പാലക്കാട്: കുനൂരില്‍ ഹെലികോപ്റ്റര്‍ ദുരന്തത്തില്‍ മരിച്ച മലയാളി സൈനികന് വ്യോമസേന ജൂനിയര്‍ വാറന്റ് ഓഫീസര്‍ എ. പ്രദീപിന്റെ മൃതദേഹം മന്ത്രിമാര്‍ ഏറ്റുവാങ്ങി. ദല്‍ഹിയില്‍ നിന്ന് കോയമ്പത്തൂരില്‍ എത്തിച്ച മൃതദേഹം വിലാപയാത്രയായി വാളായറില്‍ എത്തി. തുടര്‍ന്ന് മന്ത്രിമാരായ ക രാധാകൃഷ്ണന്, കെ. രാജന്, കെ കൃഷ്ണന്‍കുട്ടി എന്നിവര്‍ ചേര്‍ന്ന് ഏറ്റുവാങ്ങി. ഭൗതിക ശരീരവും വഹിച്ചുള്ള യാത്രില്‍ കേന്ദ്ര മന്ത്രി വി. മുരളീധരന് ദല്‍ഹിയില്‍ നിന്നുതന്നെ അനുഗമിച്ചിരുന്നു.
മൃതദേഹവുമായുള്ള വിലാപയാത്ര വാളായാറില്‍ നിന്നും തൃശൂരിലേയ്ക്ക് നീങ്ങുകയാണ്. വഴിയോരങ്ങളില്‍ ആയിരങ്ങളാണ് ദേശീയ പതാകയുമായി അന്ത്യോപചാരമര്‍പ്പിക്കാന്‍ കാത്തുനില്‍ക്കുന്നത്. ഭൗതിക ശരീരം പൊന്നൂക്കരയില്‍ പ്രദീപ് പഠിച്ച സ്കൂളില്‍ ഒരു മണിക്കൂറോളം പൊതുദര്‍ശനത്തിന് വയ്ക്കും. പൊതുജനങ്ങള്‍ക്കും സഹപാഠികള്‍ക്കും അന്തിമോപചാരമര്‍പ്പിക്കാനുള്ള ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്. തുടര്‍ന്ന് പൊന്നൂക്കരയിലെ വീട്ടുവളപ്പില്‍ ഔദ്യോഗിക സൈനിക ബഹുമതികളോടെ സംസ്കാരം നടക്കും.
മരണവിവരം അറിഞ്ഞയുടന്‍ മൃതദേഹം ഏറ്റുവാങ്ങാന്‍ പ്രദീപിന്റെ സഹോദരന് പ്രസാദ് കോയമ്പത്തൂരിലേക്ക് പോയിരുന്നു. എന്നാല്‍ ദല്‍ഹിയില്‍ എത്തിച്ച് സൈന്യത്തിന്റേതായ അന്ത്യോപചാരങ്ങള്‍ നല്കി ശേഷമേ മൃതദേഹം വിട്ടുനല്‍കുകയുള്ളു എന്ന് അറിയിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: