ന്യൂദല്‍ഹി: കേരളത്തില്‍ ഇപ്പോള്‍ സംഭവിക്കുന്നത് തീര്‍ത്തും അംഗീകരിക്കാന്‍ കഴിയാത്ത സംഭവങ്ങളെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍. സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക പദവികളിലിരുന്ന് സൈന്യത്തെയും സൈനികരേയും അവഹേളിക്കുന്ന തരത്തിലുള്ള രാഷ്ട്രീയം ഒരിക്കലും അംഗീകരിക്കാനാകില്ല. അഭിഭാഷകയായാലും, പ്ലീഡര്‍ ആയാലും, സംസ്ഥാനം ഭരിക്കുന്ന പാര്‍ട്ടിയിലെ അണികളായാലും ഇത്തരത്തിലുള്ള പ്രവണതകള്‍ കാണിക്കുന്നതിലൂടെ ഇവരുടെ ആകെയുള്ള മാനസികാവസ്ഥയാണ് വ്യക്തമാകുന്നതെന്നും കേന്ദ്രമന്ത്രി വിമര്‍ശിച്ചു.
ഞാനൊരു മലയാളിയാണ്. ഒരു വിരമിച്ച സൈനികന്റെ മകന് കൂടിയാണ്. ബിപിന്‍ റാവത്തിന്റെ മരണം കണ്ട് സന്തോഷിക്കുന്നവര്‍ നമ്മുടെ നാട്ടിലുണ്ട് എന്നത് വളരെ വിഷമത്തോടെയാണ് നോക്കിക്കാണുന്നതെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. സംസ്ഥാനം ഭരിക്കുന്ന പാര്‍ട്ടിയുടെ അണികളാണ് ഇത്തരം പ്രവര്‍ത്തികളില്‍ വ്യാപൃതരായിരിക്കുന്നത് എന്നത് സംഭവത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നുവെന്നും ദല്‍ഹിയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ അദേഹം വ്യക്തമാക്കി.
കേരളം രാജ്യത്തിനായി ധാരാളം വീരസൈനികരെ സംഭാവന ചെയ്ത ചരിത്രം നമുക്ക് മുന്നിലുണ്ട്. പക്ഷേ ആ കേരളത്തില്‍ ഇപ്പോള്‍ സംഭവിക്കുന്നത് തീര്‍ത്തും അംഗീകരിക്കാന്‍ കഴിയാത്ത സംഭവങ്ങളാണെന്നും രാജീവ് ചന്ദ്രശേഖര്‍ കൂട്ടിച്ചേര്‍ത്തു.
കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കൂറ് ആരോട് എന്നത് വര്‍ഷങ്ങളായി നടന്നുവരുന്ന ചര്‍ച്ചയാണ്. 1965 ല്‍ അന്നത്തെ ആഭ്യന്തര മന്ത്രി ഗുല്സരില് ലാല്‍ നന്ദ പറഞ്ഞതുപോലെ ”കമ്മ്യൂണിസ്റ്റുകാര്‍ ഇന്ത്യക്കാരാണ്, പക്ഷേ അവര്‍ക്ക് ഇന്ത്യയോട് കൂറില്ല എന്നത് വീണ്ടും തെളിഞ്ഞുകൊണ്ടിരിക്കുകയാണ്. ഇപ്പോഴുണ്ടായിരിക്കുന്ന സംഭവ വികാസങ്ങളില്‍ വ്യക്തത വരുത്തേണ്ട കടമ പിണറായി വിജയന് നേതൃത്വം നല്കുന്ന സിപിഎമ്മിനുണ്ടെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: