തിരുവനന്തപുരം: ഇടതുമുന്നണിയുടെ തിരുവനന്തപുരം കോര്‍പ്പറേഷന്‍ ഭരണം ഒരു വര്‍ഷം തികയാന്‍ ഏതാനും ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ കോടികളുടെ മറ്റൊരു അഴിമതിക്കഥകൂടി പുറത്തുവന്നു. ഇത്തവണ പട്ടിക ജാതി വിഭാഗക്കാരുടെ വിവാഹധനസഹായത്തിലാണ് കയ്യിട്ടുവാരിയിരിക്കുന്നത്. ഇതോടെ പന്ത്രണ്ട് മാസങ്ങള്‍ക്കുള്ളില്‍ പന്ത്രണ്ട് അഴിമതികളാണ് കോര്‍പ്പറേഷന്‍ ഭരണം നടത്തുന്ന ഇടതുമുന്നണിക്കെതിരെ ഉണ്ടായിരിക്കുന്നത്.
തിരുവനന്തപുരം നഗരസഭയിലെ പട്ടികജാതി വികസന വകുപ്പ് ഓഫീസില്‍ 2017-21 കാലയളവില്‍ നടന്ന അഴിമതികളുടെ, പൂഴ്‌ത്തിവച്ച അന്വേഷണ റിപ്പോര്‍ട്ടുകള്‍ കൗണ്‍സിലര്‍ കരമന അജിത്ത് വ്യക്തമായ തെളിവുകളോടെ പുറത്തു വിട്ടു. സീനിയര്‍ സൂപ്രണ്ട് ജി.ബാഹുലേയന്റെ നേതൃത്വത്തില്‍ നടന്ന അന്വേഷണത്തില്‍ പട്ടികജാതി വികസന ഓഫീസുമായി മാത്രം ബന്ധപ്പെട്ട് അഞ്ച് കോടി രൂപയ്‌ക്ക് മുകളിലുള്ള അഴിമതിയാണ് നടന്നിരിക്കുന്നത്. അവ ഒന്നൊന്നായി പുറത്ത് വിടുമെന്നും ആദ്യഘട്ടമായി ഒരു കോടി നാലു ലക്ഷത്തി എഴുപത്തി രണ്ടായിരത്തി അഞ്ഞൂറു രൂപയുടെ തിരിമറികളാണ് ജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കുന്നതെന്നും അജിത് പറഞ്ഞു.
നഗരസഭയില്‍ പട്ടികജാതി വിഭാഗക്കാരുടെ വിവാഹത്തിന് വിവാഹ ധനസഹായം നല്‍കി വരുന്നുണ്ട്. എന്നാല്‍ ഒരാളുടെ പേരിലുള്ള അക്കൗണ്ടിലേക്ക് നാല് പേര്‍ക്കുള്ള വിവാഹ ധനസഹായം നല്‍കുന്നു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ 10273053000008454 എന്ന അക്കൗണ്ട് നമ്പറില്‍ മാര്യേജ് ഗ്രാന്റ് വകയില്‍ 75,000 രൂപ വീതം നല്‍കിയിരിക്കുന്നത് സജീവന്‍, ലക്ഷ്മീ, രാജി, അനിത എന്നീ നാലുപേര്‍ക്കായാണ്. 2018-19, 2019- 20, 2020-21 എന്നീ കാലയളവുകളിലാണ് തുക നല്‍കിയിരിക്കുന്നത്. ഇതേ അക്കൗണ്ട് നമ്പറില്‍ തന്നെ സ്റ്റഡി റൂം പണിയാന്‍ സൂരജ്, സന്ധ്യ, (2018-19) ശശികുമാര്‍ (2020-21) എന്നിവര്‍ക്ക് നല്‍കിയതായി കാണിച്ചിരിക്കുന്നത് രണ്ട് ലക്ഷത്തി തൊണ്ണൂറായിരം രൂപ. 2018-19ല്‍ ഷൈലേശന്‍ എന്ന വ്യക്തിക്ക് ചികിത്സാ സഹായമായി മുപ്പത്തി ഏഴായിരത്തി അഞ്ഞൂറ് രൂപയും നല്‍കി .
വെള്ളപ്പൊക്ക ദുരിതാശ്വാസ സഹായമായി അയ്യായിരം രൂപ വീതം ശകുന്തളയ്‌ക്കും സുനിതയ്‌ക്കും നല്‍കിയതും ഇതേ അക്കൗണ്ടില്‍ തന്നെ. കോര്‍പ്പറേഷന്റെ ധനസഹായം എല്ലാം ചേര്‍ത്ത് വിവിധ പേരുകളിലായി ഏഴു ലക്ഷത്തി മുപ്പത്തി ഏഴായിരത്തി അഞ്ഞൂറു രൂപയാണ് 2018-19, 2019-20, 2020-21 വര്‍ഷങ്ങളില്‍ ഈ ഒരൊറ്റ അക്കൗണ്ടിലൂടെ നല്‍കിയത്. ആരുടെയാണ് ഈ ബാങ്ക് അക്കൗണ്ട് എന്ന് വെളിപ്പെടുത്തണമെന്ന് കരമന അജിത് ആവശ്യപ്പെട്ടു.
ഇതു പോലെ വിവിധ ബാങ്കുകളിലെ ഇരുപത്തിനാല് അക്കൗണ്ടുകളിലേക്കായി മേല്‍പ്പറഞ്ഞ വര്‍ഷങ്ങളില്‍ നഗരസഭ ട്രാന്‍സ്ഫര്‍ ചെയ്ത തുക ഒരു കോടി നാല് ലക്ഷത്തി എഴുപത്തിരണ്ടായിരത്തി അഞ്ഞൂറ് രൂപയാണ്. വി.കെ. പ്രശാന്ത് എംഎല്‍എ മേയര്‍ ആയിരുന്ന കാലത്തടക്കം നടത്തിയ അഴിമതികളാണ് ഇവയെന്നും പ്രളയ സമയത്ത് ഭുരിതാശ്വാസ സാധനങ്ങള്‍ കയറ്റി അയച്ച ലോഡിന്റെ എണ്ണം കൃത്യമായി എണ്ണിയ മേയര്‍ക്ക് അക്കൗണ്ട് നമ്പരുകള്‍ എണ്ണാന്‍ കഴിഞ്ഞില്ലെന്ന് കരമന അജിത് പരിഹസിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: