കോഴിക്കോട്: വടകര തലൂക്ക് ഓഫീസിലെ തീപിടിത്തവുമായി ബന്ധപ്പെട്ട് ഇതര സംസ്ഥാന തൊഴിലാളി അറസ്റ്റില്‍. ആന്ധ്രാപ്രദേശ് സ്വദേശി സതീഷ് നാരായണന്(37) എന്നയാളാണ് അറസ്റ്റിലായത്. മാനസിക അസ്വാസ്ഥ്യമുള്ള ഇയാള്‍ ഇതിനുമുമ്പും താലൂക്ക് ഓഫീസ് പരിസരത്ത് തീയിടാന്‍ ശ്രമിച്ചിരുന്നു.
ഇയാളുടേതെന്ന് കരുതുന്ന സിസിടിവി ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. നേരത്തെ ചെറിയ തീപിടുത്തമുണ്ടായ സമീപത്തെ കെട്ടിടങ്ങളിലും ഇയാള്‍ എത്തിയതായി കണ്ടെത്തിയിരുന്നു. വടകര താലൂക്ക് ഓഫീസിന് സമീപമെത്തി വലിച്ചെറിയപ്പെട്ട കടലാസുകള്‍ കൂട്ടിയിട്ട് തീയിട്ട ശേഷം, തീ ആളിപ്പടരുന്നത് കണ്ട് ഇയാള്‍ ഓടി രക്ഷപ്പെടുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. വടകര പോലീസ് സ്റ്റേഷനില്‍ കസ്റ്റഡിയിലാണ് പ്രതി.
വെള്ളിയാഴ്ച പുലര്‍ച്ചെ അഞ്ചരയോടെയാണ് വടകര പഴയ സ്റ്റാന്‍ഡിന് സമീപത്തെ താലൂക്ക് ഓഫിസ് കെട്ടിടത്തില്‍ വന്‍ തീപിടിത്തമുണ്ടായത്. കെട്ടിടത്തിന്റെ മുക്കാല്‍ ഭാഗവും ഓഫീസ് ഫയലുകളും രേഖകളും കമ്പ്യൂട്ടറുകളും കത്തി നശിച്ചു. തീപിടിത്തകാരണം വ്യക്തമല്ല. താലൂക്ക് ഓഫീസില്‍ നിന്നും പഴയ ട്രഷറി കെട്ടിടത്തിലേക്കും തീ പടര്‍ന്നു. മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് അഗ്നിശമനസേന തീ നിയന്ത്രണവിധേയമാക്കിയത്.
സമീപത്തെ കോടതി കെട്ടിടത്തിലേക്ക് തീ പടരാതിരുന്നതിനാല്‍ വലിയ അപകടം ഒഴിവായി. ഓടിട്ട പഴയ കെട്ടിടത്തിലാണ് താലൂക്ക് ഓഫീസ് സ്ഥിതി ചെയ്യുന്നത്. പഴയ കെട്ടിടം അതേ പോലെ നിലനിര്‍ത്തിയാണ് നവീകരണം നടത്തിയിരുന്നത്.
അതേസമയം തീപ്പിടുത്തത്തിന്റെ കാരണം കണ്ടെത്താനായി പ്രത്യേക അന്വേഷണ സംഘം ഇന്ന് നടപടികള്‍ തുടങ്ങും. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഹരിദാസന്റെ നേതൃത്ത്വത്തിലുള്ള സംഘമാണ് കേസന്വേഷിക്കുന്നത്. 11 ഉദ്യോഗസ്ഥരാണ് സംഘത്തിലുള്ളത്. തീപിടിത്തത്തില്‍ ദുരൂഹതയുണ്ടെന്നും ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും കെ.കെ. രമ എം.എല്‍.എ ആവശ്യപ്പെട്ടു. ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള അന്വേഷണം മതിയാകില്ല. ഒരാഴ്ചക്കിടെ രണ്ടു ഓഫിസുകളിലാണ് തീപിടത്തമുണ്ടായതെന്നും കെ.കെ. രമ കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: