അങ്കോലയില്‍ ഒരു അമ്മത്തുളസിയുണ്ട്. തുളസി ഗൗഢ. അവര്‍ക്ക് അരലക്ഷം മക്കളുണ്ട്. ഉത്തരകന്നഡയിലെ കാടുകളിലാണ് അവരൊക്കെ താമസം. മിക്കവരും വളര്‍ന്ന് വലുതായിരിക്കുന്നു. എന്നാല്‍ അമ്മത്തുളസിക്ക് അവരൊക്കെ കൊച്ചുമക്കളാണ്. അങ്കോള താലൂക്കിലെ ഹൊണ്ണാലി ഗ്രാമത്തില്‍ താമസിക്കുന്ന ആ അമ്മയെ കാടിന്റെ സര്‍വ്വവിജ്ഞാനകോശമെന്നാണ് നാട്ടുകാര്‍ വിളിക്കുക. അവരുടെ ഗോത്രത്തില്‍ പെട്ടവര്‍ ‘വൃക്ഷദേവത’ എന്നും. ഒറ്റച്ചേല ചുറ്റി നരച്ച മുടി വാരിച്ചുറ്റി പല്ലില്ലാമോണ കാട്ടി ചിരിക്കുന്ന ഈ അമ്മയ്ക്ക് കാട് മനഃപാഠമാണ്. കാട്ടിലെ ഏത് മരത്തിന്റെയും ജാതിയും മതവും സ്വഭാവവും മനഃപാഠമാണ്. ചെരിപ്പിട്ട് പോലും മണ്ണിനെ നോവിക്കാന്‍ മടിക്കുന്ന ഈ അമ്മ ആറ് പതിറ്റാണ്ടുകൊണ്ട് നട്ടുവളര്‍ത്തിയത് അരലക്ഷം മരങ്ങള്‍. മനുഷ്യനും മരങ്ങളും പ്രകൃതിയും തമ്മിലുള്ള ബന്ധത്തിന് ആഴത്തില്‍ നിര്‍വചനം നല്കിയ ഈ അമ്മയെ ഭാരതസര്‍ക്കാര്‍ ഇക്കുറി പത്മശ്രീ നല്കി ആദരിച്ചു.
ഏത് മരത്തിന്റെയും വിത്തും തൈയും കണ്ടാല്‍ അതിനെ തിരിച്ചറിയാനുള്ള കഴിവാണ് തുളസി ഗൗഡയെ ‘കാടിന്റെ സര്‍വവിജ്ഞാന കോശ’മെന്ന വിളിപ്പേരിന് അര്‍ഹയാക്കിയത്. തികഞ്ഞ ദാരിദ്ര്യമായിരുന്നു കുട്ടിക്കാലത്ത് തുളസിയുടെ കൈമുതല്‍. രണ്ടാംവയസ്സില്‍ അച്ഛന് മരിച്ചു. അമ്മയായി, പിന്നെ ആശ്രയം വനംവകുപ്പിന്റെ പ്രാദേശിക നഴ്സറിയിലായിരുന്നു അമ്മയ്ക്ക് ജോലി. അതു വെറും താല്‍ക്കാലിക ജോലി.
അമ്മയെ സഹായിക്കാന്‍ തുളസിയും നഴ്സറിയിലെത്തി. പണമില്ലാത്തതിനാല്‍ തുളസിക്ക് ആരും വിദ്യാഭ്യാസം നല്‍കിയില്ല. എഴുതാനും വായിക്കാനും അവര്‍ പഠിച്ചില്ല. പക്ഷേ കാടിനെ പഠിച്ചു. കാട്ടിലെ സൂക്ഷ്മ പ്രകൃതിയെ പഠിച്ചു. പത്താം വയസ്സില്‍ തന്നെക്കാള്‍ വളരെയേറെ പ്രായമുള്ള ഒരാളെ വിവാഹം കഴിക്കാന്‍ നിര്‍ബന്ധിതയാവുകയും ചെയ്തു.
നീണ്ട മൂന്നരപതിറ്റാണ്ടുകാലം തുളസി ഗൗഢ വനം വകുപ്പിന്റെ നഴ്സറിയില്‍ പണിയെടുത്തു. പതിനായിരക്കണക്കിന് തൈകള്‍ കിളിര്‍പ്പിച്ച് കാട് നിറച്ചു. ഒടുവില്‍ 15 വര്‍ഷം സ്ഥിരം ജോലിയും ലഭിച്ചു. തന്റെ 70-ാം വയസ്സില്‍ അവര്‍ ജോലിയില്‍നിന്ന് സ്വയം വിരമിക്കുക ആയിരുന്നത്രെ. വൃക്ഷങ്ങളുമായുള്ള ഈ അഗാധബന്ധം 1986 ല്‍ അവര്‍ക്ക് ഇന്ദിരാ പ്രിയദര്‍ശിനി വൃക്ഷമിത്ര പുരസ്കാരം നേടിക്കൊടുത്തു. തുടര്‍ന്ന് 1999 ല്‍ കര്‍ണാടക രാജ്യോത്സവ പുരസ്കാരം. ഏറ്റവുമൊടുവില്‍ പത്മശ്രീ ബഹുമതിയും.
ഗ്രാമീണര്‍ക്ക് നാട്ടു ചികിത്സയില്‍ സുലഭമായി ഉപയോഗിക്കാവുന്ന 300 ല്‍ പരം ഔഷധച്ചെടികളെ കണ്ടെത്തി വളര്‍ത്തിയെടുത്തതാണ് തുളസി ഗൗഡയുടെ മറ്റൊരു മേന്മ. കാട്ടുമരങ്ങളില്‍നിന്ന് വിത്തുകള്‍ സംഭരിക്കുന്നതിലും അവയെ സമയം നോക്കി മുളപ്പിച്ചെടുക്കുന്നതിലും ഏറെ ആനന്ദം കണ്ടെത്തിയ തുളസി ഇവയൊക്കെ കുട്ടികള്‍ക്ക് പറഞ്ഞുകൊടുക്കുന്നതിനും സമയം കണ്ടെത്തി വനിതകളുടെ സുരക്ഷിതത്വത്തിനും മാന്യതയ്ക്കും അവര്‍ ഏറെ പ്രാധാന്യം കല്പ്പിച്ചു. അങ്ങനെ… തുളസി ഗൗഢ കന്നഡയിലെ കാടിന്റെ അമ്മയായി. ഒപ്പം കാടിന്റെ സര്‍വ്വവിജ്ഞാനകോശവും.
പഴങ്ങള്‍ പഴുത്ത് ചീയാതിരിക്കാന്‍
പഴങ്ങളും പച്ചക്കറികളും പഴുത്ത് ചീഞ്ഞ് മാലിന്യമായി മാറുന്നത് ലോകം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്നങ്ങളിലൊന്നാണ്. ആഗോളവ്യാപകമായി പരിശോധിച്ചാല്‍, പറിച്ചെടുക്കുന്ന പഴം-പച്ചക്കറികളില്‍ 40 ശതമാനവും ഉപയോഗ്യശൂന്യമായി പോകുന്നുവെന്നാണ് കണക്ക്. പരിസ്ഥിതിപരമായും സാമ്പത്തികമായും ഈ മാലിന്യം ഉണ്ടാക്കുന്ന പ്രശ്നങ്ങള്‍ ചില്ലറയല്ല. പഴങ്ങളും മറ്റും ചീഞ്ഞുപോകുന്നത് വൈകിപ്പിക്കുന്നതിന് കച്ചവടക്കാര്‍ കണ്ടെത്തിയ പ്ലാസ്റ്റിക് സൂത്രങ്ങളാകട്ടെ, ഗുണത്തെക്കാളേറെ ദോഷമാണ് വരുത്തിവച്ചത്. പഴം-പച്ചക്കറി മാലിന്യങ്ങള്‍ക്കു പുറമെ പ്ലാസ്റ്റിക് മാലിന്യപെരുപ്പത്തിനും അത് വഴിയൊരുക്കി. ഈ പശ്ചാത്തലത്തിലാണ് കാനഡയിലെ ഗുള്‍ഫ് സര്‍വകലാശാലയിലെ ഒരു സംഘം ഗവേഷകര്‍ ഹെക്സാനലിന്റെ പ്രാധാന്യം തേടിപ്പോയത്. പഴങ്ങളും പച്ചക്കറികളും പഴുക്കുമ്പോള്‍ ദീര്‍ഘകാലം നിലനില്‍ക്കുന്നതിനുവേണ്ടി ഹെക്സാനല്‍. കീടങ്ങളെ തുരത്തുന്നതിനും പഴങ്ങളുടെ ചീയല്‍ ത്വരിതപ്പെടുത്തുന്ന എന്‍സൈം ആയ ഫോസ്ഫോലിപ്പേസ് ജനിക്കുന്നത് വൈകിക്കുന്നതിനും വേണ്ടിയാണത്രെ സസ്യങ്ങള്‍ ഹെക്സാനല്‍ ഉല്‍പ്പാദിപ്പിക്കുന്നത്.
ഹെക്സാനല്‍ എന്ന ഈ സസ്യ വസ്തു കൃത്രിമമായി ഉണ്ടാക്കി പഴങ്ങളില്‍ സ്പ്രേ ചെയ്താല്‍ അവ ചീയുന്നത് ഏറെ നാളേക്ക് തടയാന്‍ കഴിയുമെന്നാണ് ശാസ്ത്രജ്ഞരുടെ നിരീക്ഷണം. അവ പൊതിയാനുള്ള വസ്തുക്കളിലും സ്റ്റിക്കറുകളിലുമൊക്കെ പുരട്ടിയാലും ചീയല്‍ വൈകിക്കാം. ഹെക്സാനല്‍ മുക്കിയെടുത്ത പഴങ്ങള്‍ സാധാരണ പഴങ്ങളെ അപേക്ഷിച്ച് നാലാഴ്ചവരെ ചീയാതിരിക്കുമത്രേ. ഈ സാങ്കേതിക വിദ്യ പഴം-പച്ചക്കറി വിപണന രംഗത്ത് വന്‍ കുതിച്ചു ചാട്ടത്തിന് വഴിയൊരുമെന്നാണ് പ്രതീക്ഷ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: