മുംബൈ: ഇന്ത്യന്‍ ഏകദിന ടീമിന്റെ നായകസ്ഥാനത്തുനിന്ന് നീക്കി രോഹിത് ശര്‍മയെ ക്യാപ്റ്റനാക്കിയ ശേഷമുള്ള ആദ്യ ഏകദിന പരമ്പരയില്‍ നിന്ന് വിരാട് കോഹ്ലി പിന്മാറി. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയില്‍ നിന്നാണ് കോഹ്ലി പിന്മാറിയതെന്നു ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കുടുംബത്തിനൊപ്പം സമയം ചെലവിടണമെന്നും മകള്‍ വാമികയുടെ ജന്മദിനം ആഘോഷിക്കണമെന്നുമാണ് ബിസിസിഐയെ കോഹ്ലി അറിയിച്ചിരിക്കുന്നത്. രോഹിത് ശര്‍മ- ഗാഗുംലി സഖ്യത്തോടുള്ള എതിര്‍പ്പാണ് കോലിയുടെ തീരുമാനത്തിനു പിന്നിലെന്ന് അഭ്യൂഹങ്ങളുണ്ട്.
ഏകദിന ടീമിന്റെ നായകസ്ഥാനം ഒഴിയാന്‍ ബിസിസിഐ കോലിക്ക് 48 മണിക്കൂര്‍ സമയം അനുവദിച്ചെങ്കിലും അനുസരിക്കാത്തത്തിനെ തുടര്‍ന്ന് രോഹിത്തിനെ ക്യാപ്റ്റനായി പ്രഖ്യാപിക്കുകയായിരുന്നു. ഇതില്‍ കോഹ്ലിക്ക് അമര്‍ഷമുണ്ടെന്നാണ് വിവരം. ഇന്ത്യന്‍ ഏകദിന ടീമിന്റെ നായകസ്ഥാനത്തുനിന്ന് വിരാട് കോലിയെ നീക്കിയ ബിസിസിഐ, പകരം രോഹിത് ശര്‍മയെ നായകനായി നിയോഗിച്ചിരുന്നു. ദക്ഷിണാഫ്രിക്കന്‍ പര്യടനം മുതല്‍ രോഹിത്തായിരിക്കും നായകനെന്നായിരുന്നു പ്രഖ്യാപനം. 2021 ജനുവരി 11നാണ് വിരാട് കോലി -അനുഷ്ക ശര്‍മ ദമ്പതികളുടെ മകള്‍ വാമിക ജനിച്ചത്. കുഞ്ഞിന്റെ ഒന്നാം ജന്മദിനം ആഘോഷിക്കുന്നതിനാണ് കോലി പരമ്പരയില്‍നിന്ന് വിട്ടുനില്‍ക്കുന്നതെന്നാണ് കോലിയുടെ അടുത്ത ബന്ധുക്കള്‍ നല്കുന്ന സൂചന.
ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കു ശേഷം കുടുംബത്തിനൊപ്പം അവധിയാഘോഷിക്കാനാണ് കോലിയുടെ തീരുമാനം. ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരമ്പരയിലെ അവസാന ടെസ്റ്റ് ജനുവരി 11 മുതല്‍ 15 വരെയാണ് നടക്കുക. അതിനുശേഷം ജനുവരി 19നാണ് ഏകദിന പരമ്പരയ്ക്കു തുടക്കമാകുക.
നേരത്തെ, പരുക്കുമൂലം രോഹിത് ശര്‍മയ്ക്ക് ടെസ്റ്റ് പരമ്പര പൂര്‍ണമായും നഷ്ടമായിരുന്നു. അതേസമയം, ഏകദിന പരമ്പരയില്‍ ഇന്ത്യയെ നയിക്കാന്‍ രോഹിത് മടങ്ങിയെത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: