ശാസ്താംകോട്ട: മുഖ്യമന്ത്രി പിണറായി വിജയനും ഐന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ആര്.ചന്ദ്രശേഖരനും തമ്മിലുള്ള അടുപ്പം ചര്‍ച്ചയാക്കി ശൂരനാട് ഏരിയാ സമ്മേളനം. കാപ്പക്സ് ചെയര്‍മാനും മുന്‍ പിഎസ്സി ചെയര്‍മാനും പ്രതിനിധീകരിക്കുന്ന ശൂരനാട് ഏരിയാ കമ്മിറ്റിയിലാണ് മുഖ്യമന്ത്രിക്കെതിരെ പ്രതിനിധികള്‍ പരസ്യമായി രംഗത്തു വന്നത്. ശൂരനാട് സ്വദേശിയായ ചന്ദ്രശേഖരന് പിണറായിയുടെ വിശ്വസ്തനാണന്നുള്ള ആരോപണം നേരത്തെ ഉയര്‍ന്നിരുന്നു. എന്നാല്‍ ഇക്കാര്യം ഏരിയ സമ്മേളന പ്രതിനിധികള്‍ തന്നെ പരസ്യമായി ഉന്നയിച്ചതോടെ മറുപടി പറയാനാകാതെ നേതൃത്വം തടി തപ്പി. കശുവണ്ടി മേഖലയില്‍ ഉള്‍പ്പടെ കോടിക്കണക്കിന് രൂപയുടെ വെട്ടിപ്പ് നടത്തിയ ചന്ദ്രശേഖരനെതിരെ സര്‍ക്കാര്‍ നടപടി സ്വീകരിക്കാതിരുന്നത് പിണറായിയുമായുള്ള വഴിവിട്ട ബന്ധത്തിന്റെ തെളിവാണെന്ന് ശൂരനാട് വടക്കുനിന്നുള്ള അഭിഭാഷകന് ഉന്നയിച്ചു.
കഴിഞ്ഞ തൃതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ശൂരനാട് പാര്‍ട്ടി വന്‍ പരാജയം ഏറ്റുവാങ്ങേണ്ടി വന്നത് ഇതിന്റെ തിരിച്ചടിയായി വേണം വിലയിരുത്താനെന്നും പ്രതിനിധികളില്‍ ചിലര്‍ ആരോപിച്ചു. ജെ.മേഴ്സിക്കുട്ടിയമ്മയും, കെ.സോമപ്രസാദും, എസ്.രാജേന്ദ്രനും ചര്‍ച്ചയില്‍ പങ്കെടുത്തു.
സിപിഎം നേതാക്കള്‍ക്ക് പോലീസ് സ്റ്റേഷനില്‍ നിന്നും നീതി കിട്ടാറില്ലെന്നും ചര്‍ച്ചയില്‍ പ്രതിനിധികള്‍ ആരോപിച്ചു. ഓട്ടോ തൊഴിലാളിയായ പോരുവഴി പടിഞ്ഞാറ് ലോക്കല്‍ സെക്രട്ടറിക്ക് നേരെ ശൂരനാട് പോലീസ് കാട്ടിയ അതിക്രമത്തില്‍ പോലും നേതൃത്വം മുഖംതിരിച്ചതായി പോരുവഴിയില്‍ നിന്നുള്ള പ്രതിനിധികള്‍ ആരോപിച്ചു. പാര്‍ട്ടി നേതൃത്വത്തിന്റെ നിലപാട് ഇത്തരത്തിലാണങ്കില്‍ പ്രവര്‍ത്തകര്‍ പാര്‍ട്ടി വിട്ടു പോകുമെന്നും പ്രതിനിധികള്‍ മുന്നറിയിപ്പ് നല്കി. എംഎല്‍എ കോവൂര്‍ കുഞ്ഞുമോനെതിരെയും സമ്മേളനത്തില്‍ രൂക്ഷ വിമര്‍ശനമുണ്ടായി. തെരഞ്ഞെടുപ്പില്‍ നിര്‍ജീവമായതിന്റെ പേരില്‍ ഒട്ടേറെ പ്രവര്‍ത്തകരെ പാര്‍ട്ടി അംഗത്വത്തില്‍ നിന്നു പോലും നേതൃത്വം ഒഴിവാക്കി. എന്നാല്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ആര്.ചന്ദ്രശേഖരന്റെ സഹോദരിയായ കോണ്‍ഗ്രസ് വനിതാ നേതാവിന് വോട്ടു നല്കിയ പാര്‍ട്ടി ലോക്കല്‍ കമ്മിറ്റി അംഗത്തിനെതിരെ നടപടി എടുക്കാതെ സംരക്ഷിച്ചെന്നും പ്രതിനിധികള്‍ ആരോപിച്ചു. ബ്ലോക്ക് പഞ്ചായത്തില്‍ ഇടതു മുന്നണിക്ക് ഭരണം നഷ്ടമായ ഈ അട്ടിമറി അന്ന് ഏറെ ചര്‍ച്ചയായിരുന്നു.
ശൂരനാട് വടക്കുനിന്നുള്ള പട്ടികജാതി വിഭാഗത്തില്‍ പെട്ട ദിവാകരനെ ഒഴിവാക്കി കേരളാ കോണ്‍ഗ്രസില്‍ നിന്നു വന്ന കെ.കെ ഡാനിയലിനെയും ശൂരനാട് വടക്ക് ലോക്കല്‍ കമ്മിറ്റി സെക്രട്ടറി സന്തോഷിനെയും ഉള്‍പ്പെടുത്തി 21 അംഗ ഏരിയാ കമ്മിറ്റി നിലവില്‍ വന്നു. പി.ബി സത്യദേവനെ മൂന്നാം തവണയും ഏരിയാ സെക്രട്ടറിയായി തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: