കോഴിക്കോട്: റെയില്‍വേസിന്റെ പോരാട്ട വീര്യത്തെ ഷൂട്ടൗട്ടില്‍ മറികടന്ന് മണിപ്പൂരിന് ദേശീയ സീനിയര്‍ വനിതാ ഫുട്ബോള്‍ കിരീടം. ഒന്നിനെതിരെ രണ്ട് ഗോളുകള്ക്ക്റെയില്വേസിനെ കീഴടക്കിയാണ് മണിപ്പൂര്‍ ഹാട്രിക് കിരീടം സ്വന്തമാക്കിയത്. ചാമ്പ്യന്‍ഷിപ്പിന്റെ ചരിത്രത്തില്‍ 21-ാം കിരീടവുമാണ് മണിപ്പൂരിന്റേത്.
നിശ്ചിതസമയത്തും അധികസമയത്തും കളി ഗോള്‍രഹിത സമനിലയില്‍ കലാശിച്ചതോടെയാണ് ഷൂട്ടൗട്ടിലേക്ക് നീണ്ടത്. ഷൂട്ടൗട്ടില്‍ മണിപ്പൂരിന് വേണ്ടി ബേബി സന ദേവിയും കിരണ്‍ ബാലചാനുവുമാണ് ഗോള്‍ നേടിയത്. നവോബി ചാനു റെയില്‍വേക്കായി ഗോള്‍ നേടി. മികച്ച ഫോമിലുള്ള രശ്മി കുമാരിയെ ഗോളിയാക്കിയാണ് റെയില്‍വേസ് ഇറങ്ങിയത്. റെയില്‍വേസ് ക്യാപ്റ്റന്‍ സുപ്രിയ റൗത്രേയും മണിപ്പൂരിന്റെ സുല്‍ത്താനയും ആദ്യകിക്ക് പാഴാക്കി. ബേബി സന ദേവിയാണ് ഷൂട്ടൗട്ടില്‍ മണിപ്പൂരിന്റെ ആദ്യ ഗോള്‍ നേടിയത്. നാലാമത്തെ കിക്കിലാണ് കിരണ്‍ ബാലയുടെ ഗോള്‍ പിറന്നത്. മണിപ്പൂരിന്റെ അസെം റോജദേവിയുടെ കിക്ക് റെയില്‍വേ ഗോളി തടഞ്ഞു. റെയില്‍വേയുടെ എന്ഗൗബി ദേവി, സസ്മിത സെയ്ന്, സുപര്വ സമല്‍ എന്നിവരുടെ കിക്കുകള്‍ തടുത്തിട്ട ഗോള്‍കീപ്പര്‍ ഒക്റാം റോഷ്നി ദേവിയാണ് മണിപ്പൂരിനെ കിരീടത്തിലേക്ക് നയിച്ചത്.
മത്സരത്തില്‍ നേരിയ മുന്‍തൂക്കം മണിപ്പൂരിനായിരുന്നു. എന്നാല്‍ റെയില്‍വേസും വിട്ടുകൊടുക്കാന്‍ തയ്യറായിരുന്നില്ല. ഇതോടെ കളി ആവേശകരമായി. മികച്ച നീക്കങ്ങള്‍ തുടക്കത്തില്‍ നടത്തിയത് റയില്വേസായിരുന്നു. താര ഖാത്തൂനും നവോബി ചാനുവുമായിരുന്നു മണിപ്പൂരിന് ഭീഷണിയായത്. മറുഭാഗത്ത് മണിപ്പൂര്‍ കോര്‍ണര്‍ കിക്കിലൂടെയും ഫ്രീകിക്കിലൂടെയും റെയില്‍വേയെ വിറപ്പിച്ചെങ്കിലും ആദ്യപകുതിയില്‍ ഗോള്‍ പിറന്നില്ല. രണ്ടാം പകുതിയില്‍ തുടര്‍ച്ചയായ കോര്‍ണര്‍ കിക്കുകളുമായി മണിപ്പൂരുകാര്‍ കളംനിറഞ്ഞു. എന്നാല്‍ ബേബി സന ദേവിയുടെ ക്രോസുകള്‍ ഗോളിലേക്ക് തിരിച്ചുവിടാന്‍ മണിപ്പൂര്‍ ഫോര്‍വേഡുകള്‍ക്ക് കഴിഞ്ഞില്ല. അധികസമയത്ത് ഇരുടീമുകളും കാര്യമായ ആക്രമണം നടത്താന്‍ കഴിയാതിരുന്നതോടെയാണ് കളി ഷൂട്ടൗട്ടിലേക്ക് നീണ്ടത്.
രാജ്യത്തെ എക്കാലത്തെയും മികച്ച താരമായ ഒയ്നാം ബെംബം ദേവിയാണ് മണിപ്പൂരിനെ പരിശീലിപ്പിച്ചത്. സീനിയര്‍താരങ്ങളും അണ്ടര്‍ 19 താരങ്ങളും ദേശീയ ക്യാമ്പിലായിരുന്നതിനാല്‍ യുവനിരയുമായാണ് എത്തിയതെന്ന് ബെംബംദേവി പറഞ്ഞു. ചാമ്പ്യന്‍ഷിപ്പിലെ ‘മോസ്റ്റ് വാല്യുബ്ള്‍’ താരമായി ഇറോം പരമേശ്വരി ദേവിയെ തെരഞ്ഞെടുത്തു. തമിഴ്നാടിന്റെ സന്ധ്യ രഘുനാഥനാണ് ടോപ്സ്കോറര്‍. മണിപ്പൂരിന്റെ ഒക്റാം രോഷ്ണി ദേവിയെ മികച്ച ഗോള്‍ കീപ്പറായും തെരഞ്ഞെടുത്തു.
അഖിലേന്ത്യ ഫുട്ബാള്‍ ഫെഡറേഷന് ജനറല്‍ സെക്രട്ടറി കുശാല്‍ ദാസ്, ഡെപ്യുട്ടി സെക്രട്ടറി അഭിഷേക് യാദവ്, വൈസ് പ്രസിഡന്റ് കെ.എം.ഐ. മേത്തര്‍, ഐ.എം. വിജയന്, കെഎഫ്എ പ്രസിഡന്റ് ടോം ജോസ്, മേയര്‍ എം. ബീന ഫിലിപ്പ്, ജില്ല സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് ഒ. രാജഗോപാല്‍ എന്നിവര്‍ ട്രോഫികളും മെഡലുകളും വിതരണം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: