ലഖ്നൗ : ഹത്രാസില്‍ കലാപം ഉണ്ടാക്കാന്‍ ശ്രമിച്ചതില്‍ പിടിയിലായ മലയാളി മാധ്യമ പ്രവര്ത്തകന് സിദ്ദിഖ് കാപ്പന്റെ കേസ് ലഖ്നൗ എന്‍ഐഎ കോടതിയിലേക്ക് മാറ്റി. രാജ്യദ്രോഹ പ്രവര്‍ത്തനം, യുഎപിഎ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് ഉത്തര്‍ പ്രദേശ് പോലീസ് അറസ്റ്റ് ചെയ്തത്. എന്‍ഐഎ നിയമത്തിലെ 22ാം വകുപ്പ് പ്രകാരമാണ് ലഖ്നൗ കോടതിയിലേക്ക് വിചാരണ മാറ്റുന്നത്. മഥുര കോടതിയിലാണ് ഇതുവരെ പരിഗണിച്ചിരുന്നത്.
വിചാരണയ്ക്കായി പ്രത്യേക കോടതി സജ്ജീകരിച്ചതായും കേസ് അങ്ങോട്ടേയ്ക്ക് മാറ്റണമെന്നും പ്രത്യേക അന്വേഷണ സംഘം ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് മഥുര അഡീഷണല്‍ സെഷന്‍സ് ജഡ്ജ് അനില്‍ കുമാര്‍ പാണ്ഡെയാണ് കേസ് മാറ്റാന്‍ ഉത്തരവിറക്കിയത്. ഇനി വിചാരണ നടക്കുക ലഖ്നൗവിലെ പ്രത്യേക കോടതിയില്‍ ആയിരിക്കുമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നുണ്ട്.
ഹത്രാസിലേക്കുള്ള യാത്രയ്ക്കിടെ സിദ്ധിഖ് കാപ്പന് ഉള്‍പ്പെടെ നാലുപേരെ 2020 ഒക്ടോബറിലാണ് യുപി പോലീസ് അറസ്റ്റ് ചെയ്തത്. ഹത്രാസില്‍ കലാപം ഉണ്ടാക്കാനുള്ള പദ്ധതിയുടെ ഭാഗമായിട്ടായിരുന്നു യാത്രയെന്ന് പോലീസ് കണ്ടെത്തിയിരുന്നു. കള്ളപ്പണം വെളുപ്പിക്കല്‍, വര്‍ഗീയ കലാപത്തിനായുള്ള ഫണ്ടിങ് എന്നിവയിലും സിദ്ദിഖ് കാപ്പന് പങ്കാളിത്തമുള്ളതായി കണ്ടെത്തിയിട്ടുണ്ട്. പോപ്പുലര്‍ ഫ്രണ്ട് പ്രവര്ത്തകന് കൂടിയായ സിദ്ധിഖ് കാപ്പന് മാധ്യമ പ്രവര്‍ത്തനത്തിന്റെ മറയാക്കിയാണ് ഇത്തരത്തിലുള്ളവ ചെയ്തത്.
കാപ്പനൊപ്പം പിടിയിലായ, കാംപസ് ഫ്രണ്ട് ദേശീയ ഖജാന്‍ജിയും യുപി സ്വദേശിയുമായ അഥീഖുര്‍ റഹ്മാന്, ക്യാമ്പസ് ഫ്രണ്ട് ദല്‍ഹി സംസ്ഥാന സെക്രട്ടറി മസൂദ് അഹമ്മദ്, പോപ്പുലര്‍ ഫ്രണ്ട് നേതാവ് ആലം എന്നിവര്‍ക്കെതിരെയും യുഎപിഎ, രാജ്യദ്രോഹ കുറ്റവും ചുമത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: