തിരുവനന്തപുരം/കാട്ടാക്കട: തുടര്‍ഭരണം ലഭിച്ച് പുതിയ മന്ത്രിസഭ രൂപീകരിച്ചതില്‍ ഏകാധിപത്യ സ്വഭാവമാണ് മുഖ്യമന്ത്രി കാണിച്ചതെന്ന് സിപിഎം കാട്ടാക്കട ഏരിയാ സമ്മേളനത്തില്‍ പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനം. കാട്ടാക്കട ലോക്കല്‍ കമ്മിറ്റിയില്‍ നിന്ന് ഏരിയാ സമ്മേളനത്തില്‍ പങ്കെടുത്ത പ്രതിനിധികളാണ് വിമര്‍ശനം ഉന്നയിച്ചത്. ഇതോടെ ജില്ലാസമ്മേളനം അടുത്തിരിക്കെ സിപിഎമ്മില്‍ നടക്കുന്ന കടുത്ത വിഭാഗീയതയാണ് കാട്ടാക്കട ഏരിയാ സമ്മേളനത്തില്‍ മറനീക്കി പുറത്തുവരുന്നത്.
ഇഷ്ടക്കാരെ മാത്രം ഉള്‍പ്പെടുത്തിയാണ് പുതിയ മന്ത്രിസഭ രൂപീകരിച്ചത്. പോലീസിനെ സ്വതന്ത്രമാക്കുമെന്നാണ് മുഖ്യമന്ത്രി പറഞ്ഞിരുന്നത്. എന്നാല്‍ എല്ലാം സ്വതന്ത്രമാക്കി ഉദ്യോഗസ്ഥ ഭരണത്തിന് വിട്ടുകൊടുക്കുകയാണ് ചെയ്തിരിക്കുന്നത്. സംസ്ഥാനത്ത് ഉദ്യോഗസ്ഥരെ നിയന്ത്രിക്കുന്നത് മറ്റുപലരുമാണ്. പാര്‍ട്ടിക്ക് യാതൊരു സ്വധീനവുമില്ലാതായെന്നും പ്രതിനിധികള്‍ വിമര്‍ശിച്ചു.
കാട്ടാക്കട എംഎല്‍എ ഐ.ബി സതീഷിനോട് ജില്ലാ സെക്രട്ടറി വിശദീകരണം തേടിയതോടെയാണ് പ്രതിനിധികള്‍ക്കിടയിലെ തര്‍ക്കം പുറത്തുവന്നത്. ഒരു കരാട്ടെ അസോസിയേഷന് സംഘടനയ്ക്ക് സ്പോര്‍ട്സ് കൗണ്‍സില്‍ അംഗത്വം ലഭിക്കാന്‍ ഐ.ബി സതീഷ് ശിപാര്‍ശ നല്കി. മറ്റു രണ്ട് ജില്ലാ കമ്മിറ്റി അംഗങ്ങളും സിപിഎം ആഭിമുഖ്യമല്ലാത്ത ക്ലബ്ബിന് അംഗത്വം നേടാന്‍ ശിപാര്‍ശ നല്‍കിയിരുന്നു. എന്നാല്‍ ജില്ലാ സെക്രട്ടറി വിശദീകരണം തേടിയത് ഐ.ബി. സതീഷിനോട് മാത്രമായിരുന്നു.
അരുവിക്കരയിലെ തെരഞ്ഞെടുപ്പ് വീഴ്ചയുടെ പേരില്‍ വി.കെ മധുവിനെ ജില്ലാ സെക്രട്ടേറിയറ്റില്‍ നിന്ന് തരം താഴ്ത്തിയപ്പോള്‍ ഐ.ബി സതീഷ് കടുത്ത എതിര്‍പ്പ് ജില്ലാ കമ്മിറ്റിയില്‍ ഉയര്‍ത്തിയിരുന്നു. ഇതാണ് ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന് വിഭാഗത്തെ ചൊടിപ്പിച്ചതെന്നാണ് ആരോപണം. കാട്ടാക്കടയില്‍ തനിക്കെതിരെ പതിച്ച പോസ്റ്ററുകള്‍ക്ക് പിന്നില്‍ ജില്ലാ സെക്രട്ടറിക്ക് പങ്കുണ്ടെന്നും എംഎല്‍എ ആരോപിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: