ന്യൂദല്‍ഹി: കെ റെയില്‍ പദ്ധതിക്കെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെ വ്യാജവാര്‍ത്തയുമായി ഒരു വിഭാഗം മാധ്യമങ്ങള്‍. കെ റെയില്‍ പദ്ധതിക്ക് ഏറ്റെടുക്കാനായി റെയില്‍വെയുടെ കൈവശമുള്ള ഭൂമി അളന്നുതിരിച്ച് കല്ലിടാന്‍ റെയില്‍വെ ബോര്‍ഡ് അനുമതി നല്‍കിയെന്ന തെറ്റായ വാര്‍ത്തയാണ് കഴിഞ്ഞ ദിവസം ചില മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചത്.
എന്നാല്‍ ഇത്തരത്തില്‍ ഒരു തീരുമാനം എടുത്തിട്ടില്ലെന്നും വാര്‍ത്ത തെറ്റും അടിസ്ഥാനരഹിതവുമാണെന്നും കേന്ദ്രമന്ത്രി വി. മുരളീധരന് അറിയിച്ചു. റെയില്‍വെ മന്ത്രി അശ്വിനി വൈഷ്ണവുമായി കൂടിക്കാഴ്ച നടത്തിയശേഷമാണ് വി. മുരളീധരന് ഇക്കാര്യം അറിയിച്ചത്. റെയില്‍വെ ഭൂമി ഏറ്റെടുക്കുന്നതിനു മുന്നോടിയായി കല്ലിടാന്‍ അനുമതി നല്‍കിയെന്ന വാര്‍ത്ത ശരിയല്ലെന്നു ദക്ഷിണ റെയില്‍വെയും അറിയിച്ചു.
കെ റെയില്‍ പദ്ധതിക്കായി റെയില്‍വെ ഭൂമി കൈമാറുന്നതിനെ ദക്ഷിണ റെയില്‍വെ എതിര്‍ത്തിരുന്നുവെന്നും ഈ എതിര്‍പ്പ് മറികടന്നാണ് റെയില്‍വെ ബോര്‍ഡ് ഭൂമി നല്കാന് തീരുമാനിച്ചതെന്നും റെയില്‍വെയുടെ ഉടമസ്ഥതയിലുള്ള ഭൂമി അളന്ന് തിട്ടപ്പെടുത്താനും ആവശ്യമായ സ്ഥലം തീരുമാനിക്കാനും ബോര്‍ഡ് അനുമതി നല്‍കിയതായും ഇത് സംബന്ധിച്ച് റെയില്‍വെ ഉത്തരവിറക്കിയതായും വാര്‍ത്തയില്‍ പറഞ്ഞിരുന്നു.
റെയില്‍വെ ബോര്‍ഡ് ചെയര്മാന് സുനീത് ശര്‍മയുമായി ചീഫ് സെക്രട്ടറി വി.പി. ജോയ് ആറിന് നടത്തിയ ചര്‍ച്ചയില്‍ പദ്ധതിക്കായി ഏറ്റെടുക്കുന്ന 185 ഹെക്ടര്‍ റെയില്‍വെ ഭൂമിയുടെ അതിരില്‍ കല്ലുകള്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചുവെന്ന കേരള റെയില്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷന്റെ പത്രക്കുറിപ്പ് വാര്‍ത്തയായി നല്‍കുകയായിരുന്നുവെന്നാണ് ഇപ്പോള്‍ വാര്‍ത്ത പ്രസിദ്ധീകരിച്ച മാധ്യമങ്ങളുടെ വിശദീകരണം. കെ റെയില്‍ പദ്ധതിക്കെതിരെ ബിജെപിപരസ്യമായി രംഗത്തുവരികയും പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുകയും ചെയ്യുന്നതിനിടെയാണ് മാധ്യമങ്ങള്‍ ഇത്തരമൊരു വാര്‍ത്ത പ്രസിദ്ധീകരിച്ചത്.
കെ റെയില്‍ പദ്ധതി അപ്രായോഗികമാണെന്ന നിലപാടാണ് കേന്ദ്രറെയില് മന്ത്രാലയത്തിനുള്ളത്. പദ്ധതിയുടെ വായ്പാ ബാധ്യത ഏറ്റെടുക്കാനാവില്ലെന്ന് കേന്ദ്രറെയില് മന്ത്രി അശ്വിനി വൈഷ്ണവ് മുഖ്യമന്ത്രി പിണറായി വിജയനെ നേരിട്ട് അറിയിക്കുകയും ചെയ്തിട്ടുണ്ട്. പദ്ധതി നടത്തിപ്പിനായി ഏറ്റെടുക്കുന്ന 33,000 കോടി രൂപയുടെ വായ്പാഭാരം റെയില്‍വെയ്ക്ക് ഏറ്റെടുക്കാനാവില്ലെന്നും കേന്ദ്രമന്ത്രി മുഖ്യമന്ത്രിയോട് വ്യക്തമാക്കിയിട്ടുണ്ട്.
64,000 കോടി രൂപയാണ് കെ റെയില്‍ പദ്ധതിക്കായി വേണ്ടത്. ഇതില്‍ 33,000 കോടി വിദേശവായ്പയായി കണ്ടെത്താനാണ് സംസ്ഥാന സര്‍ക്കാരിന്റെ നീക്കം. ഈ സാമ്പത്തിക ബാധ്യത ഏറ്റെടുക്കാന്‍ സാധിക്കില്ലെന്നാണ് കേന്ദ്രം അറിയിച്ചിരിക്കുന്നത്. മെട്രോമാന് ഇ. ശ്രീധരനുള്പ്പെടെയുള്ളവര് പദ്ധതി കേരളത്തിന് അനുയോജ്യമല്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ പദ്ധതി നടപ്പാക്കിയേ തീരൂ എന്ന വാശിയാണ് ഇടതുസര്‍ക്കാരിന്. ലാവ്ലിന് പോലെ മറ്റെന്തെങ്കിലും താത്പര്യം കെ റെയിലിന് പിന്നില്‍ ഉണ്ടോ എന്ന് അന്വേഷിക്കണം എന്നും ആവശ്യം ഉയര്‍ന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: