ഊട്ടിക്ക് അടുത്തുള്ള കൂനൂരില്‍ വെച്ച് ഭാരതീയരെ എല്ലാം ദുഖഃത്തിലാഴ്ത്തി പ്രഥമ സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്തും പത്നി മധുലിക റാവത്തും മലയാളിയായ ജൂനിയര്‍ വാറണ്ട് ഓഫീസര്‍ എ. പ്രദീപും ഉള്‍പ്പെടെ പതിമൂന്ന് സൈനികര്‍ വീരചരമം പ്രാപിച്ചു. ഭാരതവും ഐക്യരാഷ്ട്ര സഭയും ലോക രാഷ്ട്രങ്ങളും ദുഃഖവും അനുശോചനവും അറിയിക്കുന്ന വേളയില്‍, കേരളത്തില്‍ ‘വീര ബലിദാനികളുടെ’ ജീവത്യാഗത്തെ പരിഹസിച്ചും അപമാനിച്ചും സമൂഹ മാധ്യമങ്ങളില്‍ പ്രതികരിക്കുന്നവരെ ഒറ്റപ്പെടുത്തണം.
നമ്മുടെ നാടിന്റെ എല്ലാ സുഖ സൗകര്യങ്ങളും പ്രത്യേക ആനുകൂല്യങ്ങളും വേണ്ടുവോളം അനുഭവിക്കുന്ന ഇത്തരം രാഷ്ട്ര വിരുദ്ധര്‍ക്കെതിരെ കടുത്ത നിയമനടപടി സ്വീകരിച്ചില്ലെങ്കില്‍ ഇവിടം മറ്റൊരു കശ്മീരായി മാറും. അതിനാല്‍ ഭരണകൂടം ഇത്തരക്കാര്‍ക്കെതിരെ കടുത്ത നിയമനടപടികള്‍ സ്വീകരിക്കണം.
നിയമനങ്ങളില്‍ പ്രാതിനിധ്യം വേണം, സുതാര്യതയും
പിഎസ്സി നിയമനങ്ങളില്‍ വിമുക്തഭടന്മാര്ക്ക് സംവരണം ഏര്‍പ്പെടുത്തണം. വിമുക്തഭട കോര്‍പ്പറേഷനായ കെസ്കോണ്‍ വഴിയുള്ള നിയമനങ്ങളില്‍ സുതാര്യത ഉറപ്പ് വരുത്തണം. രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളില്‍ സര്‍ക്കാരുകള്‍ പൂര്‍വ്വസൈനികര്‍ക്കും ആശ്രിതര്‍ക്കും വിധവകള്‍ക്കുമായി വ്യത്യസ്ത വകുപ്പുകളില്‍ നിശ്ചിത ശതമാനം തസ്തികകളില്‍ സംവരണം നിയമനിര്‍മ്മാണത്തിലുടെ ഉറപ്പ് വരുത്തുന്നുണ്ട്. എന്നാല്‍ കേരളത്തില്‍ വിമുക്തഭടന്മാരുടെ പുനരധിവാസംതന്നെ അട്ടിമറിക്കുകയാണ്. അതിന് ഉദാഹരണമാണ് വിമുക്തഭടന്മാര്ക്ക് മാത്രമായി സംവരണം ചെയ്തിട്ടുള്ള എന്‍സിസി സൈനിക ക്ഷേമ വകുപ്പുകളില്‍ എസ്സി/എസ്ടി പ്രാതിനിധ്യം ഇല്ലെന്ന് പറഞ്ഞ് വിമുക്തഭടന്മാരല്ലാത്തവര്ക്കും നിയമനത്തിന് നിയമഭേദഗതി വരുത്തിയത്. സൈനിക സേവനത്തിനിടയില്‍ യുദ്ധസമാനമല്ലാത്ത സാഹചര്യങ്ങളില്‍ മരണപ്പെടുന്ന സൈനികരുടെ ആശ്രിതര്‍ക്ക്, തൊഴില്‍ സഹായം നല്കാന് നിലവിലുള്ള നിയമം ഭേദഗതി ചെയ്യണമെന്ന് കോടതികള്‍ പല വിധിന്യായങ്ങളിലും പരാമര്‍ശിച്ചിട്ടും സര്‍ക്കാര്‍ അനങ്ങാപ്പാറ നയമാണ് സ്വീകരിക്കുന്നത്.
വിമുക്തഭടന്മാരുടെ പുനരധിവാസം ലക്ഷ്യമിട്ടുള്ള കോര്പ്പറേഷന് സ്ഥാപനമായ കെസ്കോണ്‍ വഴിയുള്ള നിയമനങ്ങളില്‍ രാഷ്ട്രീയ ഇടപെടലുകള്‍ നിര്‍ത്തലാക്കണം. ഭരണപക്ഷ യൂണിയനുകളില്‍ അംഗത്വം എടുത്താലേ കെസ്കോണ്‍ വഴി ജോലി ലഭിക്കുകയുള്ളൂ എന്ന അവസ്ഥയാണിപ്പോഴുള്ളത്. വിമുക്തഭടന്മാരെ രാഷ്ട്രീയമായി വേര്‍തിരിച്ച് സീനിയോറിറ്റി മറികടന്നുള്ള നിയമനങ്ങള്‍ നിര്‍ത്തിവെച്ച് സുതാര്യത ഉറപ്പ് വരുത്താന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണം. പൊതുമേഖലാ സ്ഥാപനങ്ങളിലെ സെക്യൂരിറ്റി തസ്തികകള്‍ കെസ്കോണ്‍ വഴി നല്‍കണമെന്ന ഉത്തരവ് അട്ടിമറിച്ച് സ്വകാര്യ ഏജന്‍സികള്‍ക്ക് നല്കിയ കരാര്‍ റദ്ദ് ചെയ്യണം.
നീതി നിഷേധിക്കുന്ന പോലീസ് രാഷ്ട്രീയം
കേരളാ പോലീസിന്റെ രാഷ്ട്രീയ അതിപ്രസരം മൂലം സാധാരണക്കാര്‍ക്ക് നീതി നിഷേധിക്കപ്പെടുകയാണ്. കണ്ണൂരിലെ ആഡൂര്പ്പാലം എന്ന സ്ഥലത്ത് പന്തല്‍പ്പണി ചെയ്ത് ഉപജീവനം നോക്കിയ പൂര്‍വ്വ സൈനികനായ ദിനേശന്റെ മരണത്തില്‍ പോലീസ് നടപടികള്‍ ദുരൂഹമാണ്. ഒരു ദിവസം വീട്ടിനടുത്തുവച്ച് ചില യുവാക്കള്‍ ദിനേശനുമായി വാക്ക് തര്‍ക്കം നടത്തിയരുന്നു. അന്ന് രാത്രി പന്തല്പണിക്ക് പോയ ദിനേശന്റെ ജഡം അടുത്തുള്ള തോട്ടില്‍ പിന്നീട് കണ്ടെത്തുകയായിരുന്നു. ആക്ഷന്‍ കമ്മിറ്റിയും ഭരണവും പോലീസും എല്ലാം ഒരേ പാര്‍ട്ടിയില്‍പ്പെട്ടവര്‍. കേസ് എങ്ങുമെത്തിയില്ല. അത് അവസാനിപ്പിച്ചു. എത്രയും പെട്ടന്ന് കുറ്റവാളികളെ കണ്ടെത്താമെന്നിരിക്കെ വോട്ട് ബാങ്ക് രാഷ്ട്രീയം കാരണം രണ്ട് പിഞ്ചുകുട്ടികളുള്ള ദിനേശിന്റെ കുടുംബത്തിന് നീതി ലഭിച്ചില്ല. ഇത് ഒരുദാഹരണം മാത്രം.
കേരള പോലീസിന് സംഘടനാ സ്വാതന്ത്ര്യം ലഭിച്ചത് മുതല്‍ അവരുടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുന്നു. ഇന്ന് രാഷ്ട്രീയ പാര്‍ട്ടികളുടെ പോഷക സംഘടന എന്ന നിലയിലാണ് ഒട്ടു മിക്ക പോലീസ് സ്റ്റേഷനുകളുടേയും ഭരണസ്വഭാവം. ഒരു രാഷ്ട്രീയ പാര്‍ട്ടിയോടും പ്രത്യേക താല്പര്യമില്ലാതെ സ്വന്തം കാര്യം നോക്കി ശിഷ്ടജീവിതം നയിക്കുന്ന പൂര്‍വ്വസൈനികര്‍ക്ക് എന്തെങ്കിലും പ്രശ്നം വന്നാല്‍ വളരെ ശത്രുതാപരമായ പെരുമാറ്റമാണ് പലര്‍ക്കും അനുഭവപ്പെടുന്നത്. വാദിയെ പ്രതിയാക്കി കോടതിയെപ്പോലും തെറ്റിദ്ധരിപ്പിക്കാനും ഇത്തരക്കാര്‍ക്ക് സാധിക്കും. സത്യസന്ധരായ ഉദ്യോഗസ്ഥര്‍ ഇവരുടെ മുന്നില്‍ നിസ്സഹായരാണ്. ഇന്ന് മാധ്യമങ്ങളിലൂടെ ദിനംപ്രതി വരുന്ന കുറ്റകൃത്യങ്ങളില്‍ ഏറ്റവും കൂടുതല്‍ വിമര്‍ശിക്കപ്പെടുന്നതും പോലീസ് തന്നെയാണ്.
രാജ്യസേവനവും ശ്രദ്ധേയമായ പല ചുമതലകളും വഹിച്ച അനുഭവസമ്പത്തുള്ളവര്‍ക്കു പോലും നേരിടേണ്ടി വന്നത് ദുരനുഭവങ്ങളാണ്. രാഷ്ട്രീയത്തിന് അതീതമായ പോലീസ് സേനയാണ് വേണ്ടത്. നാട്ടുകാരുടെ നികുതിപ്പണം പറ്റിയാണ് താനും കുടുംബവും ജീവിക്കുന്നതെന്ന ഉത്തമ ബോധ്യത്തോടേയും പരസ്പര ബഹുമാനത്തോടെയും മാന്യമായും പെരുമാറുന്ന പോലീസ് സേനയാണ് നമുക്ക് വേണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: