മറയൂര്‍ : സിപിഎം ലോക്കല്‍, ഏരിയ സമ്മേളനങ്ങളില്‍ പങ്കെടുക്കാത്തതില്‍ എസ്. രാജേന്ദ്രനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം.എം. മണി. സിപിഎം ജില്ലാ കമ്മിറ്റിയംഗമായിട്ടും സിപിഎം ലോക്കല്‍, ഏരിയാ സമ്മേളനങ്ങളില്‍ നിന്നും രാജേന്ദ്രന്‍ ഒഴിഞ്ഞു നില്‍ക്കുകയായിരുന്നു. തുടര്‍ന്ന് സിപിഎം മറയൂര്‍ ഏരിയാ കമ്മറ്റിയോഗത്തില്‍ പങ്കെടുത്ത് സംസാരിക്കവേയാണ് വിമര്‍ശനം ഉയര്‍ത്തിയത്.
കുടിക്കുന്നവെള്ളം മോശമാക്കിയതു പോലെയുള്ള പ്രവര്‍ത്തനമാണ് രാജേന്ദ്രന്‍ ചെയ്യുന്നത്. താന്‍ ചെത്തുകാരന്റെയും രാജേന്ദ്രന്‍ തോട്ടംതൊഴിലാളിയുടെയും മകനാണ്. ഇപ്പോള്‍ ഈ സ്ഥാനത്ത് എത്തിച്ചത് സിപിഎം എന്ന മഹാപ്രസ്ഥാനമാണ്. എന്നെ ഒരുതവണ മന്ത്രിയാക്കി, ഇപ്പോള്‍ എംഎല്‍എയും. മന്ത്രിസ്ഥാനത്ത് ഇരുന്ന് നന്നായി പ്രവര്‍ത്തിച്ചവരെല്ലാം മാറിനില്‍ക്കാന്‍ പാര്‍ട്ടി പറഞ്ഞു. പുതിയവര്‍ എത്തി. പാര്‍ട്ടിയോടു കൂറുവേണം. മൂന്നു തവണ എംഎല്‍എ, ഒരു തവണ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്നീ സ്ഥാനങ്ങള്‍ അലങ്കരിച്ച രാജേന്ദ്രന്‍ വീണ്ടും മത്സരിച്ചാല്‍ തോല്‍ക്കുമെന്ന് പാര്‍ട്ടിക്ക് വ്യക്തതയുണ്ടായിരുന്നു. അതിനാല്‍ മാറ്റിനിര്‍ത്തി.
തെരഞ്ഞെടുപ്പില്‍ രാജേന്ദ്രന് പകരമായി നിര്‍ത്തിയ സ്ഥാനാര്‍ത്ഥിയെ തോല്‍പ്പിക്കാന്‍ ശ്രമിച്ചതായി ആരോപണം ഉയര്‍ന്നിട്ടുണ്ട്. ഇക്കാര്യം അന്വേഷിക്കാന്‍ പ്രത്യേകം കമ്മിഷനെ നിയമിച്ചിട്ടുണ്ട്. റിപ്പോര്‍ട്ട് ലഭിച്ചശേഷം നടപടി സ്വീകരിക്കുന്നതായിരിക്കും. സ്വന്തം പ്രദേശമായ മൂന്നാര്‍ മേഖലയിലെ ഒരു സമ്മേളനത്തില്‍പ്പോലും പങ്കെടുത്തിട്ടില്ല. ആരുടെയും വകയല്ല ഈ പാര്‍ട്ടി, എം.എം. മണിയുടെതും അല്ല. പാര്‍ട്ടിയെ അപകീര്‍ത്തിപ്പെടുത്തുന്ന വിധം ഇടയ്‌ക്കിടെ ചില പത്രങ്ങള്‍ക്ക് അയാള്‍ അഭിമുഖംനല്‍കും.
രാജേന്ദ്രനോട് ഒന്നേ പറയാനുള്ളൂ, നിര്‍ത്തിക്കോളുക, വിട്ടുവീഴ്ചയില്ല. പാര്‍ട്ടിക്ക് വിധേയനായി എല്ലാം അനുസരിച്ച് പോയാല്‍ നല്ലത്. രാഷ്‌ട്രീയബോധം ഉണ്ടായിരുന്നു. ഇപ്പോള്‍ ബോധം തെറ്റിപ്പോയി. 15 വര്‍ഷം എംഎല്‍എ ആയതിനാല്‍ മരിച്ചാലും എം.എല്‍.എ. പെന്‍ഷന്‍ കിട്ടും.
നടപടിയെടുത്താലും പാര്‍ട്ടിക്ക് വിധേയമായി പ്രവര്‍ത്തിക്കുന്നവര്‍ ഇല്ലേ. പാര്‍ട്ടി സമ്മേളനങ്ങളില്‍ എസ്. രാജേന്ദ്രന്‍ എന്താണ് പങ്കെടുക്കാത്തത് എന്ന് അണികള്‍ ചോദിച്ചുവോ. ചോദിക്കണം.ആര്‍ജവമുള്ള പാര്‍ട്ടിക്കാര്‍ സമ്മേളനത്തില്‍ ഇക്കാര്യം നല്ല രീതിയില്‍ ചര്‍ച്ചനടത്തണം. പാര്‍ട്ടി സമ്മേളനങ്ങളില്‍ പങ്കെടുക്കാതിരുന്നത് സംഘടനാ വിരുദ്ധമാണ്. ഇതില്‍ വിട്ടുവീഴ്ച ചെയ്തു നല്‍കാതെ നടപടി സ്വീകരിക്കണമെന്നും എം.എം. മണി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: