മല്ലിപ്പൂക്കള്‍ വിതാനിച്ച വഴിയോരങ്ങളിലൂടെയുള്ള യാത്രയില്‍ നിറയെ വര്‍ത്തമാനങ്ങളാണ്. വീട്ടില്‍ പുറംപണിക്കെത്തുന്നവര്‍ക്കൊപ്പം ചമ്രം പടിഞ്ഞിരുന്ന് കേട്ടതും പറഞ്ഞതുമായ കഥകളുടെ വര്‍ത്തമാനങ്ങള്‍… നാട്ടിടവഴികളുടെ, പൊട്ടുതൊട്ട സന്ധ്യകളുടെ, കണ്ണില്‍ പ്രണയമൊളിപ്പിച്ചവരുടെ, പറയാന്‍ മടിച്ച് ചിരകാലം ഉള്ളില്‍ പേറിയ രഹസ്യങ്ങളുടെയൊക്കെ നാട്ടുവര്‍ത്തമാനങ്ങള്‍… നമ്മുടെ കഥാലോകത്തുനിന്ന് ഇത്തരം വര്‍ത്തമാനങ്ങള്‍ പടിയിറങ്ങിപ്പോയിട്ട് എത്രയോ കാലമായി… മനുഷ്യജീവിതം ഏകാംഗലോകവിഭ്രമങ്ങളുടെ കാമനകളിലേക്ക് ചുരുണ്ടുകൂടിയ പുതിയ കാലത്ത് ലഹരി പൂക്കുന്ന ജടിലസാഹിത്യം കഥയെ കീഴ്പ്പെടുത്തിയപ്പോഴാണ് വായനക്കാരന് ഈ വര്‍ത്തമാനങ്ങളുടെ നാട്ടുസൗന്ദര്യം നഷ്ടമായത്.
വ്യാഖ്യാനങ്ങളില്‍ ജീവിക്കുന്ന വര്‍ത്തമാനകാല കഥയ്ക്ക് വലിയ തിരുത്താവുകയാണ് വള്ളുവനാടന്‍ കഥകളിലൂടെ ഹൃയം കവരുന്ന രജനിസുരേഷിന്റെ ഈ വര്‍ത്തമാനങ്ങള്‍. കഥാകാരിയുടെ ജന്മനാടായ ത്രാങ്ങാലി എന്ന പേര് തന്നെ ഗൃഹാതുരത ത്രസിക്കുന്ന ഒന്നാണ്. ഈ കഥകളത്രയും പിറന്നത് സ്വപ്നലോകത്തല്ല, പച്ചമണ്ണിലാണെന്ന് വിളിച്ചുപറയുന്നുണ്ട് മല്ലിപ്പൂഗന്ധം വിടര്‍ത്തിയ കഥകളുടെ വഴിയോരങ്ങള്‍.
ചങ്ങമ്പറയനും നല്ലമ്പറച്ചിയും തിയ്യത്തനയും മണ്ണുടയോനും ശൈലാടനും വെള്ളിയാങ്കല്ലിലെ രായിപ്പെണ്ണും വേശുവും ചേറ്റടിയനും ചൊക്കത്തൊടി കറുത്തയുടെ മകന്റെ മകള്‍ കന്നല്ക്കാര്വേണി നീലിയും പുറമ്പോക്കില്‍ ചാള കെട്ടി ജീവിക്കുന്ന കരിമിഴിയാള് മയിലയുമൊക്കെ നിറഞ്ഞ ഇരുപത്തഞ്ച് വര്‍ത്തമാനങ്ങള്‍… പ്രണയവും മരണവും ജീവിതവും തുടിക്കുന്നവ… ഇടവഴികളും മച്ചിന്‍പുറവും ചന്തയും മണ്ചാളകളും അനങ്ങന്മലയുടെ താഴ്വാരവും പടര്‍ന്നു നില്ക്കുന്ന പടല്ക്കാടിന്റെ മറവുകളുമൊക്കെ ഏറ്റുപറയുന്നവ… ഇത്രയേറെ നാട്ടുചന്തമുള്ള കഥകള്‍ വായനയുടെ ലോകത്തെ അതിസുന്ദരഭൂതകാലത്തേക്ക് നയിക്കുന്നവയാണ്.
കഥ പറച്ചിലിന്റെ തനിമയും വശ്യതയുമേറെ വശമുണ്ട് ത്രാങ്ങാലിക്കാരി രജനി സുരേഷിന്. അതിലേറെ പിന്നിട്ട വഴികളോട് അടക്കാനാവാത്ത അനുരാഗവുമുണ്ട്. അതുകൊണ്ടാണ് കഥയുടെ വഴിയോരങ്ങളില്‍ പെയ്യുന്ന വര്‍ത്തമാനങ്ങള്‍ക്ക് വള്ളുവനാടന്‍ നനവേറുന്നത്. കഥയിലൂടെ, നാട്ടുജീവിതങ്ങളിലൂടെ, കൊച്ചുകൊച്ചു വിഭ്രമങ്ങളിലൂടെ ഭൂമിയുടെ എക്കാലത്തെയും ജീവിതമാണ് രജനിസുരേഷ് പറയുന്നത്. ‘ഞാറ്റടി’ ഒരു വെറും കഥയല്ലാതാവുന്നത് അങ്ങനെയാണ്. ഞാറ്റുകണ്ടങ്ങളുടെ സമൃദ്ധമായ പച്ചനിറം കുഞ്ഞുമൊളയന്‍ മാത്രമല്ല വായനക്കാരനും കാണുന്നത് ആ പശ്ചാത്തലത്തിലാണ്.
കുംഭാരക്കുടിലുകള് നിരന്നു നില്ക്കുന്ന ഇട്ട്ള് (കുംഭാരന്‍), കുറ്റിച്ചെടികളും വൃക്ഷങ്ങളും ഇടതിങ്ങി വളര്‍ന്നുനില്‍ക്കുന്നതിനാല്‍ വേനലിന്റെ നീറ്റല്‍ അനുഭവപ്പെടാത്ത വഴികള്‍ (കന്നല്ക്കാര്വേണിയാള്), ത്രാങ്ങാലിയിലെ ഇട്ട്ളിന്റെ രണ്ടുഭാഗവും പടുത്തുയര്‍ത്തിയ ഉരുളന്‍ കല്ലുകള്‍ (ഇട്ട്ള്)…. നിറയെയുണ്ട് ഇത്തരം ഗ്രാമവീഥികളുടെ ചിത്രണങ്ങള്‍… മണ്ണില്‍ ഉല്ലസിച്ച് ജീവിക്കുകയും ആ ജീവിതത്തെ എക്കാലവും ഒപ്പം കൊണ്ടുനടക്കുകയും ചെയ്യുന്ന ഒരാള്‍ക്ക് മാത്രം കഴിയുന്നതാണ് ഈ കഥ പറച്ചില്… ഈ നാട് ഒരിക്കല്‍ സുന്ദരഗ്രാമങ്ങളുടെ നാടായിരുന്നു എന്ന് ഓര്‍മ്മിപ്പിക്കുന്ന കഥകളാണ് രജനി സുരേഷിന്റേതെന്ന് അവതാരികയില്‍ കഥാകൃത്ത് ശത്രുഘ്നന്‍ പറഞ്ഞുവയ്ക്കുന്നത് മല്ലിപ്പൂക്കള്‍ വിതാനിച്ച വഴിയോരങ്ങളുടെ ആകെത്തുകയാണ്. ഓരോ വരിയിലും ഓരോ വാക്കിലും പോലും വള്ളുവനാട് തുടിക്കുന്നതാണ് ആ ശൈലി.
ഈ കഥകള്‍ നാളെയും തുടരുന്ന വര്‍ത്തമാനങ്ങളാണ്. ഇടവഴികള്‍ ഇല്ലാതാകുന്ന കാലത്തും നാട്ടിറമ്പുകളിലെ കഥ പറച്ചിലുകള്‍ അവസാനിക്കില്ല. പിന്നില്ല്യേ… എന്ന് വിളിച്ച് രഹസ്യം പോലെ പൊടിപ്പും തൊങ്ങലും ചാലിച്ച് പറയുന്ന കഥകളില്‍ പതിര് പൊതിഞ്ഞ നേരിന്റെ കതിരുകളുണ്ടാകും. അതില്‍ പ്രകൃതിയും ഗ്രാമവും നാട്ടുകാരും കൂട്ടുകാരും ഉണ്ടാവും, പട്ടിണിയും പ്രണയവും വിജയവും തോല്‍വിയും ജനനവും മരണവും ഉണ്ടാകും. നാട് നഗരമാവുമ്പോഴും ഇതൊന്നും അവസാനിക്കാത്തതിനാല്‍ കഥയുടെ വഴിയോരങ്ങളത്രയും മല്ലിപ്പൂ വിതാനിച്ചിട്ടുണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: