തിരുവനന്തപുരം: കനക നഗറില്‍ പൈപ്പ് ലൈന്‍ പൊട്ടല്‍ ഉണ്ടായ സ്ഥലത്ത് അറ്റകുറ്റപണികള്‍ പൂര്‍ത്തിയാക്കാനായില്ല. അരുവിക്കരയിലെ 72 എംഎല്‍ഡി പ്ലാന്റില്‍ നിന്നും ഒബ്സര്‍വേറ്ററിയിലേക്ക് കുടിവെള്ളമെത്തിക്കുന്ന പൈപ്പ് ലൈനാണ് കനകനഗറില്‍ പൊട്ടിയത്. പൈപ്പ് ലൈനിന് സമീപം മണ്ണിളകിമാറിയ സ്ഥലത്ത് കോണ്‍ക്രീറ്റ് പില്ലറുകള്‍ സ്ഥാപിക്കുന്ന ജോലിയാണ് ആദ്യം നടക്കുന്നത്.
പണി രാത്രിയിലും തുടരുകയാണ്. കോണ്‍ക്രീറ്റ് ഉറച്ചു കഴിഞ്ഞശേഷം പൈപ്പ് ലൈനുകള്‍ കൂട്ടി യോജിപ്പിക്കുന്ന പണി നടക്കും. പൈപ്പിലെ ജോയിന്റ് പുനഃസ്ഥാപിക്കുന്നതിനും പൈപ്പ് ലൈന്‍ ആവശ്യമായ സപ്പോര്‍ട്ട് നല്കുന്നതിനുമുള്ള പ്രവൃത്തികളും നടക്കുന്നു. ശക്തിയായ വെള്ളപ്പാച്ചിലില്‍ ചെളിയടിഞ്ഞുകൂടിയ വീടുകളും നിരത്തുകളും നഗരസഭയുടെ ശുചീകരണ തൊഴിലാളികളും നാട്ടുകാരും ചേര്‍ന്ന് ശുചിയാക്കി.
കനത്ത മഴയെ തുടര്‍ന്ന് തകര്‍ന്നുപോയ കവടിയാര്‍ വില്ലേജ് ഓഫീസിന് മുന്നിലൂടെയുള്ള റോഡും സംരക്ഷണ ഭിത്തിയും പുനര്‍ നിര്‍മ്മിക്കുന്നതിനുള്ള പ്രവൃത്തി നടക്കുന്നതിനിടയിലാണ് കുടിവെള്ള പൈപ്പിന്റെ ജോയിന്റ് വിട്ടുമാറിയത്. ജലവിതരണം തടസ്സപ്പെട്ട ചിലസ്ഥലങ്ങളില്‍ മറ്റു ലൈനുകളില്‍ നിന്നും ജല വിതരണം നടത്തുന്നുണ്ട്. ഞായറാഴ്ച വൈകിട്ടോടെ ജലവിതരണം പൂര്‍വസ്ഥിതിയില്‍ ആകുമെന്ന് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: