ഭഗവദ്ഗീതയിലെ ഏറ്റവും വലിയ അധ്യായം പതിനെട്ടാമത്തേതാണ്. മോക്ഷസംന്യാസയോഗം. അതില്‍ 78 ശ്ലോകങ്ങളുണ്ട്. 71 ഉം ഭഗവാന് പറയുന്നതാണ്. തുടക്കത്തില്‍, അര്ജ്ജുനന് ഒരു ശ്ലോകത്തിലൂടെ ചോദിച്ചതിനുള്ള മറുപടിയാണ് ഭഗവാന്റേത്.
രണ്ടാം അധ്യായം മുതല്‍ താന്‍ പറഞ്ഞ കാര്യങ്ങളെല്ലാം ഭഗവാന് ഏറെക്കുറേ സംക്ഷേപിച്ചിരിക്കുകയാണ് പതിനെട്ടാം അധ്യായത്തില്‍. അവസാനം തിരികെ അര്‍ജ്ജുനനോട് ഭഗവാന്റെ ഒരു ചോദ്യമുണ്ട്. ‘ഞാന്‍ പറഞ്ഞതെല്ലാം നീ ശ്രദ്ധയോടെ കേട്ടുവോ? അജ്ഞാനജന്യമായ സമ്മോഹങ്ങള്‍ നഷ്ടമായോ? ബുദ്ധിയുറച്ചുവോ അര്‍ജ്ജുനാ?’ എന്ന്. ഉടനെ അര്ജ്ജുനന് പറഞ്ഞു:
അല്ലയോ ഭഗവാനേ! അങ്ങയുടെ അനുഗ്രഹത്താല്‍ അജ്ഞാനജന്യമായ മോഹങ്ങളും സംശയങ്ങളും മുഴുവന്‍ നഷ്ടമാവുകയും ഉറച്ചബുദ്ധി സംപ്രാപ്തമാവുകയും ചെയ്തിരിക്കുന്നു. അങ്ങയുടെ വാക്കുകള്‍ക്ക് അനുസൃതമായി ഞാന്‍ കര്മ്മോന്മുഖനാകുന്നതാണ് എന്ന അര്‍ജ്ജുനന്റെ ദൃഢമായ മറുപടിയോടെ ഭഗവദ്ഗീത പരിസമാപ്തിയിലെത്തിയതായി പറയാം. എന്നാല്‍ സഞ്ജയന്റേതായി അഞ്ചു ശ്ലോകങ്ങള്‍ കൂടി ചേരുമ്പോഴേ ഗീത സമ്പൂര്‍ണ്ണമാകുന്നുള്ളൂ. വ്യാസമഹര്‍ഷിയുടെ അനുഗ്രഹത്താല്‍ കൃഷ്ണാര്‍ജ്ജുന സംഭാഷണം നേരിട്ടു കേള്‍ക്കാനും കാണാനും കഴിഞ്ഞതിന്റെ ഭാഗ്യാതിരേകം നാലു ശ്ലോകങ്ങളില്‍ രോമാഞ്ചത്തോടെ വിവരിക്കുന്നുണ്ട് സഞ്ജയന്.
പതിനെട്ട് അധ്യായങ്ങളുള്ള ഭഗവദ്ഗീതയിലെ ഏറ്റവും ഒടുവിലത്തെ പതിനെട്ടു ശ്ലോകങ്ങളെ മുന്‍നിര്‍ത്തിയും ചില ആലോചനകളാവാം.
ഈശ്വരന് എല്ലാ ജീവാജലങ്ങളുടെയും ഹൃദയത്തില്‍ ചൈതന്യമായി ഇരിക്കുന്നു. എന്നിട്ടു ജീവജാലങ്ങളെ യന്ത്രങ്ങളെയെന്നപോലെ പ്രവര്‍ത്തിപ്പിക്കുന്നു. അപ്പോള്‍ മായ മൂലം യന്ത്രങ്ങള്‍ അഥവാ ജീവജാലങ്ങള്‍ കരുതുന്നത്. ‘ഞാന്‍ ചെയ്യുന്നു’, ‘ഞാന്‍ ചെയ്തു’ എന്നൊക്കെയാവും. പക്ഷെ ഇതൊക്കെ വെറും തോന്നലാണ്. ചൈതന്യത്തെക്കുറിച്ചുള്ള അറിവില്ലായ്മയാണ്.
ഈശ്വരനെ എല്ലാ ജീവജാലങ്ങളിലും ആരാധനാ പൂര്‍വ്വം കണ്ടും സ്നേഹിച്ചും മാനിച്ചും സഹായിച്ചുമൊക്കെ ജീവിക്കാന്‍ കഴിയണം. സമചിത്തത വേണം. അപ്പോള്‍ അവന്റെ അനുഗ്രഹത്താല്‍ അഥവാ ഈശ്വരാനുഗ്രഹത്താല്‍ നിനക്കു ശാശ്വതമായ ശാന്തിയും പരമപദവും ലഭിക്കുന്നതാണ് എന്നാണ് ഭഗവാന് പറഞ്ഞു നിര്‍ത്തുന്നത്. അടുത്ത ശ്ലോകത്തില്‍ ഇത്രയും കൂടി പറഞ്ഞു:
അത്യന്തം ശ്രേഷ്ഠവും രഹസ്യവുമായ ജ്ഞാനം നിനക്കിതാ ഞാന്‍ ഉപദേശിച്ചു കഴിഞ്ഞിരിക്കുന്നു. സകല ചരാചരസ്നേഹമാണത്. സമത്വബുദ്ധിയോടെയുള്ള, മനോനിയന്ത്രണത്തോടെയുള്ള കര്‍മ്മപദ്ധതിയാണത്. നിനക്ക് ശാശ്വതമായ ശാന്തിയും പരമപദവും ലഭിക്കുന്നതാണ് എന്നാണ് ഭഗവാന് പറഞ്ഞു നിര്‍ത്തുന്നത്.
ഭഗവദ് പതിനെട്ട് യോഗങ്ങളില്‍ ഒന്ന് യുദ്ധയോഗമാണെന്നാണ് ചിലരുടെ വ്യാഖ്യാനം. വാസ്തവത്തില്‍ ഗീതയിലുള്ളത് ശാന്തിയോഗമാണ്. ക്ഷേമയോഗവുമാണ്.
സമാധാനത്തെക്കുറിച്ച് വ്യക്തമാക്കണമെങ്കില്‍ യുദ്ധത്തിന്റെ അവസ്ഥയും വിവരിച്ചേ പറ്റൂ. അതുകൊണ്ടാണ് ഗീതയുടെ ആദ്യത്തെ അധ്യായം യുദ്ധപശ്ചാത്തലത്തിലായത്. അതിനു പേര് ‘അര്‍ജ്ജുന വിഷാദയോഗം’ എന്നു നല്‍കുകയും ചെയ്തു. അര്‍ജ്ജുനന്റെ സ്ഥാനത്ത് ഇന്നത്തെ ഏതു വ്യക്തിയെ നിര്‍ത്തിയാലും തത്ത്വങ്ങള്‍ക്കു വലിയ മാറ്റം വരുന്നതല്ല.
മാ ശുചഃ (ദുഃഖിക്കരുത്)
എല്ലാതരത്തിലും ശ്രേഷ്ഠമായ ചില വാക്കുകള്‍ കൂടി കേട്ടാലും എന്നു പറഞ്ഞുകൊണ്ടുള്ള ഭഗവാന്റെ ശ്ലോകങ്ങളുണ്ട് പതിനെട്ടാം അധ്യായത്തിന്റെ ഒടുവില്‍.
മന്മനാ ഭവ മദ്ഭക്തഃ
മദ്യാജീ മാം നമസ്കുരു
മാമേവൈഷ്യസി സത്യം തേ
പ്രതിജാനേ പ്രിയോളസി മേ
സര്‍വ്വധര്‍മ്മാന്‍ പരിത്യജ്യ
മാമേകം ശരണം വ്രജ
അഹം ത്വാ സര്‍വ്വപാപേഭ്യോ
മോക്ഷയിഷ്യാമി മാ ശുചഃ
എന്നില്‍ നീ പൂര്‍ണമായും മനസ്സര്‍പ്പിക്കൂ. എന്റെ ഭക്തനായിരിക്കൂ. എന്നെ നമസ്ക്കരിക്കൂ. എനിക്ക് ഏറ്റവും പ്രിയപ്പെട്ടവനായി നീ എന്നില്‍ വിലയിക്കും എന്ന സത്യം ഞാനിതാ നിന്നോട് വെളിവാക്കുന്നു.
നീ എല്ലാ ധര്മ്മങ്ങളേയും ത്യജിച്ചിട്ടു എന്നെ മാത്രം ശരണം പ്രാപിക്കൂ. ഞാന്‍ നിന്നെ എല്ലാ പാപങ്ങളില്‍ നിന്നും മോചിപ്പിക്കുന്നതാണ്. നീ ദുഃഖിക്കുകയേ വേണ്ട.
ഇവിടെ പ്രത്യേകം ശ്രദ്ധിക്കേണ്ടത് ഭഗവാന് പറഞ്ഞു നിര്‍ത്തുന്ന ഒടുവിലത്തെ മൂന്ന് അക്ഷരങ്ങളാണ് (മാ ശുചഃ) ദുഃഖിക്കരുത്, ഒരവസ്ഥയിലും ദുഃഖിക്കരുത്, വിഷാദിക്കരുത് എന്നു തന്നെ.
ഭഗവദ്ഗീത നല്കുന്ന മുഖ്യമായ ഉപദേശം ദുഃഖിക്കരുത്, ഒന്നു കൊണ്ടും ദുഃഖിക്കരുത്, ഒരവസ്ഥയിലും ദുഃഖിക്കരുത്, തളരരുത് എന്നൊക്കെയല്ലേ? വിഷാദാവസ്ഥ മാറ്റി പ്രസാദാവസ്ഥ നേടുവാനുള്ള ഉപായങ്ങളും ജീവിതരീതികളുമാണ് മററ് അധ്യായങ്ങളിലൂടെ ഭഗവാന് മുന്നോട്ടു വെക്കുന്നത്. അതിനാല്‍ സന്തോഷം ആഗ്രഹിക്കുന്ന എല്ലാവര്ക്കും സ്വീകരിക്കാവുന്ന ഉത്തമഗ്രന്ഥമാണ് ഭഗവദ്ഗീത.
പ്രതികരിക്കാൻ ഇവിടെ എഴുതുക: