ന്യൂദല്‍ഹി : കോവിഡ് പോസിറ്റിവിറ്റി കൂടിയ രാജ്യത്തെ 10 സംസ്ഥാനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശവുമായി കേന്ദ്ര സര്‍ക്കാര്‍. പൊതുജനങ്ങള്‍ ഒത്തുകൂടുന്നതിന് നിയന്ത്രണം, രാത്രികാല കര്‍ഫ്യൂ ഉള്‍പ്പടെയുള്ള നിയന്ത്രണങ്ങള്‍ കൊണ്ടുവരാണ് കേന്ദ്രം ഈ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
കോവിഡ് പോസിറ്റിവിറ്റി നിരക്ക് കൂടുതലുള്ള ജില്ലകളില്‍ സംസ്ഥാനങ്ങള്‍ കടുത്ത നിയന്ത്രണങ്ങള്‍ കൊണ്ടുവരണം. പൊതുചടങ്ങുകളില്‍ ആളുകള്‍ പങ്കെടുക്കുന്നതിന് നിയന്ത്രണങ്ങള്‍ കൊണ്ടുവരണം. കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ വ്യാപിക്കാനുള്ള സാധ്യതകള്‍ കണക്കിലെടുത്താണ് േകന്ദ്രം നിയന്ത്രണങ്ങള്‍ കടുപ്പിക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
ടിപിആര്‍ ഉയര്‍ന്ന രാജ്യത്തെ 27 ജില്ലകളില്‍ ഒമ്പതെണ്ണം കേരളത്തിലേതാണ്. കോട്ടയം, വയനാട്, ഇടുക്കി, കൊല്ലം, എറണാകുളം, കണ്ണൂര്‍, തൃശ്ശൂര്‍, പത്തനംതിട്ട, ആലപ്പുഴ ജില്ലകളാണ് ഈ പട്ടികയില്‍ ഉള്ളത്.
അതേസമയം രാജ്യത്ത് ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചവരുടെ എണ്ണം 33 ആയി. ഇന്ന് ദല്‍ഹിയില്‍ ഒരാള്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. മഹാരാഷ്ട്ര, രാജസ്ഥാന്, ദല്‍ഹി, ഗുജറാത്ത്, കര്‍ണാടകം എന്നിവിടങ്ങളിലാണ് ഒമിക്രോണ്‍ കണ്ടെത്തിയത്. ഒമിക്രോണ്‍ സ്ഥിരീകരിച്ചവരില്‍ കൂടുതല്‍ പേരും മഹാരാഷ്ട്രയിലാണ്. 17 പേര്‍ക്ക്. ഇതോടെ മുംബൈ നഗരത്തില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. മഹാരാഷ്ട്ര കൂടാതെ രാജസ്ഥാന്, ദല്‍ഹി, ഗുജറാത്ത്, കര്‍ണാടകം എന്നിവിടങ്ങളിലാണ് ഒമിക്രോണ്‍ കണ്ടെത്തിയത്.
അതേസമയം രാജ്യത്തെ ഒമിക്രോണ്‍ സാഹചര്യം വിലയിരുത്താന്‍ ഇന്ന് കാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബയുടെ നേതൃത്വത്തില്‍ അവലോകന യോഗം നടക്കും. ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്, നിതി ആയോഗ് അംഗം വി കെ പോള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുക്കും. ഇത് കൂടാതെ രാജ്യത്ത് കോവിഡ് ബൂസ്റ്റര്‍ ഡോസ് നല്‍കുന്നതും യോഗത്തില്‍ ചര്‍ച്ചയായേക്കും എന്നാണ് സൂചന. ഒമിക്രോണ്‍ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ബൂസ്റ്റര്‍ ഡോസ് നല്‍കുന്നതിനെ കുറിച്ച് സര്‍ക്കാര്‍ ആലോചിക്കണമെന്ന് ആഭ്യന്തരകാര്യ പാര്‍ലമെന്ററി സമിതിയും ആവശ്യപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: