ഡോ. സുകുമാര്‍, കാനഡ
ഭാരതീയ തത്വശാസ്ത്രങ്ങളില്‍ ആചാരങ്ങളും പൂജകളും പലപ്പോഴും വലിയൊരു തത്വത്തെ പ്രതീകവല്‍ക്കരിക്കാനും മഹത്വപ്പെടുത്താനുമൊക്കെയാണ്. ഓരോ ക്ഷേത്രങ്ങളിലുമുള്ള ദേവതമാരെ സനാതനധര്‍മ്മം കണക്കാക്കുന്നത് വെവ്വേറെ ആശയങ്ങളും സങ്കല്‍പ്പങ്ങളും ആചാരങ്ങളും ഉള്ള വ്യക്തിനിഷ്ഠമായ ഈശ്വരഭാവങ്ങളായിട്ടാണ്. അവ ഒരോന്നും ഓരോകാര്യങ്ങള്‍ സാധിക്കാനായി മനുഷ്യനെ സഹായിക്കുന്ന യന്ത്രങ്ങളാണെന്ന് തന്ത്രശാസ്ത്രങ്ങള്പറയുന്നു.
ഐശ്വര്യസമ്പല്സമൃദ്ധികളുടെ അധിദേവതയായ മഹാലക്ഷ്മിയെ ഉപാസിക്കുന്നവര്‍ ലക്ഷ്യമാക്കുന്നത് ധനസമ്പാദനം ആയിരിക്കും. അതുപോലെ വിദ്യാധനം ആര്ജിക്കാനാഗ്രഹമുള്ളവര് സരസ്വതീദേവിയെ പ്രസാദിപ്പിക്കുന്നു. പ്രതീകാത്മകമായി ഓരോ ദേവതകളും ഓരോരോ ഭാവങ്ങള്കൈക്കൊണ്ട് സാധകരെ സഹായിക്കുന്നു എന്ന സങ്കല്‍പ്പമാണ് ക്ഷേത്രപൂജയുടേയും വിഗ്രഹാരാധനയുടേയും അടിസ്ഥാനം.
അനുഭവപ്രധാനമായ അനുഭൂതിയായിട്ടാണ് എല്ലാ ആത്മീയധാരകളിലും ആത്മീയത ആദ്യം വെളിപ്പെടുന്നത്. രണ്ടാമതായി വരുന്നത് തത്വചിന്താപരമായി വേദശാസ്ത്രങ്ങളുടെ രീതിയില്‍ അനുഭൂതികളുടെ വേര് കണ്ടെത്തുന്നബൃഹത്തായ പഠനപദ്ധതിയാണ്. ഇനിയുള്ളത് വിവരണാത്മകമായ സോദ്ദേശകഥകളാണ്. രാമായണവുംമഹാഭാരതവും ഇങ്ങനെയുള്ള ഇതിഹാസങ്ങളാണ്. ആചാരങ്ങളുംഅനുഷ്ഠാനങ്ങളുമാണ് മതമെന്നനിലയില്‍ നാം കണ്ടെത്തിയ തത്ത്വചിന്താപരമായ കണ്ടെത്തലുകളെ പ്രായോഗികമാക്കുന്നത്. ഇപ്പറഞ്ഞ നാലുപടികളിലൂടെ ക്രമാനുഗതമായി വികസ്വരമായ ഒരുതത്വചിന്ത പ്രായോഗികമായി സമൂഹത്തില്‍ വേരോടുന്നത് ധാര്‍മികവും സാമൂഹികവുമായ ഒരു ജീവിതക്രമം അനുഷ്ഠിക്കുന്നതിലൂടെയാണ്. ഇങ്ങനെയാണ് ഭാരതത്തില്‍ ഒരുവന്റെ ജീവിതത്തെ നാല്ആശ്രമങ്ങളായി തരംതിരിക്കാന്‍ ഇടയായത്. ബ്രഹ്മചര്യം, ഗാര്‍ഹസ്ഥ്യം, വാനപ്രസ്ഥം, സംന്യാസം എന്നിവയാണ് ആ നാല് ആശ്രമങ്ങള്‍.
ശബരിമലയില്‍ ഭഗവദ്സാന്നിദ്ധ്യമായി ധര്മ്മശാസ്താവായ സ്വാമിഅയ്യപ്പന്‍ ഇരിക്കുന്നത് സംന്യാസഭാവത്തിലാണ്. മോക്ഷപ്രദായകനാണ് സ്വാമിഅയ്യപ്പന്‍. സംന്യാസിയായ അയ്യപ്പന് നൈഷ്ഠികബ്രഹ്മചാരിയാണ്. അതായത് എട്ടുവിധത്തിലുള്ള ബ്രഹ്മചര്യലംഘനത്തിനുള്ള സാദ്ധ്യതകള്‍പോലും ഒഴിവാക്കിയാണ് അവിടുന്നവിടെ വാഴുന്നത്. അവിടെയെത്തുന്ന ഭക്തര്‍ക്കും അത്തരം ഒരു ജീവിതനിഷ്ഠയാണ് അയ്യപ്പന് വിധിച്ചിട്ടുള്ളത്. അയ്യപ്പന് പന്തളരാജാവിനു നല്കിയ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ചും സാക്ഷാല്‍ പരശുരാമന് വ്യവസ്ഥാപനം ചെയ്തതുമായ അനുഷ്ഠാനക്രമമാണ് ശബരിമലയിലേത്. ഈ നിഷ്ഠകള്‍ പാലിക്കാന്‍ തയ്യാറുള്ള ആര്‍ക്കും മതഭേദമെന്യേ ശബരിമലയില്‍ ദര്‍ശനം നടത്താവുന്നതാണ്.
പൂര്‍ണ്ണമായ ബ്രഹ്മചര്യനിഷ്ഠ, സസ്യഭക്ഷണശീലം, ലളിതമായജീവിതക്രമം എന്നിവയാണ് ശബരിമലയില്‍ നിന്നുംപ്രചോദനം ലഭിക്കാന്‍ വേണ്ട യോഗ്യതകള്‍. കേരളത്തില്‍ ഏറെ ധര്മ്മശാസ്താക്ഷേത്രങ്ങളുണ്ട്. ക്ഷേത്രങ്ങള്‍ ഓരോന്നിലും ദേവതയായ ശാസ്താവിനെ പ്രതിഷ്ഠിച്ചിരിക്കുന്നത ്പലപല ഭാവങ്ങളിലാണ്. അവയ്ക്കെല്ലാം വെവ്വേറെ ലക്ഷ്യങ്ങളുമുണ്ട്.
കുളത്തൂപ്പുഴയില്‍ ബ്രഹ്മചാരിയായ ബാലശാസ്താവാണ്. ആര്യന്‍കാവില്‍ ഗൃഹസ്ഥന്. അച്ചന്‍കോവിലില്‍ വാനപ്രസ്ഥനായ രാജാവ്. ശബരിമലയില്‍ സര്‍വ്വസംഗപരിത്യാഗിയായി, സംന്യാസഭാവത്തിലാണ് ധ്യാനസ്വരൂപനായ ശാസ്താവ ഇരുന്നരുളുന്നത്. ഈ നാല് ആശ്രമങ്ങളിലും സാധകന് പ്രചോദനമാണ് ധര്‍മ്മശാസ്താവ്.
ലോകത്ത് അനേകം ശാസ്താക്ഷേത്രങ്ങള്‍ ഉണ്ടെങ്കിലും സംന്യാസഭാവത്തിലുള്ള അയ്യപ്പക്ഷേത്രം ഒന്നേയുള്ളു. അവിടെ ജീവാത്മാവായ ഭക്തനയ്യപ്പന് പരമാത്മാവായ സ്വാമിഅയ്യപ്പനില് വിലീനനാവുന്ന സാധ്യതയാണ് ഭക്തന് അനുഭവവേദ്യമാകുന്നത്. ഭക്തനും ദേവനും ഒന്നാവുന്ന തത്ത്വമസിയുടെ നിറവാണത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: