കോഴിക്കോട്: വടകര താലൂക്ക് ഓഫീസ് കെട്ടിടത്തിന് തീപിടിച്ച സംഭവത്തില്‍ പ്രദേശത്ത് അലഞ്ഞു തിരിഞ്ഞു നടന്ന ആന്ധ്ര സ്വദേശിയെ കസ്റ്റഡിയിലെടുത്തു. എന്നാല്‍ ഇയാള്‍ പ്രതിയാണോയെന്ന കാര്യത്തില്‍ ഉറപ്പില്ല. ചോദ്യം ചെയ്യല്‍ തുടരുകയാണ്.
തീ പിടിച്ച ലാന്‍ഡ് അക്വിസിഷന്‍ ഓഫീസിലെ ചുമരില്‍ തെലുങ്കിലും ഇംഗ്ലീഷിലുമുള്ള എഴുത്തുകള്‍ കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഒരാൾ സമീപമുള്ള മറ്റൊരു കെട്ടിടത്തിലേക്ക് കൈയിലൊരു കുപ്പിയുമായി കയറിപ്പോകുന്ന സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചത്. ഇതോടെയാണ് ആന്ധ്രാസ്വദേശിയെ കസ്റ്റഡിയിലെടുത്തത്.
താലൂക്ക് ഓഫീസിന് സമീപത്തുള്ള കെട്ടിടത്തിന്റെ ശുചിമുറിയില്‍ ഇയാള്‍ തീയിട്ടതാണ് സംശയം ബലപ്പെടുത്തുന്നത്. കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് തീ പിടിത്തമുണ്ടായത്. 28 വില്ലേജുകളിലെ ഭൂരേഖകള്‍ ഉള്‍പ്പെടെ ഫയലുകളും ഫര്‍ണിച്ചറുകളും കമ്പ്യൂട്ടറുകളുമെല്ലാം കത്തി നശിച്ചു. ഓടുമേഞ്ഞ പഴക്കം ചെന്ന കെട്ടിടത്തിന്റെ മേല്‍ക്കൂരയുടെ ഒരു ഭാഗം പൂര്‍ണമായും നിലംപൊത്തി.
നടന്നത് ദുരന്തമാണെന്നായിരുന്നു സ്ഥലം സന്ദർശിച്ച റവന്യൂ മന്ത്രി കെ.രാജൻ പ്രതികരിച്ചത്. പൈതൃകസംരക്ഷണത്തിനായി കോടികൾ ചെലവഴിച്ച് നവീകരിച്ച വടകര താലൂക്ക് ഭരണസിരാ കേന്ദ്രമാണ് പാടെ അഗ്നിക്കിരയായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: