കൊച്ചി : മൊബൈല്‍ ഫോണ്‍ മോഷണം ആരോപിച്ച് പിങ്ക് പോലീസ് എട്ടുവയസ്സുള്ള പെണ്‍കുട്ടിയെ മാനസികമായി പീഡിപ്പിച്ച സംഭവത്തില്‍ കര്‍ശന ഇടപെടലുമായി ഹൈക്കോടതി. പിങ്ക് പോലീസിന്റെ പരസ്യ വിചാരണയ്‌ക്ക് വിധേയയായ കുട്ടിക്ക് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി. തനിക്ക് നീതി ലഭിച്ചു എന്ന് കുട്ടിക്ക് ബോധ്യപ്പെടുന്ന തരത്തിലായിരിക്കണം നഷ്ടപരിഹാരം. നമ്പി നാരായണന് നല്‍കിയ പോലെ നഷ്ടപരിപാരം നല്‍കണമെന്നും ഹൈക്കോടതി ഉത്തരവില്‍ വ്യക്തമാക്കി. ഇന്നു സംഭവത്തില്‍ പോലീസിനെ കോടതി വിമര്‍ശിച്ചു. ആരെ രക്ഷിക്കാനാണ് ഡിജിപിയുടെ റിപ്പോര്‍ട്ടെന്നും പോലീസുകാരിക്ക് അബദ്ധം പറ്റിയതാണെങ്കില്‍ പോലും മറുപടി പറയേണ്ടതാണ്. എന്താണ് പോലീസുകാരിക്കെതിരേ നടപടി എടുക്കാന്‍ കഴിയാത്തതെന്നും കോടതി ചോദിച്ചു. തിങ്കളാഴ്ച ഇക്കാര്യത്തില്‍ മറുപടി നല്‍കണമെന്നും ഹൈക്കോടതി.
പോലീസ് ഉദ്യോഗസ്ഥ ഇപ്പോഴും ജോലിയില്‍ തുടരുന്നുണ്ടോയെന്നും, അവര്‍ക്കെതിരെ എന്ത് നടപടിയാണ് സ്വീകരിച്ചതെന്നും ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിനോട് നേരത്തേ, ചോദിച്ചിരുന്നു. മൂന്ന് മാസം മുമ്പാണ് ആറ്റിങ്ങലില്‍ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചെന്ന് ആരോപിച്ച് പിങ്ക് പോലീസ് എട്ടുവയസ്സുകാരിയേയും അച്ഛന്‍ ജയചന്ദ്രനേയും പരസ്യ വിചാരണ നടത്തിയത്. പെണ്‍കുട്ടി ഇതിനെതിരെ കോടതിയെ സമീപിക്കുകയായിരുന്നു. മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചുവെന്ന ചെയ്യാത്ത തെറ്റിന്റെ പേരില്‍ പോലീസ് ഉദ്യോഗസ്ഥ തന്നെ കള്ളി എന്ന് വിളിച്ച് അപമാനിച്ചു. തന്റെ അച്ഛന്റെ വസ്ത്രം അഴിച്ചും പരിശോധന നടത്തി. പിന്നീട് ഉദ്യോഗസ്ഥയുടെ ഹാന്‍ഡ്ബാഗില്‍ നിന്ന് തന്നെ മൊബൈല്‍ കണ്ടെത്തി. പോലീസിന്റെ പീഡനം കാരണം തങ്ങള്‍ക്ക് മാനസ്സിക പ്രശ്‌നങ്ങള്‍ ഉണ്ടായി.
കുറ്റക്കാരിയായ ഉദ്യോഗസ്ഥയെ പോലീസും സര്‍ക്കാരും സംരക്ഷിക്കുകയാണ് നടപടി സ്വീകരിച്ചില്ല. ആരോപണ വിധേയയായ രജിതയുടെ താത്പ്പര്യ പ്രകാരം അവരെ സ്ഥലം മാറ്റുകയാണ് ചെയ്തത്. സംഭവത്തില്‍ 50 ലക്ഷം രൂപ നഷ്ടപരിഹാരമായി നല്‍കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: