ചെന്നൈ: ഹെലികോപ്റ്റര്‍ അപകടത്തില്‍ മരണപ്പെട്ട ജനറല്‍ ബിപിന്‍ റാവത്തിനും സഹപ്രവര്‍ത്തകര്‍ക്കുമുള്ള ആദര സൂചകമായി ഇന്ന് തമിഴ് നാട്ടിലെ നീലഗിരി ജില്ലയിലെ വ്യാപാര സ്ഥാപനങ്ങള്‍ അടച്ചിടും. വ്യാപരി സംഘടനകള്‍ സംയുക്തമായാണ് തീരുമാനമെടുത്തത്. കഴിഞ്ഞ ദിവസം പൊട്ടിക്കരഞ്ഞാണ് തമിഴകം യാത്രാമൊഴി നല്‍കിയത്.
പൊതുദര്‍ശനത്തിന് ശേഷം ഉച്ചയോടെ സുലൂരിലെ വ്യോമസേനാ താവളത്തിലേക്ക് വിലാപയാത്രയായി കൊണ്ടുപോയി. വഴിയിലുടനീളം ആയിക്കണക്കിന് പേര് പുഷ്പങ്ങള്‍ വിതറി അന്ത്യാഞ്ജലി അര്‍പ്പിച്ചു. വിലാപയാത്ര കടന്നു പോയപ്പോള്‍ ഭാരത് മാതാ കീ ജയ് വിളികള്‍ മുഴങ്ങി. വിലാപയാത്രക്കിടെ തിരക്ക് കൂടിയതോടെ രണ്ട് തവണയാണ് അകമ്പടിയായി പോയ പോലീസ് വാഹനം അപകടത്തില്‍പ്പെട്ടത്.
ഇന്നലെ രാവിലെ സൈനിക ആശുപത്രിയില്‍ നിന്ന് റാവത്ത് ഉള്‍പ്പെടെയുള്ളവരുടെ ഭൗതിക ശരീരങ്ങള്‍ വെല്ലിങ്ങ്ടണിലെ മദ്രാസ് റെജിമെന്റ് ആസ്ഥാനത്ത് പൊതുദര്‍ശനത്തിന് വച്ചു. സൈനിക വ്യൂഹത്തിന്റെ അകമ്പടിയോടെ രാവിലെ 11നാണ് റെജിമെന്റ് ആസ്ഥാനത്തെത്തിച്ചത്. തമിഴ്നാട് ഗവര്‍ണര്‍ ആര്.എന്‍. രവി, തെലങ്കാന ഗവര്‍ണര്‍ തമിഴിസൈ സൗന്ദര്രാജന്, മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്, സംസ്ഥാന മന്ത്രിമാര്‍, ജില്ലാ ഭരണകര്‍ത്താക്കള്‍ എന്നിവരടക്കം നിരവധി പേര് അന്ത്യാഞ്ജലി അര്‍പ്പിച്ചു. എയര്‍ ചീഫ് മാര്‍ഷല്‍ വി.ആര്. ചൗധരി ഉള്‍പ്പെടെ നിരവധി സൈനിക ഉദ്യോഗസ്ഥരും അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: