അയ്മനം: പാണ്ഡവരുടെ സാന്നിദ്ധ്യം കൊണ്ട് ചരിത്ര പ്രസിദ്ധമായ പാണ്ഡവം ക്ഷേത്രത്തില്‍ പാണ്ഡവചരിതം ആലേഖനം ചെയ്ത് സത്യനാരായണ്‍ കൃതാര്‍ത്ഥനാകുന്നു. പാണ്ഡവം ധര്‍മ്മശാസ്താ ക്ഷേത്രത്തിന്റെ നാലമ്പലത്തിന്റെ ഭിത്തിയിലാണ് ഈ ചിത്രകാരന് തന്റെ കലാസപര്യ പൂര്‍ത്തിയാക്കി ഭഗവാനു സമര്‍പ്പിക്കുവാന്‍ ഒരുങ്ങുന്നത്. പഞ്ചപാണ്ഡവരും അമ്മ കുന്തിയും വനവാസക്കാലത്ത് സഞ്ചരിച്ചു എന്നു പറയപ്പെടുന്നതും ഇപ്പോഴും തെളിവുകള്‍ അവശേഷിക്കുന്നതുമായ ചില പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തിയും
പാണ്ഡവം ക്ഷേത്ര നിര്‍മ്മാണവുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. മെഡിക്കല്‍ കോളേജിനു സമീപം ചാത്തുണ്ണിപ്പാറ എന്ന സ്ഥലത്ത് പാണ്ഡവര്‍ താമസിച്ചിരുന്നതായി വിശ്വസിക്കുന്നു. ഇതിനു കാരണമായി പറയപ്പെടുന്നത് അവിടെ ഉണ്ടായിരുന്ന ശിലാ രൂപങ്ങളായിരുന്നു. പാറ തുരന്ന് വീടിന്റെ മാതൃക പണിതിരുന്നതും, ആട്ടുകല്ലും, അരകല്ലും അമ്മിക്കല്ലും, അരകല്ലില്‍ അരച്ചു വച്ചതു പോലെയുള്ള ഉരുളയും, എല്ലാം ഇവിടെ ഉണ്ടായിരുന്നു.എന്നാല്‍ കാലക്രമേണ ഈ വസ്തു കൈമാറ്റം ചെയ്യപ്പെടുകയും ഉടമ ഈ ചരിത്ര സ്മാരകത്തെ നശിപ്പിക്കുകയും ചെയ്തു. പാണ്ഡവത്തിനു സമീപം വടക്കോട്ട കുന്നിനു മുകളില്‍ ഭീമസേനന് ഗദ കുത്തിയതെന്നു കരുതപ്പെടുന്ന ഒരു ചെറിയ കുഴി പാറയുടെ മുകളില്‍ ഇപ്പോഴും അവിടെ കാണാം. എത്ര വലിയ വേനലിലും ഈ കുഴിയില്‍ വെള്ളം വറ്റാറില്ല. ആര്‍പ്പൂക്കരയില്‍ നിന്നും ഇവര്‍ അയ്മനത്തേയ്ക്കു വന്നത് മീനച്ചിലാര്‍ കടന്ന് കല്ലേക്കടവ് വഴിയാണെന്നു പറയപ്പെടുന്നു. ഇവിടെ നദിക്കു കുറുകെ ഒരു പാറ ഉള്ളതായി ഇപ്പോഴും കാണാം.
വേനല്‍ക്കാലത്ത് പാറ വെള്ളത്തിനു മുകളിലാകും. ജലഗതാഗത സൗകര്യത്തിനായി ഈ പാറയുടെ നടുഭാഗം പില്ക്കാലത്ത് പൊട്ടിച്ചു മാറ്റിയിരുന്നു. പാണ്ഡവത്ത് പാണ്ഡവര്‍ താമസിക്കുമ്പോഴാണ് ഇവിടെ ക്ഷേത്രം പണിതതെന്നും കരുതുന്നു. ഇതിന്റെ ഉദാഹരണമായി നമസ്കാര മണ്ഡപം ഒറ്റക്കല്ലില്‍ തീര്‍ത്തിരിക്കുന്നതും, ഒറ്റക്കല്ലില്‍ കൊത്തിയ ആനയെയും ഇവിടെ കാണാം. ഭീമസേനന് വധിച്ച ബകന് എന്ന രാക്ഷസന്റെ വാസസ്ഥലവും, കാളവണ്ടിയും കാളയും, നദി കുറുകെ കടക്കുമ്പോള്‍ കര്‍ണ്ണനെ നദിയിലൊഴുക്കിവിട്ട സംഭവം കുന്തിയുടെ മനസ്സില്‍ തെളിയുന്നതും എല്ലാം ചിത്രകാരന് ഇവിടെ രേഖപ്പെടുത്തിയിട്ടുണ്ട്. രണ്ടു വര്‍ഷത്തോളമായി ഒരു തപസ്സ് എന്ന നിലയില്‍ പ്രവര്‍ത്തിച്ചാണ് സത്യന് ചരിത്രവും ഐതീഹ്യവും ഇഴചേര്‍ന്ന തന്റെ ദൗത്യം പൂര്‍ത്തിയാക്കിയത്. ഭാര്യ ഗിരിജ, ശിഷ്യകളായ ദേവനന്ദയും മാളുവും ഈ ഉദ്യമത്തില്‍ പങ്കെടുത്തു.
ക്ഷേത്രത്തിലെ ഉത്സവത്തിന് 19ന് നടക്കുന്ന കൊടിയേറ്റു ദിവസം തന്റെ കലാസപര്യ ഭഗവാനു സമര്‍പ്പിക്കുവാനാണ് അയ്മനം കാഞ്ഞിരക്കാട്ട് സത്യന് നാരായണന്റെ തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: