കൊച്ചി : കണ്ണൂര്‍ സര്‍വ്വകലാശാല വിസി നിയമനവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെ സംസ്ഥാന സര്‍ക്കാരിന് ആശ്വസിക്കാം. കണ്ണൂര്‍ യൂണിവേഴ്സിറ്റി വൈസ്ചാന്‍സിലറായി പ്രൊഫസര്‍ ഗോപിനാഥ് രവീന്ദ്രന് തുടരാമെന്ന് ഹൈക്കോടതി. വിസി പുനര്‍നിയമത്തിന് എതിരായി സേവ് യൂണിവേഴ്സിറ്റി ക്യാംപെയിന് നല്കിയ ഹര്‍ജി ഹൈക്കോടതി തള്ളിക്കൊണ്ടാണ് ഇക്കാര്യം അറിയിച്ചത്. ജസ്റ്റീസ് അമിത് റാവലാണ് ഹര്‍ജി പരിഗണിച്ചത്.
വിസിയെ നീക്കാന്‍ നിര്‍ദേശിക്കണമെന്നാവശ്യപ്പെട്ട് കണ്ണൂര്‍ യൂണിവേഴ്സിറ്റി സെനറ്റ് അംഗം ഡോ പ്രേമചന്ദ്രന് കീഴോത്ത്, അക്കാദമിക് കൗണ്‍സില്‍ അംഗം ഷിനോ പി ജോസ് എന്നിവര്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് കോടതി പരിഗണിച്ചത്. വിവിധ സര്‍വകലാശാലകളിലെ വിസി നിയമനവുമായി ബന്ധപ്പെട്ട് സര്‍ക്കാരും ചാന്‍സലറായ ഗവര്‍ണറും തമ്മില്‍ ഉടലെടുത്ത രൂക്ഷമായ അഭിപ്രായഭിന്നത നിലനില്‍ക്കുന്നതിനിടെയാണ് സര്‍ക്കാരിന് ആശ്വാസകരമായ വിധിയുണ്ടായിരിക്കുന്നത്.
വിസിയുടെ പ്രായപരിധി അടക്കമുള്ള വിഷയങ്ങള്‍ നിലനില്‍ക്കുന്നതല്ല എന്ന് ചൂണ്ടിക്കാണിച്ചാണ് ഹര്‍ജി കോടതി തള്ളിയത്. ഇപ്പോഴത്തെ വിവാദങ്ങളുമായി ബന്ധപ്പെട്ട രേഖകള്‍ വിളിച്ചുവരുത്തി പരിശോധിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള ഉപഹര്‍ജിയും കോടതി തള്ളിയിട്ടുണ്ട്.
ഗവര്‍ണറുടെ പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ കൂടുതല്‍ വാദത്തിന് അവസരം നല്‍കണമെന്ന ഹര്‍ജിക്കാരുടെ ആവശ്യം ജസ്റ്റിസ് അമിത് റാവല്‍ കഴിഞ്ഞ ദിവസം തള്ളിയിരുന്നു.
അതേസമയം ഗവര്‍ണര്‍ കൂടി അറിഞ്ഞ് നിയമപരമായ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയല്ലേ പുനര്‍നിയമനം നല്‍കിയതെന്ന സംശയവും കോടതി പ്രകടിപ്പിച്ചിരുന്നു. അതുകൊണ്ടു തന്നെ ഗവര്‍ണറുടെ പ്രസ്താവനയുമായി ബന്ധപ്പപ്പെട്ടുള്ള പുതിയ വിവാദങ്ങളൊന്നും കോടതിക്കു മുന്നില്‍ വന്നിട്ടില്ല.
ഈ മാസം രണ്ടാം തീയതി നടന്ന വാദത്തിനു ശേഷമാണ് കേസ് വിധി പ്രസ്താവനയ്ക്കായി മാത്രം ബുധനാഴ്ച്ചത്തേയ്ക്ക് മാറ്റിവെയ്ക്കുകയായിരുന്നു. നിലവിലെ വിവാദങ്ങളെല്ലാം വിചാരണയ്ക്ക് ശേഷമാണ് ഉണ്ടായിട്ടുള്ളത്. മാത്രമല്ല മുഖ്യമന്ത്രിക്ക് ഗവര്‍ണര്‍ അയച്ച കത്തും തുടര്‍ന്നുള്ള വിവാദങ്ങളുമായി ബന്ധപ്പെട്ട രേഖകളും പരിശോധിക്കണമെന്നും ഫയല്‍ വിളിച്ചുവരുത്തണമെന്നും ആവശ്യപ്പെട്ടുകൊണ്ടുള്ള ഉപഹര്‍ജി കോടതി തള്ളിയിട്ടുമുണ്ട്.
കണ്ണൂര്‍ വിസിയുടെ കാലാവധി അവസാനിച്ചതിന് തൊട്ടടുത്ത ദിവസമാണ് പുനര്‍നിയമനം നല്‍കിക്കൊണ്ട് ചാന്‍സലര്‍ ഉത്തരവ് പുറപ്പെടുവിച്ചത്. ഇതോടെ പുതിയ വിസിയെ തെരഞ്ഞെടുക്കാനായി രൂപീകരിച്ച കമ്മിറ്റിയും ഇതിനു പിന്നാലെ പിരിച്ചുവിട്ടിരുന്നു. നാല് വര്‍ഷത്തെ കാലാവധി പൂര്‍ത്തിയാക്കിയ വിസിക്ക് അതേ പദവിയില്‍ ഗവര്‍ണര്‍ നാല് വര്‍ഷത്തേക്കു കൂടി പുനര്‍നിയമനം നല്കുന്നതു സംസ്ഥാനത്ത് ആദ്യമായിരുന്നു.
നിയമനത്തിന് പിന്നാലെയാണ് രാഷ്ട്രീയ സമ്മര്‍ദം മൂലമാണ് വിസി നിയമന ഉത്തരവില്‍ ഒപ്പിട്ടതെന്ന് ഗവര്‍ണര്‍ തുറന്നടിച്ചത്. കൂടാതെ വിസി നിയമനങ്ങളില്‍ രാഷ്ട്രീയ ഇടപെടല്‍ നടക്കുന്നുണ്ട്. സമ്മര്‍ദ്ദങ്ങള്‍ക്ക് വിധേയനായി ചാന്‍സിലര്‍ സ്ഥാനത്ത് തുടരാനാവില്ലെന്നും കാട്ടി ഗവര്‍ണര്‍ മുഖ്യമന്ത്രിക്ക് കത്ത് അയയ്ക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: