പത്തനംതിട്ട: ക്രിസ്തുമസ് ആഘോഷങ്ങള്‍ക്ക് പോലീസ് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതില്‍ അമര്‍ഷം പുകയുന്നു. കൊവിഡ് നിയന്ത്രണങ്ങള്‍ കാരണം രണ്ട് വര്‍ഷത്തിന് ശേഷമാണ് ക്രിസ്തുമസ് കരോള്‍ ആഘോഷിക്കാന്‍ ഇടവകകളും മറ്റ് സംഘടനകളും തയ്യാറെടുക്കുന്നത്. കരോള്‍ സംഘങ്ങള്‍ക്ക് പോലീസിന്റെ കര്‍ശനമായ നിരീക്ഷണത്തോടെയാണ് അനുമതി നല്‍കുന്നത്.
വൈകിട്ട് 6 മുതല്‍ രാത്രി 10 വരെയാണ് വീടുകളില്‍ പോയി പാടുന്നതിന് കരോള്‍ സംഘങ്ങള്‍ക്ക് പോലീസ് അനുമതി നല്‍കുന്നത്. സംഘങ്ങള്‍ ജാഗ്രതാ പോര്‍ട്ടലില്‍ നിര്‍ബന്ധമായും രജിസ്റ്റര്‍ ചെയ്യണം. കരോള്‍ സംഘത്തില്‍ 20 പേരില്‍ കൂടുതല്‍ ഉണ്ടാകാന്‍ പാടില്ല. രണ്ട് ഡോസ് വാക്സിന് എടുത്തവരേ പങ്കെടുക്കാവൂ. സാമൂഹിക അകലം പാലിച്ചു വേണം പോകേണ്ടത്. മാസ്ക്കും സാനിറ്റൈസറും എപ്പോഴും കരോള്‍ സംഘത്തിന്റെ കൈയില്‍ കരുതണം.
കൂടാതെ തിരിച്ചറിയല്‍ കാര്‍ഡും കൈയില്‍ കരുതണം തുടങ്ങി നിരവധി ഉപാധികളാണ് പോലീസ് മുന്നോട്ടുവെക്കുന്നത്. വീടുകളില്‍ നിന്നും കരോള്‍ സംഘങ്ങള്‍ക്ക് ഭക്ഷണം നല്‍കാനും അനുമതിയില്ല. വാഹനങ്ങളില്‍ മൈക്ക് വെച്ചുള്ള കരോള്‍ സംഘങ്ങള്‍ക്ക് വിലക്കുണ്ട്.
രാത്രി 10 മണിക്ക് ശേഷം കരോള്‍ സംഘങ്ങള്‍ക്ക് അനുമതിയില്ല. ഇത്തരം കടുത്ത നിയന്ത്രണങ്ങള്‍ പാലിച്ച് കരോള്‍ ആഘോഷം നടത്താനാകില്ലെന്ന നിലപാടിലാണ് പല സഭകളും ഇടവകകളും. നിയന്ത്രണങ്ങള്‍ കാരണം ആഘോഷം ഉപേക്ഷിക്കാനാണ് ഭൂരിപക്ഷം പള്ളികളുടെയും തീരുമാനം. മറ്റ് മത ന്യൂനപക്ഷങ്ങളുടെ വിവിധ ആഘോഷങ്ങള്‍ക്ക് യാതൊരു നിയന്ത്രണവും ഏര്‍പ്പെടുത്താന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ് ഹിന്ദു, ക്രിസ്ത്യന്‍ ആഘോഷങ്ങള്‍ക്ക് കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. ഇത് വലിയ പ്രതിഷേധത്തിനും ഇടയാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: