കൊട്ടാരക്കര: പുത്തൂര്‍ മണ്ഡപം തനത് ഭംഗിയില്‍ തിരിച്ചെത്തി. നിര്‍മാണം പൂര്‍ത്തിയാക്കിയ മണ്ഡപം 20ന് മന്ത്രി കെ.എന്‍. ബാലഗോപാല്‍ നാടിന് സമര്‍പ്പിക്കും. പുത്തൂരിന്റെ അടയാളമായിരുന്ന മണ്ഡപം തിരിച്ചെത്തിയതിന്റെ സന്തോഷത്തിലാണ് നാട്ടുകാരും. കുളക്കട, പവിത്രേശ്വരം, നെടുവത്തൂര്‍ പഞ്ചായത്തുകളുടെ സംഗമസ്ഥലമായ പുത്തൂരിന്റെ എക്കാലത്തെയും അടയാളമായിരുന്നു നൂറ്റാണ്ടുകളുടെ ശേഷിപ്പായിരുന്ന മണ്ഡപം.
2016 നവംബര്‍ 30നാണ് കെഎസ്ആര്‍ടിസി ബസ് ഇടിച്ച് മണ്ഡപം പൂര്‍ണമായും നിലംപൊത്തിയത്. തകര്‍ന്നിട്ട് അഞ്ച് വര്‍ഷം പൂര്‍ത്തിയായപ്പോഴാണ് തനത് മാതൃകയില്‍ മണ്ഡപം പുനര്‍ നിര്‍മിച്ചത്. അധികൃതരുടെ അനാസ്ഥയും മണ്ഡപം നിര്‍മിക്കുന്ന സ്ഥാനത്തെച്ചൊല്ലിയും തര്‍ക്കങ്ങള്‍ രൂക്ഷമായതോടെ നിര്‍മാണ ജോലികള്‍ അനിശ്ചിതത്വത്തിലായി. പിന്നീട് ‘ജന്മഭൂമി’ ഉള്‍പ്പെടെയുള്ള മാധ്യമങ്ങളില്‍ ജനങ്ങളുടെ വികാരം ഉള്‍ക്കൊണ്ടുകൊണ്ടുള്ള വാര്‍ത്തകള്‍ വന്നതോടെ ഐഷാപോറ്റി എംഎല്‍എ അനുവദിച്ച ഏഴര ലക്ഷം രൂപ ഉപയോഗിച്ച് പുനര്‍ നിര്‍മാണത്തിന് പദ്ധതി തയ്യാറാക്കി. ശാസ്താംകോട്ട-കൊട്ടാരക്കര റോഡിനോട് ചേര്‍ന്നാണ് മണ്ഡപം നിന്നിരുന്നത്. ഇവിടെ നിന്ന് മൂന്നര മീറ്റര്‍ അകത്തേക്ക് മാറ്റി പുനര്‍ നിര്‍മിക്കുന്നതിന് നിര്‍മിതി കേന്ദ്രത്തിനെയാണ് ചുമതല ഏല്‍പ്പിച്ചത്.
പഴയ മണ്ഡപത്തിന്റെ കല്ലുകളടക്കം പുതിയ മണ്ഡപത്തിന് ഉപയോഗിച്ചു. ശേഷിച്ച കൊത്തിയ കല്ലുകള്‍ തമിഴ് നാട്ടില്‍ നിന്നും വരുത്തി. ഭാരതീയ തച്ചുശാസ്ത്ര വിദ്യയുടെ ഉദാത്ത മാതൃകയെന്ന് വിശേഷിപ്പിച്ചിരുന്ന പഴയ മണ്ഡപത്തിന്റെ തനത് മാതൃകയില്‍ നാല് കോണുകളില്‍ നിന്നുള്ള കഴുക്കോലുകള്‍ ഒറ്റക്കൂടത്തില്‍ ഉറപ്പിച്ചു. തേക്കിന്‍ തടിയിലാണ് മേല്‍ക്കൂര നിര്‍മിച്ചത്. തൂണുകളില്‍ കൊത്തുപണികളുള്ളതിനാല്‍ മണ്ഡപത്തിന് പഴയ ചാരുത കൈവന്നിട്ടുണ്ട്. മണ്ഡപത്തിന് സമീപത്തായി പുല്‍ത്തകിടിയും ചുറ്റുവേലിയും ഒരുക്കി ഭംഗി കൂട്ടിയിട്ടുണ്ട്.
പുനര്‍ നിര്‍മിച്ച പുത്തൂര്‍ മണ്ഡപത്തിന്റെ സമര്‍പ്പണം 20ന് രാവിലെ 9ന് നടക്കും. മന്ത്രി കെ.എന്‍.ബാലഗോപാല്‍ മണ്ഡപം നാടിന് സമര്‍പ്പിക്കും. കുളക്കട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ടി.ഇന്ദുകുമാര്‍ അധ്യക്ഷത വഹിക്കും. മുന്‍ എംഎല്‍എ പി.ഐഷാപോറ്റി, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുമാലാല്‍, ജില്ലാ പഞ്ചായത്തംഗം ആര്‍.രശ്മി, ഗ്രാമ-ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങള്‍, വിവിധ സംഘടനാ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: