കണ്ണൂര്‍: സംസ്ഥാന ഭരണത്തിലും സിപിഎമ്മിന്റെയും പോഷക സംഘടനകളുടെയും നേതൃത്വത്തിലും കണ്ണൂര്‍ ലോബി വീണ്ടും പിടിമുറുക്കുന്നു. കഴിഞ്ഞ ദിവസം ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയായി കണ്ണൂരിലെ നേതാക്കളുടെ സന്തത സാഹചാരിയായ കണ്ണൂരുകാരനായ വി.കെ. സനോജിനെ നിയമിച്ചു. ഏറെക്കാലമായി പാര്‍ട്ടിയെയും പോഷക സംഘടനകളേയും തലപ്പത്ത് കണ്ണൂര്‍ നേതാക്കളായിരുന്നു. ഇതിനെതിരെ പാര്‍ട്ടിക്കുള്ളില്‍ ഒരു വിഭാഗത്തിന് എതിര്‍പ്പുണ്ടായിരുന്നു.
കോടിയേരി ബാലകൃഷ്ണനെ സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റി എ. വിജയരാഘവന് ചുമതല നല്കിയപ്പോള് കണ്ണൂര്‍ ലോബിയുടെ മേല്‍ക്കൈ കുറഞ്ഞിരുന്നു. പാര്‍ട്ടി ഏരിയ-ലോക്കല്‍ സമ്മേളനങ്ങള്‍ അവസാനിച്ച് ജില്ലാ സമ്മേളനങ്ങള്‍ ആരംഭിക്കാനിരിക്കെയാണ് വീണ്ടും കണ്ണൂര്‍ നേതാക്കള്‍ക്ക് പിടിപാട് കൂടിയത്. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള കണ്ണൂര്‍ നേതാക്കളുടെ ആസൂത്രിത നീക്കം ഈ മാറ്റങ്ങള്ക്കുണ്ടെന്നാണ് സൂചന.
കോടിയേരി ബാലകൃഷ്ണന്റെ തിരിച്ചുവരവിന് പിന്നിലും കണ്ണൂരില്‍ നിന്നുള്ള മുഖ്യമന്ത്രിയുള്‍പ്പെടെയുള്ളവരുടെ ശക്തമായ ചരടുവലികളുണ്ടായിരുന്നുവെന്നാണ് വിവരം. ജില്ലാ-സംസ്ഥാന സമ്മേളനങ്ങളും പാര്‍ട്ടി കോണ്‍ഗ്രസും നടക്കാനിരിക്കെ പാര്‍ട്ടിയെ കൈപ്പിടിയിലൊതുക്കിയില്ലെങ്കില് സംസ്ഥാനത്താകമാനം പാര്‍ട്ടിയുടെ നിയന്ത്രണം മറ്റു ചിലരുടെ കൈകളിലെത്തുന്നത് തടയാനാണ് ഇപ്പോഴത്തെ നീക്കമെന്നുറപ്പാണ്.
തോമസ് ഐസക്ക്, ജി. സുധാകരന് അടക്കമുള്ളവരുടെ നേതൃത്വത്തില്‍ തെക്കന്‍ ജില്ലകളില്‍ നിന്നുള്ള പാര്‍ട്ടി നേതാക്കള്‍ സമ്മേളനങ്ങളില്‍ ആധിപത്യം ഉറപ്പിക്കുകയോ സ്വാധീനമുറപ്പിക്കുകയോ ചെയ്താല്‍ അപകടമാകുമെന്ന ഭയമാണ് കണ്ണൂര്‍ ലോബിക്ക്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: