രാജ്‌കോട്ട്: വിജയ് ഹസാരെ ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ കേരളത്തിന് തകര്‍പ്പന്‍ ജയം. മഹാരാഷ്‌ട്രയെ നാലുവിക്കറ്റിന് തകര്‍ത്താണ് കേരളം വിജയം കണ്ടത്. മഹാരാഷ്‌ട്ര 50 ഓവറില്‍ എട്ടിന് 291 റണ്‍സ് നേടിയെങ്കിലും കേരളം 48.5 ഓവറില്‍ ആറ് വിക്കറ്റിന് 294 റണ്‍സ് സ്വന്തമാക്കി. ഏഴാമനായി ക്രീസിലെത്തിയ വിഷ്ണു വിനോദിന്റെ സെഞ്ചുറിയാണ് കേരളത്തിന്റെ വിജയം കണ്ടെത്തിയത്.
292 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ കേരളത്തിന്റെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. 35 റണ്‍സെടുക്കുന്നതിനിടെ നാല് മുന്‍നിര ബാറ്റ്‌സ്മാന്‍മാരെ കേരളത്തിന് നഷ്ടമായി. പിന്നീട് ക്രീസിലൊന്നിച്ച നായകന്‍ സഞ്ജു സാംസണ്‍ ജലജ് സക്‌സേന സഖ്യം വലിയ തകര്‍ച്ചയില്‍ നിന്ന് കേരളത്തെ രക്ഷിച്ചു. ഇരുവരും ചേര്‍ന്ന് ടീം സ്‌കോര്‍ 100ല്‍ എത്തിച്ചു. ഇവര്‍ ഔട്ട് ആയതിനു ശേഷം ഏഴാമനായി ക്രീസിലെത്തിയ വിഷ്ണു വിനോദ് മികച്ച പ്രകടനം ആയിരുന്നു കാഴ്ച വച്ചത്. 82 പന്തുകളില്‍ നിന്ന് എട്ട് ഫോറിന്റെയും രണ്ട് സിക്‌സിന്റെയും അകമ്പടിയോടെ 100 റണ്‍സെടുത്ത് പുറത്താകാതെ നിന്ന് കേരളത്ത് വിജയത്തിലെത്തിച്ചു.
മഹാരാഷ്‌ട്രയ്‌ക്ക് വേണ്ടി നായകന്‍ ഋതുരാജ് ഗെയ്ക്‌വാദ് സെഞ്ചുറി നേടി. ഋതുരാജിന്റെ മികവിലാണ് ടീം മികച്ച ടോട്ടല്‍ പടുത്തുയര്‍ത്തിയത്. 129 പന്തുകളില്‍ നിന്ന് ഒന്‍പത് ഫോറിന്റെയും മൂന്ന് സിക്‌സിന്റെയും അകമ്പടിയോടെ ഋതുരാജ് 124 റണ്‍സെടുത്തിരുന്നു. പക്ഷേ ടീമിന് വിജയം കാണാന്‍ സാധിച്ചില്ല.നാളെ നടക്കുന്ന അടുത്ത മത്സരത്തില്‍ ചത്തീസ്ഗഢാണ് കേരളത്തിന്റെ എതിരാളി. രാവിലെ 9 മണിക്ക് മത്സരം ആരംഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: