ന്യൂദല്‍ഹി : ഹെലിക്കോപ്ടര്‍ അപകടത്തില്‍ മരിച്ച സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്തിന്റേയും ഭാര്യ മധുലിക റാവത്തിന്റേയും ഭൗതിക ശരീരം ഔദ്യോഗിക വസതിയില്‍ എത്തിച്ചു. ഇവിടെ പൊതുദര്‍ശനവും ആരംഭിച്ചു. 1.30 വരെയാണ് പൊതുദര്‍ശനത്തിന് വയ്ക്കുന്നത്. ഔദ്യോഗിക വസതിയില്‍ എത്തി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ആദരാഞ്ജലി അര്‍പ്പിച്ചു.
ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവല്‍, ദല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബയ്ജാല്‍, ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കര്‍ സിങ് ധാമി, കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഹരീഷ് സിങ് റാവത് തുടങ്ങിയ പ്രമുഖര്‍ അദ്ദേഹത്തിന്റെ വസതിയിലെത്തി ആദരാഞ്ജലി അര്‍പ്പിച്ചു. രാജ്യത്തിന്റെ സേനാനായകന് അന്ത്യോപചാരം അര്‍പ്പിക്കാനായി നിരവധിയാളുകളാണ് ദല്‍ഹിയിലെ വസതിയിലേക്ക് എത്തുന്നത്.
പൊതുദര്‍ശനത്തിന് ശേഷം സേനാ കന്റോണ്മെന്റിലുള്ള ബ്രാര്‍ സ്ക്വയര്‍ ശ്മശാനത്തിലേക്ക് മൃതദേഹങ്ങള്‍ വിലാപയാത്രയായി എത്തിക്കും. തുടര്‍ന്ന് പൂര്‍ണസേനാ ബഹുമതികളോടെയുള്ള സംസ്കാര ചടങ്ങ് നടത്തും. വിദേശ നയതന്ത്ര പ്രതിനിധികള്‍ ഉള്‍പ്പടെയുള്ളവര്‍ ചടങ്ങില്‍ പങ്കെടുക്കും.
ബുധനാഴ്ച ഉച്ചയോടെയാണ് ഊട്ടിക്കു സമീപമുള്ള കുനൂരില്‍ ബിപിന്‍ റാവത്തും ഭാര്യയും അടക്കം 14 പേര് സഞ്ചരിച്ചിരുന്ന സൈനിക വിമാനം തകര്‍ന്നുവീണത്. സംയുക്ത സേനാ മേധാവി ബിപിന്‍ റാവത്തും ഭാര്യയും ഉള്‍പ്പെടെ 13 പേര് മരിച്ചു. ഗുരുതരമായി പരുക്കേറ്റ ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിങ് ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്.
മരിച്ചവരില്‍ തൃശൂര്‍ പുത്തൂര്‍ സ്വദേശിയായ വ്യോമസേന വാറന്റ് ഓഫിസര്‍ എ. പ്രദീപും ഉള്‍പ്പെടുന്നു. കുനൂരിലെ കാട്ടേരി ഫാമിനു സമീപമാണ് ഹെലികോപ്റ്റര്‍ തകര്‍ന്നുവീണത്. കോയമ്പത്തൂരിലെ സുലൂര്‍ വ്യോമസേന താവളത്തില്‍നിന്ന് ഊട്ടിയിലെ വെല്ലിങ്ടണ്‍ കന്റോണ്‍മെന്റിലേക്കുള്ള യാത്രാമധ്യേയാണ് വ്യോമസേനയുടെ റഷ്യന്‍ നിര്‍മിത എംഐ 17വി5 ഹെലികോപ്റ്റര്‍ തകര്‍ന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: