിരിച്ചറിയുകയും പ്രതിരോധിക്കുകയും ചെയ്യുന്നുവെന്നതാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് കേരളത്തിന് ചെയ്യുന്ന മഹത്തായ സേവനം. അത് തിരിച്ചറിഞ്ഞ് അദ്ദേഹത്തിന് പിന്നില്‍ ഉറച്ച് നില്‍ക്കുകയാണ് കേരളത്തിലെ ഉന്നത വിദ്യഭ്യാസത്തെ രക്ഷിക്കാനുള്ള ഏക വഴി.
(ഭാഷാപണ്ഡിതനും നിരവധി ഗ്രന്ഥങ്ങളുടെ കര്‍ത്താവുമാണ് ലേഖകന്‍)
9446180218
പ്രതികരിക്കാൻ ഇവിടെ എഴുതുക: