ഒരു താത്വിക അവലോകനം എന്ന ചിത്രത്തിലൂടെ സിനിമാസംഗീതസംവിധാന രംഗത്തേക്ക് ചുവടുവച്ച ഒ.കെ. രവിശങ്കര്‍ ‘ആന പോലൊരു വണ്ടി ആരുണ്ടൊരു ഗ്യാരന്റി…’ എന്ന് തുടങ്ങുന്ന പ്രൊമൊ സോങ് ഇറങ്ങിയപ്പോള്‍ തന്നെ പ്രേക്ഷക ഹൃദയം കീഴടക്കിക്കഴിഞ്ഞു. ലക്ഷക്കണക്കിന് പ്രേക്ഷകരാണ് യൂടുബിലൂടെയും നവമാധ്യമങ്ങളിലൂടെയും ഒരു ദിവസം തന്നെ ഗാനം ആസ്വദിച്ചത്.
സിനിമയിലെ തീര്‍ത്തും സിറ്റുവേഷന് ഗാനമായ ആനവണ്ടി പാട്ട് എല്ലാ കഥാപാത്രങ്ങളെയും ഉള്‍പ്പെടുത്തി പ്രൊമൊ സോങ്ങായി റിലീസ് ചെയ്യുകയായിരുന്നു. മുരുഗന് കാട്ടാക്കടയുടെ സുന്ദരവും ലളിതവുമായ വരികള്‍ കയ്യില്‍ കിട്ടിയ നിമിഷം തന്നെ സംവിധായകന് പറഞ്ഞ സന്ദര്ഭത്തിനനുസരിച്ചു ട്യൂണ്‍ തയ്യാറാക്കുകയായിരുന്നു. വരികള്‍ക്കായി ആദ്യമിട്ട ട്യൂണ്‍ തന്നെയായിരുന്നു ഇന്ന് പ്രേക്ഷകര്‍ ഏറ്റെടുത്ത ട്യൂണ്‍. ആദ്യം ട്യൂണ്‍ അയച്ചു കേള്‍പ്പിച്ചത് നിര്‍മാതാവായ എംജിഎം ഗ്രൂപ്പ് ചെയര്‍മാനായ ഡോക്ടര്‍ ഗീവര്‍ഗീസ് യോഹന്നാന് സാറിനെയായിരുന്നു. കേള്‍ക്കേണ്ട താമസം മറുപടി വന്നു… ‘കുഞ്ഞേ… വളരെ വളരെ നന്നായി.. മുന്നോട്ട് പൊയ്ക്കൊള്ളൂ…’
അതുപോലെ എംജിഎം ഗ്രൂപ്പ് മാനേജര്‍ സുനിലേട്ടനില് നിന്നും മെസേജ്. ‘ഇത് സൂപ്പറാകും.’
ആ ധൈര്യത്തില്‍ നില്‍ക്കുമ്പോഴാണ് കുമാരപുരത്ത് വീട് പണി നടന്നുകൊണ്ടിരുന്ന നേരത്ത് സംവിധായകന്റെ ഫോണ്‍ വന്നത്. അവിടെ നിന്ന് തന്നെ പാടി.
‘ആനപോലൊരു വണ്ടി…’
ചേട്ടാ എനിക്കിത് മതി… ഇതാണെനിക്ക് വേണ്ടത്…അങ്ങനെയായിരുന്നു പാട്ടിന്റെ തുടക്കം. എണ്‍പതിലധികം ഓഡിയോ ആല്‍ബങ്ങളിലായി അഞ്ഞൂറിലധികം പാട്ടുകള്‍ക്ക് സംഗീതം ചെയ്തിട്ടുണ്ടെങ്കിലും ആദ്യ സിനിമാപാട്ട് എന്ന നിലയില്‍ ഏറെ ആസ്വദിച്ച സമയമായിരുന്നു ഈ സിനിമയുടെ റെക്കോര്‍ഡിങ് സമയം. ട്യൂണിട്ട സമയം ഒരു ഗായകന് മാത്രമായിരുന്നു മനസ്സില്‍ നിര്‍മാതാവിനോട് പറയുകയും ചെയ്തു. ‘ചെയ്തോളൂ..’ എന്ന് ഉത്തരവും കിട്ടി. ശങ്കര്‍ മഹാദേവന് സര് തന്നെയായിരുന്നു അത്. പാട്ട് കമ്പോസിങ് കഴിഞ്ഞു കീബോര്‍ഡ് പ്രോഗ്രാമിങ് ബിജു പൗലോസ് ആയിരുന്നു. എന്റെ എല്ലാ പാട്ടുകള്‍ക്കും കൂടെ നിന്ന സൗണ്ട് എഞ്ചിനീയര്‍ സുനീഷ് അന്നും ഇന്നും കൂടെ ഉള്ളതുകൊണ്ട് എല്ലാം എളുപ്പമായിരുന്നു.
ജോസ് സാഗര്‍ പാടിയ ട്രാക്കിനോപ്പം സിനിമ ചിത്രീകരണം കഴിഞ്ഞു. പല കാരണങ്ങളാല്‍ ഫൈനല്‍ റെക്കോര്‍ഡിങ് നീണ്ടപ്പോള്‍ ഗായകനും മാറേണ്ട അവസ്ഥ വന്നു. മലയാളത്തിലെ എനിക്കേറെ ഇഷ്ടപ്പെട്ട മറ്റൊരു ഗായകനിലേക്ക് ചിന്ത വന്നു. ട്രാക്കയച്ചു. പാട്ടിഷ്ടപ്പെട്ടു ഉടന്‍ പാടാമെന്നും പറഞ്ഞു. പക്ഷേ കൊവിഡ് ഭയം അദ്ദേഹത്തെ സ്റ്റുഡിയോവില്‍ വന്നു പാടാനുള്ള ധൈര്യമകറ്റി. അങ്ങനെ നീണ്ട റെക്കോര്‍ഡിങ് ടെന്‍ഷന്‍ നീണ്ടപ്പോള്‍ ആദ്യം നിശ്ചയിച്ച ശങ്കര്‍ മഹാദേവന് സാറിന് രണ്ടും കല്പിച്ചൊരു എന്റെ അവസ്ഥയും ആഗ്രഹവും അറിയിച്ചു. പാട്ട് ട്രാക്കും വോയിസ് മെസേജും അയച്ചു. ആ നിമിഷം വന്നു തിരിച്ചു വന്നു മെസേജ്. ‘സര് സൂപ്പര്‍ സോങ്. ഈ പാട്ട് ഞാന്‍ പാടിയിരിക്കും. ബഡ്ജറ്റോ പേയ്മെന്റോ ഒന്നും പ്രശ്നമല്ല. എട്ടു ദിവസം കഴിഞ്ഞു പാടാം.’
ആ നിമിഷം സകല ദൈവങ്ങളെയും മനസ്സില്‍ ഓര്‍ത്തു. പറഞ്ഞപോലെ എട്ടാം ദിവസം ചിത്രാഞ്ജലി സ്റ്റുഡിയോവില്‍ എന്റെ സീരിയല്‍ അഭിനയം നടക്കേ ശങ്കര്‍ സാറിന്റെ ഫോണ്‍. ‘ഉച്ചയ്ക്ക് മൂന്നു മണിക്ക് പാട്ട് പാടാം. മാറിയ സാഹചര്യത്തില്‍ സൂം ലിങ്കില്‍ വരൂ. ലൈവായി റെക്കോര്‍ഡിങ് ചെയ്യാം.’ സീരിയല്‍ സംവിധായകന് രതീഷ് നെട്ടയത്തോടു മൂന്നു മണിക്കൂര്‍ അനുവാദം വാങ്ങി സ്റ്റുഡിയോവിലേക്ക്. ശങ്കര്‍ മഹാദേവന് ബോംബയിലെ സ്റ്റുഡിയോവിലും ഞാന്‍ സുനീഷിന്റെ ബെന്‍സണിലും. കൃത്യം മൂന്നിന് ശങ്കര്‍ സാറിന്റെ വിളി വന്നു. ‘രവിശങ്കര്‍ സര് ഞാന്‍ റെഡി. നീങ്ക റെഡിയാ.’
റെഡി സര്. ഓരോ വരികളും തമിഴ് കലര്‍ന്ന മലയാളത്തില്‍ കൃത്യമായി എന്നോട് ചോദിച്ചു മനസിലാക്കുന്ന രീതി കണ്ട് യഥാര്‍ത്ഥത്തില്‍ ഞെട്ടിപ്പോയി. ഓരോ വരികള്‍ക്കും ആ ശബ്ദത്തില്‍ ഭാവം പകര്‍ന്നുകിട്ടിയപ്പോള്‍ ഒന്നര മണിക്കൂര്‍ പോയത് ഞാനറിഞ്ഞില്ല. റെക്കോര്‍ഡിങ് തീര്‍ന്നശേഷം ശങ്കര്‍ മഹാദേവന് സര് പറഞ്ഞു. ‘എന്നാണോ ബോംബെ റെയില്‍വേ സ്റ്റേഷനിലോ എയര്‍ പോര്‍ട്ടിലോ എത്തുന്നത് ഞാന്‍ വരും വിളിക്കാന്‍.’ സിനിമയിലെ നവാഗതനായ എനിക്ക് ഇതില്‍പ്പരമെന്തു വേണം. ഓഡിയോ റിലീസ് ചെയ്ത് പാട്ട് കേട്ട സുരാജ് വെഞ്ഞാറമൂട് പറഞ്ഞു. ‘ഒകെ രവിശങ്കറിന്റെ പാട്ട് സിനിമക്ക് ഡബിള്‍ ഒ കെ ആണ്. ഒകെ അന്വര്‍ത്ഥമായിട്ടുണ്ട്.’
രണ്ടാമത്തെ പാട്ട് സിനിമയില്‍ നടക്കുന്ന ഇലക്ഷന് പ്രചാരണ ഗാനമായി ഉപയോഗിക്കാന്‍ ആയിരുന്നു. കൈതപ്രം ദാമോദരന്‍ നമ്പൂതിരിയുടെ ‘തങ്കസൂര്യനുദിച്ചു…’ എന്നാരംഭിക്കുന്ന വരികള്‍. മധുബാലകൃഷ്ണന്, രാജലക്ഷ്മി, ജോസ് സാഗര്‍, ഖാലിദ് എന്നിവര്‍ ചേര്‍ന്നാണ് പാടിയത്. ഉടന്‍ തന്നെ ഗാനം പുറത്തിറങ്ങും. സിനിമയും ഉടന്‍ റിലീസ് ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: