ആര്‍പ്പൂക്കര: ഡിസംബര്‍ ഒന്നു മുതല്‍ കെജിഎംസിടിഎയുടെ നേതൃത്വത്തില്‍ ആരംഭിച്ച സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് അധ്യാപകരുടെ സമരവും, മെഡിക്കല്‍ പിജി വിദ്യാര്‍ഥികള്‍ തുടര്‍ന്നുവരുന്ന സമരവും മൂലം മെഡിക്കല്‍ കോളജിന്റെ പ്രവര്‍ത്തനങ്ങള്‍ താളം തെറ്റുന്നു. ഇതു മൂലം നിരവധി രോഗികള്‍ ചികിത്സ കിട്ടാതെ വലയുന്നു.
സമരം ചെയ്യുന്നവരുമായി ചര്‍ച്ച നടത്തി പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണേണ്ട ആരോഗ്യ വകുപ്പും, മന്ത്രിയും ഇക്കാര്യത്തില്‍ നിസ്സംഗത പുലര്‍ത്തുകയാണെന്നാണ് ഡോക്ടര്‍മാരുട സംഘടന ആരോപിക്കുന്നത്. സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ തേടിയെത്തുന്ന പാവപ്പെട്ട രോഗികളുടെ ജീവന് വച്ച് പന്താടുന്ന നടപടിയാണ് സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുന്നതെന്ന ആക്ഷേപവും ശക്തമാണ്.
കഴിഞ്ഞ വര്‍ഷം പുറത്തിറക്കിയ ശമ്പള പരിഷ്കരണത്തിലെ ഉത്തരവ് നടപ്പാക്കുന്നതിലെ കാലതാമസവും എന്‍ട്രി കേഡര്‍ തലത്തിലുള്ള അപാകതകള്‍ പരിഹരിക്കാത്തതിലും നിലവിലുള്ള മെഡിക്കല്‍ കോളജുകളിലെ അധ്യാപകരെ പുതിയതായി ആരംഭിച്ച ഇടുക്കി, കോന്നി മെഡിക്കല്‍ കോളജുകളിലേക്ക് പുനര്‍വിന്യാസം ചെയ്യാനുള്ള തീരുമാനങ്ങള്‍ പുനഃപ്പരിശോധിക്കണമെന്നും ഡോക്ടര്‍മാരുടെ സംഘടനകള്‍ സര്‍ക്കാരിനോട് പലതവണ ആവശ്യപ്പെട്ടിട്ടും അനുകൂല നടപടികള്‍ ഉണ്ടായിട്ടില്ല. ഇതിന്റെ ഭാഗമായി ഡിസംബര്‍ ഒന്നു മുതല്‍ ചികിത്സയെയും അധ്യയനത്തെയും നേരിട്ട് ബാധിക്കാത്ത എല്ലാത്തരം ഡ്യൂട്ടികളും ഡോക്ടര്‍മാര്‍ പൂര്‍ണമായും ബഹിഷ്കരിച്ചു കൊണ്ടിരിക്കുകയാണ്.
സമരത്തിന്റെ തുടര്‍നടപടി എന്ന നിലയില്‍ എല്ലാ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലും ഡോക്ടര്‍മാര്‍ സര്‍ക്കാരിന്റെ കണ്ണുതുറപ്പിക്കുന്നതിനായി ‘ഒരു മെഴുകുതിരി നാളം’ പ്രതീകാത്മക സമരം നടത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് സര്‍ക്കാരിന്റെ ഭാഗത്തുനിന്നും അനുകൂല നിലപാട് ഉണ്ടാകുന്നില്ലെങ്കില്‍ സമരം ശക്തമാക്കാനാണ് ഡോക്ടര്‍മാരുടെ തീരുമാനം. അത്തരം സാഹചര്യങ്ങളിലേക്ക് മെഡിക്കല്‍ കോളജ് അധ്യാപകരെ തള്ളിവിടരുതെന്ന് കെജിഎംസിടിഎ പറഞ്ഞു. പിജി വിദ്യാര്‍ഥികളുടെ സമരം അടിച്ചമര്‍ത്താന്‍ നടത്തുന്ന ശ്രമങ്ങള്‍ അപലപനീയമാണ്. പിജി വിദ്യാര്‍ഥികളുടെ സേവനം മെഡിക്കല്‍ കോളജിന്റെ പ്രവര്‍ത്തനത്തിന് അത്യാവശ്യമാണ്.
റസിഡന്‍സി സമ്പ്രദായം നിലവിലുള്ള കേരളത്തിലെ മെഡിക്കല്‍ കോളജുകളില്‍ രോഗികളുടെ പരിചരണം പിജി വിദ്യാര്‍ഥികളുടെ പരിശീലനത്തിന്റെ ഭാഗമാണ്. അവരുടെ അഭാവം ചികിത്സയുടെ ജോലിഭാരം വര്‍ധിപ്പിക്കും. പൂര്‍ണമായും ഇത് ഏറ്റെടുക്കാന്‍ നിലവില്‍ മെഡിക്കല്‍ കോളജുകളിലെ അധ്യാപകര്‍ക്ക് സാധിക്കില്ല. പിജി വിദ്യാര്‍ഥികള്‍ സേവനത്തിന് ഇല്ലാത്തത് സുഗമമായ രോഗീപരിചരണത്തിനും തടസ്സമാകും.ഒരു ദിവസം 12 മണിക്കൂറിലധികവും, ഒരാഴ്ചയില്‍ 48 മണിക്കൂറില്‍ അധികവുമായി ജോലി ചെയ്യാന്‍ ഒരു ഫാക്കല്‍റ്റിയെയും നിര്‍ബന്ധിക്കരുതെന്നും കെജിഎംസിടിഎ പ്രിന്‍സിപ്പല്‍മാര്‍ക്കും, വകുപ്പ് തലവന്മാര്ക്കും മുന്നറിയിപ്പ് നല്കി.
പിജി വിദ്യാര്‍ത്ഥികളുടെ സമരം 48 മണിക്കൂറില്‍ അധികമായി നീണ്ടുപോയാല്‍ സേവനങ്ങള്‍ അത്യാഹിത വിഭാഗത്തിലേക്ക് മാത്രമായി ചുരുക്കപ്പെടാനും മുന്‍കൂട്ടി നിശ്ചയിച്ച ശസ്ത്രക്രിയകളും അനുബന്ധ ചികിത്സാ സംവിധാനങ്ങളും താമസിക്കാനും തടസ്സപ്പെടാനും സാധ്യതയുണ്ട്. സമരം തുടരേണ്ടിവന്നാല്‍ എംബിബിഎസ്, പിജി സൂപ്പര്‍ സ്പെഷാലിറ്റി വിദ്യാര്‍ഥികളുടെ അധ്യാപനം, മെഡിക്കല്‍ അനുബന്ധ കോഴ്സുകളിലെ പരിശീലനം എന്നിവ മുന്നറിയിപ്പില്ലാതെ നിര്‍ത്തിവയ്ക്കേണ്ടതായും വരും. പിജി വിദ്യാര്‍ഥികളുടെ സമരം അവസാനിപ്പിക്കുന്നതിനുള്ള നടപടികള്‍ എത്രയും വേഗം സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകണമെന്ന് കെജിഎംസിടിഎ സംസ്ഥാന പ്രസിഡന്റ് ഡോ. എസ് ബിനോയ്, സെക്രട്ടറി ഡോ. നിര്‍മല്‍ ഭാസ്കര്‍ എന്നിവര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: