തിരുവനന്തപുരം: വാരാണസിയില്‍ 300 ഏക്കര്‍ ഭൂമി, 30 മുറികള്‍ വീതമുള്ള രണ്ട് കെട്ടിടങ്ങള്‍, കാലങ്ങളായി ദേവസ്വം ബോര്‍ഡിന്റെ അധീനതയിലാണെങ്കിലും തിരിഞ്ഞുനോക്കാനാളില്ലാതെ നശിക്കുകയായിരുന്നു. എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നടപ്പാക്കിയ വികസനം കാശിയുടെ മുഖച്ഛായ തന്നെ മാറ്റിയതോടെ തങ്ങളുടെ ഭൂമി തിരിച്ചുപിടിക്കാനൊരുങ്ങുകയാണ് തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ്.
തിരുവിതാംകൂര്‍ രാജകുടുംബത്തിനും പൗരപ്രമുഖര്‍ക്കും ഗംഗാസ്നാനത്തിനും കാശി വിശ്വനാഥനെ തൊഴാനും സൗകര്യമൊരുക്കാനായി പണിത കെട്ടിടവും അവിടത്തെ രാജാവ് ശ്രീപദ്മനാഭന് സമ്മാനിച്ച സ്ഥലവുമാണ് വാരാണസിയിലേത്. രാജഭരണം അവസാനിച്ചപ്പോള്‍ ക്ഷേത്രങ്ങളെല്ലാം ദേവസ്വം ബോര്‍ഡിന് കൈമാറി. അപ്പോള്‍ ഇതും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് സ്വന്തമാവുകയായിരുന്നു. കാലങ്ങളായി ആരും തിരിഞ്ഞു നോക്കാത്തതിനാല്‍ കെട്ടിടവും ഭൂമിയുമെല്ലാം കയ്യേറിയെന്നാണ് വിവരം. കാശിയില്‍ അമ്പരിപ്പിക്കുന്ന വികസനം വരികയും കോടിക്കണക്കിന് രൂപയുടെ വരുമാനം ഉണ്ടാകുമെന്ന് ബോധ്യമാവുകയും ചെയ്തതോടെയാണ് ഇത് തിരിച്ചുപിടിക്കാന്‍ ദേവസ്വംബോര്‍ഡ് നീക്കം ആരംഭിച്ചത്. ഇതിനായി പ്രത്യേക സംഘത്തെ വാരാണസിയിലേക്ക് അയയ്ക്കാനാണ് ദേവസ്വംബോര്‍ഡിന്റെ തീരുമാനം.
വാരാണസിക്ക് രണ്ടു കിലോമീറ്റര്‍ ചുറ്റളവിലാണ് സ്ഥലമുള്ളത്. അതില്‍ 22 സെന്റ് സ്ഥലത്തിനും കെട്ടിടത്തിനുമാണ് നിലവില്‍ അവകാശ രേഖയുള്ളത്. കൃഷിസ്ഥലത്തിന്റേതിന് അവകാശ രേഖകളുള്ളതായി കുറച്ച് തെളിവുകളും ലഭിച്ചിട്ടുണ്ട്. കോടികളുടെ മൂല്യമുള്ള സ്ഥലത്തെയും കെട്ടിടത്തെയും പറ്റി നോഡല്‍ ഓഫീസറുടെ നേതൃത്വത്തില്‍ അന്വേഷണം നടക്കുന്നുണ്ടെങ്കിലും ഇത് മതിയാവില്ലെന്നതിനാലാണ് പ്രത്യേക സംഘം പോകാന്‍ തീരുമാനിച്ചത്. കാശിയില്‍ രാജാഹരിശ്ചന്ദ്ര പൂന്തോട്ടത്തിനടുത്തുള്ള 22 സെന്റില്‍ 5000 ചതുരശ്രയടിയുള്ള രണ്ടു കെട്ടിടത്തിലായി 30 മുറികളുണ്ട്. ഇവിടെ രണ്ടുപേര്‍ അനധികൃതമായി താമസിക്കുന്നുണ്ട്.
കെട്ടിടം ഒരുകോടി രൂപമുടക്കി പുതുക്കിപ്പണിയാനാണ് ബോര്‍ഡിന്റെ തീരുമാനം. വാരാണസി ഡെവലപ്മെന്റ് അതോറിറ്റി അനുകൂല നിലപാട് സ്വീകരിച്ചിട്ടുണ്ട്. സത്രം നവീകരിക്കാനായി കേരള സര്‍ക്കാര്‍ 2017-18 ലെ ബഡ്ജറ്റില്‍ 63 ലക്ഷം രൂപ നീക്കിവച്ചെങ്കിലും ഒന്നും നടന്നില്ല. തിരുവിതാംകൂര്‍ രാജമുദ്രയുള്ളതും ബോര്‍ഡിന്റെ മുദ്രയുള്ളതുമായ വസ്തുവകകളുടെ രേഖകള്‍ സത്രത്തില്‍ നിന്ന് മാറ്റിയതിന് സത്രത്തിന്റെ ചുമതലക്കാരനായ മാനേജര്‍ക്കെതിരെ ദേവസ്വം വിജിലന്‍സിന്റെ അന്വേഷണവും നടക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: