1962 ലെ ചൈനയുമായുള്ള യുദ്ധത്തില്‍ ഭാരതം പരാജയപ്പെട്ടു. ഉത്തരവാദികളുടെ രാജി രാജ്യം ആവശ്യപ്പെട്ടു. കൂട്ടുത്തരവാദിത്തമുള്ള മന്ത്രിസഭയിലെ പ്രധാനമന്ത്രി തന്നെയായിരുന്നു രാജിവയ്‌ക്കേണ്ടിയിരുന്നത്. പക്ഷേ പ്രതിരോധമന്ത്രി വി.കെ. കൃഷ്ണമേനോനെ ബലിയാടാക്കി പ്രധാനമന്ത്രി ‘തടിയൂരി’. ലോക്‌സഭയിലുയര്‍ന്ന ആവശ്യം മേനോന്റെ രാജിയായിരുന്നിരിക്കാം. പ്രതിരോധമന്ത്രി, മേനോന്റെ രാജിക്കു പിന്നാലെ കാമരാജ് പ്ലാന്‍ നടപ്പാക്കി, ബാക്കി പ്രമുഖരെ കാബിനറ്റിന് പുറത്താക്കി; മകള്‍ ഇന്ദിരയുടെ അധികാരത്തിലേക്കുള്ള ഭാവി വഴി വെടിപ്പാക്കി. വീണതും വിദ്യയാക്കിയ അസാദ്ധ്യ രാഷ്‌ട്രീയ മെയ്‌വഴക്കം!
1971 ല്‍ പാകിസ്ഥാനെതിരെയുള്ള യുദ്ധം ഭാരതം വിജയിച്ചു. തോറ്റ യുദ്ധത്തിന് പഴി കേള്‍ക്കേണ്ടി വന്നത് പ്രതിരോധമന്ത്രിയാണെങ്കില്‍, ജയിച്ച യുദ്ധത്തിന്റെ പട്ടും വളയും കിട്ടേണ്ടതും പ്രതിരോധമന്ത്രിക്കായിരുന്നില്ലേ? പക്ഷേ, അതിന്റെ പേരില്‍ ഇന്ദിര, പ്രധാനമന്ത്രി പദം ഉറപ്പിച്ചു; ഭാരതരത്‌നമാണെന്ന് സ്വന്തം സര്‍ക്കാരിനെക്കൊണ്ട് പ്രഖ്യാപിപ്പിച്ചു. പോര്‍മുഖത്ത് ഭാരതത്തെ അപ്രതിരോധ്യമാക്കിയതില്‍ പ്രതിരോധമന്ത്രിയുടെ പങ്ക് ഭാരതം അംഗീകരിച്ചോ? കോണ്‍ഗ്രസ്സുമായുള്ള ബന്ധം മുറിച്ച് ജനതാ സര്‍ക്കാരില്‍ ഡപ്യൂട്ടി പ്രധാനമന്ത്രിയായ അദ്ദേഹം പ്രധാനമന്ത്രിയാകുമെന്ന ഘട്ടമെത്തിയപ്പോള്‍ രാഷ്‌ട്രപതി നീലം സഞ്ജീവറെഡ്ഡിയും ചൗധരി ചരണ്‍ സിങ്ങും ഇന്ദിരാ ഗാന്ധിയും മറ്റും ചേര്‍ന്ന് ആ അവസരം അട്ടിമറിച്ചു. അന്ന്, ‘ഈ നശിക്കപ്പെട്ട ദേശത്ത് ഒരു ചെരുപ്പുകുത്തിക്ക് ഒരിക്കലും പ്രധാനമന്ത്രിയാകാന്‍ കഴിയില്ല’ എന്ന് അവസരം നിഷേധിക്കപ്പെട്ട ബാബൂ ജഗ്ജീവന്‍ റാം പറഞ്ഞ വാക്കുകള്‍ ജനാധിപത്യ ഭാരതത്തെ വേദനിപ്പിക്കുന്ന വെല്ലുവിളിയായി ഇന്നും മുഴങ്ങുന്നില്ലേ?
പ്രതിരോധ സന്നാഹങ്ങള്‍ക്കും സന്നദ്ധതയ്‌ക്കും രണതന്ത്രങ്ങള്‍ക്കും ചലനാത്മകമായ പുതിയ മുഖം നല്‍കുന്നതില്‍ നിര്‍ണ്ണായക പങ്കാണ് ജഗ്ജീവന്‍ റാം നിര്‍വഹിച്ചത്. നെഹ്‌റുവിന് സൈന്യത്തോടുണ്ടായിരുന്ന സമീപനം, ലാല്‍ ബഹദൂര്‍ ശാസ്ത്രി ‘ജയ് ജവാന്‍, ജയ് കിസാന്‍’ സമീപനത്തിലൂടെ തിരുത്തി. ആ സകാരാത്മക സമീപനവുമായി 1970 ജൂണില്‍ പ്രതിരോധമന്ത്രിയായ ജഗ്ജീവന്‍ റാം കേവലം പതിനേഴുമാസം കൊണ്ട് രാജ്യമെങ്ങുമുള്ള സൈനികത്താവളങ്ങളിലെത്തി സാധാരണ ജവാന്മാരിലേക്കും ആവേശം പകര്‍ന്നു. അവരോടദ്ദേഹം പറഞ്ഞു; യുദ്ധത്തിന് വേണ്ടി യുദ്ധം എന്നത് നമ്മുടെ രീതിയല്ല; ആക്രമണങ്ങളുടെ സംസ്‌കാരവും പാരമ്പര്യവും ചരിത്രവും നമുക്കില്ല; അധിനിവേശത്തിന്റെ അജണ്ടയുമില്ല; പക്ഷേ, യുദ്ധം നമ്മുടെ മേല്‍ അടിച്ചേല്‍പ്പിച്ചാല്‍ അത് നടക്കുന്നത് ഭാരതത്തിന്റെ മണ്ണിലാകില്ല; നമ്മള്‍ ശത്രുക്കളെ അവരുടെ മണ്ണിലേക്ക് പിടിച്ചു തള്ളും, അവിടെയായിരിക്കും യുദ്ധം. 1948 ല്‍ 28000 ചതുരശ്ര കിലോ മീറ്റര്‍ പാക്കിസ്ഥാന് വിട്ടുകൊടുത്ത, 1962 ല്‍ 38000 ചതുരശ്ര കിലോ മീറ്റര്‍ ചൈനയ്‌ക്ക് വിട്ടുകൊടുത്ത, 1965 ല്‍ പിടിച്ചെടുത്ത ഹാജിപ്പൂര്‍ പാക്കിസ്ഥാന് വിട്ടുകൊടുത്ത ഭാരതം മാറുന്നുവെന്ന സന്ദേശമാണ് പുതിയ പ്രതിരോധമന്ത്രി അവര്‍ക്കു നല്‍കിയത്. ‘നീ മറ്റാരെയെങ്കിലും എഴുന്നേറ്റ് നിന്ന് ബഹുമാനിക്കുകയോ ബഹുമാനിക്കാതിരിക്കുകയോ ചെയ്തുകൊളൂ. പക്ഷേ നീ ഒരു പട്ടാളക്കാരനെ കണ്ടാല്‍ എഴുന്നേറ്റ് നില്‍ക്കണം, അഭിവാദ്യം ചെയ്യണം, ആദരവറിയിക്കണം.’ അതായിരുന്നു അച്ഛന്‍ തനിക്ക് നല്‍കിയ നിര്‍ദ്ദേശമെന്ന് ജഗ്ജീവന്‍ റാമിന്റെ മകളും മുന്‍ ലോക്‌സഭാ സ്പീക്കറുമായിരുന്ന മീരാകുമാര്‍ രേഖപ്പെടുത്തിയിട്ടുള്ളത് സൈനികരോടുണ്ടായിരുന്ന അദ്ദേഹത്തിന്റ സമീപനം വ്യക്തമാക്കുന്നു.
ആ യുദ്ധ നേതൃത്വത്തെ പ്രകീര്‍ത്തിച്ചുകൊണ്ട് അന്നത്തെ ചീഫ് ഓഫ് ജനറല്‍ സ്റ്റാഫ് ഇന്‍ കമാന്‍ഡ്. ലഫ്റ്റനന്റ് ജനറല്‍ ജെ.എഫ്.ആര്‍. ജേക്കബ്ബ് അദ്ദേഹത്തിന്റെ ‘സറണ്ടര്‍ അറ്റ് ധാക്കാ’യില്‍ രേഖപ്പെടുത്തിയിരിക്കുന്നത്, ജഗ്ജീവന്‍ റാം ‘ഒരു പക്ഷേ, ഭാരതത്തിലെ ഏറ്റവും നല്ല പ്രതിരോധമന്ത്രി’ എന്നാണ്. ആ പുസ്തകത്തില്‍ എടുത്തു പറയുന്നു ‘അദ്ദേഹത്തിന് സൈനിക രണതന്ത്രത്തെ കുറിച്ച് അവഗാഹമുണ്ടായിരുന്നു. നല്ല ഭരണാധികാരിയുമായിരുന്നു. ജഗ്ജീവന്‍ റാമാണ് മുന്ന് സര്‍വീസുകള്‍ക്കും ആവശ്യമുള്ള മനുഷ്യശക്തിയും യുദ്ധോപകരണങ്ങളും അടിസ്ഥാന സൗകര്യങ്ങളും കഴിയുന്നത്ര നല്‍കുന്നുണ്ടെന്ന് ഉറപ്പ് വരുത്തിയത്’
2012 ല്‍ 41 വര്‍ഷങ്ങള്‍ക്കു ശേഷമാണെങ്കിലും ‘വിജയത്തിലേക്കു നയിച്ച അവസാന പ്രഹരത്തിന് നിര്‍ണ്ണായകമായി മാറിയ ഇന്ത്യയുടെയും ബംഗ്ലാദേശിന്റെയും ‘ജോയിന്റ് കമാന്‍ഡിന്റെ’ രൂപീകരണത്തിന് കാരണഭൂതനായ ‘പ്രതിരോധമന്ത്രി ജഗ്ജീവന്‍ റാമിനെ ബംഗ്ലാദേശ് ആദരിച്ചു. പക്ഷേ, 1971 ഡിസംബര്‍ 16 ന് ‘എനി
ക്ക് ഒരു പ്രഖ്യാപനം നടത്താനുണ്ട്. പടിഞ്ഞാറന്‍ പാക്കിസ്ഥാന്‍ ശക്തികള്‍ ബംഗ്ലാദേശില്‍ നിരുപാധികം കീഴടങ്ങിയിരിക്കുന്നു. ധാക്കാ ഇപ്പോള്‍ ഒരു സ്വതന്ത്ര രാജ്യത്തിന്റെ സ്വതന്ത്ര തലസ്ഥാനമാണ്’ എന്ന് പാര്‍ലമെന്റില്‍ പ്രഖ്യാപിച്ച പ്രതിരോധമന്ത്രി ബാബു ജഗ്ജീവന്‍ റാം ഭാരതത്തിന്റെ അംഗീകാരം കൂടുതല്‍ അര്‍ഹിക്കുന്നു. 1962 ലെ പരാജയത്തിന്റെ പാപഭാരം അന്നത്തെ പ്രതിരോധമന്ത്രി കൃഷ്ണമേനോന്റെ തലയില്‍ വെച്ചുകെട്ടിയവര്‍ 1971 ലെ വിജയത്തിന്റെ ശ്രേയസ്സ് അന്നത്തെ പ്രതിരോധമന്ത്രിയായിരുന്ന ജഗ്ജീവന്‍ റാമിന് നല്‍കുന്നതാകും ബുദ്ധിക്കും യുക്തിക്കും നിരക്കുന്ന സമീപനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: