ഡോ. സുകുമാര്‍ കാനഡ
നാല്‍പ്പത്തിയൊന്നു ദിവസത്തെ മണ്ഡലവ്രതാനുഷ്ഠാനം അവസാനിക്കുന്നത് ശബരിമലസന്നിധാനത്തിലേക്കുള്ള യാത്രയോടെയാണ്. ചിലര്‍ വ്രതാനുഷ്ഠാനങ്ങള്‍ തുടര്‍ന്ന് മകരവിളക്ക് പൂജയ്ക്ക് പങ്കെടുക്കുന്നു. എല്ലാവര്‍ഷവും മുടങ്ങാതെ മകരസംക്രാന്തിദിവസം സ്വാമിഅയ്യപ്പനെ ദര്‍ശിച്ച് മകരവിളക്കും കണ്ട് മടങ്ങുന്ന ലക്ഷക്കണക്കിന് ഭക്തജനങ്ങളുണ്ട്.
സൂര്യന് മകരരാശിയിലേക്ക് സംക്രമിക്കുന്നതിന്റെ ആദ്യദിവസമാണ് മകരസംക്രാന്തി. മകരജ്യോതിയെന്നത് പൊന്നമ്പലമേട് വനപ്രദേശത്ത് ദേശവാസികളായവര് നടത്തുന്ന ദീപാരാധനയാണ്. അതേസമയത്താണ് ആകാശത്ത് മകരനക്ഷത്രവും കാണപ്പെടുന്നത്. രണ്ടു ദീപങ്ങളും ദര്‍ശിക്കുന്നത് ഒരുസാധകന്റെ ആത്മീയജീവിതത്തിലെ പ്രധാനപ്രചോദനമാണ്. ശബരിമലയെ ചുറ്റി പതിനെട്ടുമലകളേയും കാടുകളേയും കാത്തുരക്ഷിക്കുന്ന സ്വാമിഅയ്യപ്പനെ ആരാധിക്കാനാണ് ദേശവാസികള്‍ മകരജ്യോതി തെളിച്ച് ദീപാരാധന നടത്തുന്നത്.
സാധാരണക്കാരായ ഭക്തജനങ്ങള്‍, വേദശാസ്ത്രജ്ഞാനമൊന്നും ആര്ജിക്കാത്തവര്, ആചാരപരമായിമാത്രം ശബരിമലയാത്രയെ കണക്കാക്കിവരുന്നു. അവര്‍ വിശ്വാസതലത്തില്‍ സ്വാമിഅയ്യപ്പനില് സര്‍വ്വവും സമര്‍പ്പിച്ച് മണ്ഡലവ്രതമെടുക്കുന്നു. നാട്ടില്‍ത്തന്നെയുള്ള മുതിര്‍ന്ന അയ്യപ്പഭക്തനെ ഗുരുസ്വാമിയാക്കി മാലയിട്ടാണ് വ്രതം തുടങ്ങുന്നത്. ശബരിമലയാത്രയ്ക്ക് മുന്‍പ് തീര്‍ത്ഥാടകര്‍ തുണികൊണ്ടുള്ളരണ്ടുറകളുള്ള ഒരു സഞ്ചി തയ്യാറാക്കുന്നു. ഒരുറയില്‍ സന്നിധാനത്ത് സമര്‍പ്പിക്കാനുള്ള വസ്തുക്കളും മറ്റേതില്‍ വഴിയില്‍ ആവശ്യമുള്ള വസ്തുക്കളുമാണ് ഇരുമുടിക്കെട്ടില്‍ വയ്ക്കുന്നത്. പള്ളിക്കെട്ട് എന്നും ഇതിന് പേരുണ്ട്. പ്രതീകാത്മകമായി പറഞ്ഞാല്‍ ഭക്തന് അവന്റെ സഞ്ചിതമായ പാപപുണ്യങ്ങളെ ഭാണ്ഡങ്ങളാക്കി തിരുനടയിലേക്ക് കൊണ്ടുപോയി അവിടെ സമര്‍പ്പിക്കുകയാണ് ചെയ്യുന്നത്. അങ്ങനെ അയ്യപ്പസന്നിധിയില്‍ സമര്‍പ്പിക്കുന്ന പാപപുണ്യക്കെട്ടുകള് തിരുനടയില്‍ സമര്‍പ്പിക്കുന്നതോടെ ഭാരമുക്തനായി ഭക്തന്റെ ജീവിതായോധനം തുടരാം എന്ന ആശയമാണ് ഇതിനുപിറകിലുള്ളത്.
മൂത്തുണങ്ങിയ ഒരുനാളികേരം അതിലെ വെള്ളംകളഞ്ഞ് അതിനുള്ളില്‍ ശുദ്ധമായ പശുവിന്നെയ്യ് നിറയ്ക്കുന്ന ചടങ്ങ് ശബരിമലയാത്രയ്ക്ക് മുന്‍പ് ചെയ്യുന്ന ഏറ്റവും പ്രധാനപ്പെട്ട അനുഷ്ഠാനമാണ്. ഗുരുസ്വാമിയുടെ സഹായത്തോടെ സ്വാമിയേശരണമയ്യപ്പാ എന്ന ശരണംവിളികളോടെയാണ് ഉരുക്കിയ നെയ്യ് തേങ്ങയില്‍ നിറയ്ക്കുന്നത്. ശബരിമലയിലെത്തി ദേവവിഗ്രഹത്തില്‍ അഭിഷേകം ചെയ്യാനുള്ള നെയ്യാണിത്. ഭക്തന്റെ ‘അഹം’ പ്രതീകാത്മകമായി ദേഹമാകുന്ന നാളികേരത്തില്‍ ഒഴിച്ച് സന്നിധാനത്തിലെത്തി സമര്‍പ്പിക്കുകയാണ്. സന്നിധാനത്തു വച്ച് നാളികേരത്തിന്റെ കട്ടിയുള്ള ചിരട്ടപൊട്ടിക്കുന്നത് ദേഹാഭിമാനത്തെ ഇല്ലാതാക്കുന്നതിന്റെ പ്രതീകമാണ്. ഉള്ളിലെ നെയ്യ് ഭഗവാന് സമര്‍പ്പിക്കുന്നത് സ്വന്തമെന്ന്ഇതുവരെ കരുതിയിരുന്ന അഹത്തെ ഭഗവാനില്‍ വിലയിപ്പിക്കുന്നതിനെ സൂചിപ്പിക്കുന്നു. ദേഹത്തിനുംമനസ്സിനും ബുദ്ധിക്കും ഉപരിയാണല്ലോ അഹം.
.
‘ഇരുമുടിയാണെന്‍ സമ്പാദ്യം
ശരണം വിളിയെന്‍ പാഥേയം
ഇഹപര സുകൃതത്തിന്നാധാരം
എന്‍ അയ്യന്നല്കും ശരണലയം
സ്വാമിഅയ്യന് നല്‍കും ശരണലയം’
കാലം കടന്നുപോയതോടെ തീര്‍ത്ഥയാത്രയുടെ തയ്യാറെടുപ്പുകളില്‍ കാലാനുസൃതമായ മാറ്റങ്ങള്‍ ഉണ്ടായി. നൂറ് കണക്കിന് മൈലുകള്‍ നടന്ന്പോയി ദര്‍ശനം നടത്തിയിരുന്നവര്‍ ശബരിമലയുടെ അടിവാരം വരെ വാഹനങ്ങളിലാണിപ്പോള് എത്തുന്നത്. പമ്പാനദിയുടെ തീരം വരെയാണ് ഇപ്പോള്‍ വാഹനങ്ങള്‍ ഉള്ളത്.
പമ്പാനദിയില്‍ കുളികഴിഞ്ഞ് അവിടെയുള്ള ഗണപതി ക്ഷേത്രത്തില്‍ ദര്‍ശനവും പൂജയുംകഴിച്ചശേഷമാണ് യാത്രികര്‍ മലകയറുക. പമ്പയിലേക്ക് എത്തും മുന്‍പായി എരുമേലിയില്‍ പേട്ടതുള്ളുക എന്നൊരു ചടങ്ങും പതിവുണ്ട്. എരുമേലിയിലെ വാവര്‍പള്ളിയിലും യാത്രികര്‍ ആരാധന നടത്തുന്നു. എരുമേലിയില്‍ കാനനവാസികളെ അനുസ്മരിച്ചുകൊണ്ട് അവരുടെ വേഷത്തില്‍ അയ്യപ്പസ്വാമിയുടെ ഉത്സവാഘോഷം ചെണ്ടകൊട്ടിയും പേട്ടതുള്ളിയും നടത്തുന്ന ലക്ഷക്കണക്കിന് ഭക്തരുണ്ട്. മഹിഷിയെ കീഴടക്കിയ മണികണ്ഠനെ വിജയഘോഷത്തോടെ സ്വീകരിച്ചാനയിക്കുന്ന ഉത്സവമാണവിടെ നടക്കുന്നത്.
വിഘ്നവിനായകനായ പമ്പാഗണപതിയെ തൊഴുത് ഭക്തര്‍ മലകയറുന്നു. മൂന്നുമണിക്കൂറോളം കാല്‍നടയായി കുത്തനെയുള്ള മലയും കാട്ടുവഴിയും താണ്ടിയാണ് സന്നിധാനത്തില്‍ എത്തിച്ചേരുക. ശ്രീകോവിലിലേക്ക്സമീപിക്കുന്നതിനു മുന്‍പേ നാം കുത്തനെയുള്ള പതിനെട്ടുപടികള്‍ കാണുന്നു. ഇരുമുടിക്കെട്ട് തലയിലേന്തി, കരിങ്കല്ലില്‍ നിര്‍മ്മിച്ച, സ്വര്ണ്ണംപൂശിയപടികള് കയറുന്നത് ശബരിമലസന്നിധാനത്തെ സുപ്രധാനമായ ഒരു ചടങ്ങാണ്. പടികയറി മുന്നോട്ട ്നോക്കുമ്പോള് നാം കാണുന്നത് ക്ഷേത്രത്തിനു മുകളിലെ വലിയ അക്ഷരങ്ങളില്‍ എഴുതിയിട്ടുള്ള മഹാവാക്യമാണ്. ‘തത്ത്വമസി’ അതെ, നാം നമ്മുടെ ലക്ഷ്യസ്ഥാനത്ത് എത്തിയിരിക്കുന്നു!
പ്രതികരിക്കാൻ ഇവിടെ എഴുതുക: