മൂന്നാര്‍: ഇടമലക്കുടിക്കാരെ വിഡ്ഢികളെന്ന് അഭിസംബോധന ചെയ്തുള്ള എം.എം. മണി എംഎല്‍എയുടെ പ്രസംഗം വിവാദത്തില്‍. കേരളത്തിലെ ഏക പട്ടികവര്‍ഗ പഞ്ചായത്തായ ഇടമലക്കുടിയിലെ ഒരു വാര്‍ഡിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ സിപിഎമ്മിനെ തോല്‍പ്പിച്ച് ബിജെപി സ്ഥാനാര്‍ഥി വിജയിച്ചതാണ് മണിയെ പ്രകോപിപ്പിച്ചത്. വനവാസികളെ അപമാനിച്ച മണി മാപ്പ് പറയണമെന്ന ആവശ്യവുമായി ബിജെപി രംഗത്തെത്തി.
സിപിഎമ്മിന്റെ മൂന്നാര്‍ ഏരിയ സമ്മേളനത്തിലായിരുന്നു ഈ പരാമര്‍ശം. ഇടമലക്കുടിയിലെ പഞ്ചായത്ത് ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരാമര്‍ശമാണ് വിവാദമായത്. ‘ഇടമലക്കുടിയെ ഇടമലക്കുടിയാക്കിയത് തങ്ങളാണ്. അവിടെ ഇപ്പോള്‍ ബിജെപിയാണ് വന്നിരിക്കുന്നത്. ചരിത്രബോധമില്ലാത്ത വിഡ്ഢികള്‍. എത്ര കോടി രൂപ മുടക്കിയാണ് അവിടെ വൈദ്യുതി എത്തിച്ചതെന്ന് അറിയാമോ. ഇനി അവര്‍ വന്നങ്ങ് നന്നാക്കട്ടേ എന്ന്’ എം.എം. മണി പറഞ്ഞു.
ഇടമലക്കുടിയിലെ ജനതയെ ആക്ഷേപിച്ച എം.എം. മണിക്കാണ് ബോധം ഇല്ലാത്തതെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് കെ.എസ്. അജി പറഞ്ഞു. മുദുവാന് സമുദായം മാത്രം താമസിക്കുന്ന ഇടമലക്കുടിയിലെ ജനത്തെ അധിക്ഷേപിക്കുക വഴി ഒരു നിയമസഭാ സാമാജികനു വേണ്ട സാമാന്യ മര്യാദയാണ് ലംഘിച്ചത്. ബിജെപി ഓട് പൊളിച്ചിറങ്ങിയതല്ല, ജനാധിപത്യ രീതിയില്‍ മത്സരിച്ച് ജയിച്ചതാണ്. സ്ഥിരബുദ്ധിയുള്ള ആരും ഇത്തരം പരാമര്‍ശം നടത്തില്ലെന്നും കെ.എസ്. അജി പറഞ്ഞു.
അടുത്തിടെ നടന്ന പഞ്ചായത്ത് ഉപതെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥി ജയിച്ചിരുന്നു. കേരളത്തിലെ ഏക ഗോത്രവര്‍ഗ പഞ്ചായത്തായ ഇടമലക്കുടിയിലേക്ക് എത്തണമെങ്കില്‍ ഗതാഗതയോഗ്യമായ വഴി പോലുമില്ല. ചില മേഖലകളില്‍ മാത്രമാണ് വൈദ്യുതിയുള്ളത്. കുടിവെള്ളവും മൊബൈല്‍ നെറ്റുവര്ക്കുമെല്ലാം നിലവാരമുള്ള വീടും ഇവര്‍ക്ക് അന്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: