ചെന്നൈ: തിരുനെല്‍വേലിയില്‍ സ്വകാര്യ സ്കൂള്‍ കെട്ടിടം തകര്‍ന്നുവീണ് മൂന്ന് കുട്ടികള്‍ മരിച്ചു. അപകടത്തില്‍ മൂന്നുകുട്ടികള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. എസ് എസ് ഹൈറോഡിലെ ഷാഫ്റ്റര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലാണ് അപകടമുണ്ടായത്. അന്പഴകന് (14), വിശ്വരഞ്ജന്‍ (13), സുധീഷ് (11) എന്നിവരാണ് മരിച്ചത്.
കുട്ടികൾ ശൗചാലയത്തിലേക്ക് പോകുന്നതിനിടെ പൊടുന്നനെ ഭിത്തി ഇടിഞ്ഞ് കുട്ടികളുടെ മേല്‍ വീഴുകയായിരന്നു. രണ്ടുപേർ തല്‍ക്ഷണം മരിക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. വിവരമറിഞ്ഞെത്തിയ രക്ഷിതാക്കള്‍ സ്കൂളിന്റെ വസ്തുവകകള്‍ നശിപ്പിക്കുകയും വ്യാപക അക്രമം അഴിച്ചുവിടുകയും ചെയ്തു. സ്ഥലത്ത് വന്‍ പോലീസ് സംഘം ക്യാമ്പ്ചെയ്യുകയാണ്. ജില്ലാ കളക്ടര്‍ ഉള്‍പ്പടെയുള്ള ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയിട്ടുണ്ട്.
കെട്ടിടം നേരത്തേ അപകടാവസ്ഥയിലായിരുന്നു എന്നാണ് രക്ഷിതാക്കളില്‍ ചിലര്‍ പറയുന്നത്. കനത്ത മഴയിൽ ഭിത്തി നനഞ്ഞിരിക്കുകയും വിണ്ടുകീറുകയും ചെയ്തിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടിയെങ്കിലും സ്കൂള്‍ അധികൃതര്‍ കാര്യമാക്കിയില്ലെന്നും അവര്‍ പറയുന്നു. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: