മാനന്തവാടി: വയനാട്ടിലെ കുറുക്കന്‍മൂലയില്‍ വീണ്ടും കടുവയിറങ്ങി. ബുധനാഴ്ച രാത്രി ഇറങ്ങിയ കടുവ വളര്‍ത്തുമൃഗത്തെ കൊന്നു. പുതിയിടം വടക്കുമ്പാടത്ത് ജോണിന്റെ പശുവിനെയാണ് കൊന്നത്. കുറുക്കന്‍ മൂലയില്‍ നിന്ന് മൂന്നു കിലോമീറ്റര്‍ അകലെയാണ് സംഭവം. ഇതോടെ കടുവ കൊന്ന വളര്‍ത്തു മൃഗങ്ങളുടെ എണ്ണം പതിനാറായി ആയി.
കാട്ടില്‍ നിന്ന് അഞ്ച് കിലോമീറ്റര്‍ അകലെയുള്ള ജനവാസ മേഖലയില്‍ കടുവയുടെ കാല്‍പ്പാടുകള്‍ കണ്ടെത്തിയിട്ടുണ്ട്. അതേസമയം, കടുവയെ പിടികൂടുന്നതിനായുള്ള തീവ്രശ്രമം നടന്നുവരികയാണ്. ചൊവ്വാഴ്ച മുതല്‍ രണ്ട് കുങ്കിയാനകളുടെ സഹായത്തോടെയാണ് കടുവയ്‌ക്ക് വേണ്ടി തെരച്ചില്‍ നടത്തുന്നത്. പകല്‍വെളിച്ചത്തില്‍ കണ്ടെത്തിയാല്‍ മയക്കുവെടിവച്ച് പിടികൂടി ശുശ്രൂഷിക്കാനാണ് വനംവകുപ്പിന്റെ തീരുമാനം.
വളര്‍ത്തുമൃഗങ്ങളെ കൊന്നൊടുക്കുന്ന കടുവയുടെ ചിത്രം വനംവകുപ്പ് പുറത്തുവിട്ടിരുന്നു. കഴുത്തില്‍ ആഴത്തില്‍ മുറിവേറ്റ നിലയിലാണ് കടുവ. മുയലിനെയും പന്നിയെയും കുടുക്കാന്‍ മനുഷ്യര്‍ ഒരുക്കിയ കുടുക്കില്‍ പെട്ടാണ് കടുവയ്‌ക്ക് ആഴത്തില്‍ മുറിവേറ്റതെന്ന് കരുതുന്നു. എന്നാല്‍, കടുവ ജില്ലയിലെ ഡാറ്റാ ബേസില്‍ ഉള്‍പ്പെട്ടതല്ലെന്ന് സിസിഎഫ് പറയുന്നു. കർണാടക വനംവകുപ്പ് അധികൃതർ പിടികൂടി കേരള അതിർത്തിയിലേക്ക് തുറന്നു വിട്ടതാണെന്ന് നാട്ടുകാർ ആരോപിക്കുന്നു.
കുറുക്കന്‍മൂലയില്‍ എത്തിയ ഉത്തരമേഖലാ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ഡി .കെ. വിനോദ് കുമാര്‍ കടുവയുടെ ചിത്രങ്ങള്‍ ദേശീയ കടുവാ സംരക്ഷണ അഥോറിറ്റിക്ക് അയച്ചുകൊടുത്തിട്ടുണ്ട്. മേഖലയിലെ കുട്ടികൾക്ക് സ്കൂളിൽ പോകാനായി പോലീസ് സംരക്ഷണം ഒരുക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. പാൽ-പത്ര വിതരണത്തിനും പോലീസ് സംരക്ഷണം ഒരുക്കും. തെരച്ചിലിനായി ഡ്രോണുകളും ഉപയോഗിക്കും. രാത്രികാലങ്ങളിൽ പുറത്തിറങ്ങരുതെന്നും നാട്ടുകാരോട് പോലീസ് അഭ്യർത്ഥിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: