കത്തുന്ന പൊന്‍മണിവിളക്കിനെ സാക്ഷിയാക്കി തങ്ക നിറമാര്‍ന്ന നെല്ക്കതിര്മണികള് പറയായി ഭഗവാന് സമര്‍പ്പിക്കുന്നതാണ് ശബരിമല സന്നിധാനത്തെ ‘പറനിറയ്ക്കല്‍’ ചടങ്ങ്. പറ നിറയ്ക്കുന്ന ഭക്തന് ഐശ്വര്യവും ഭഗവാന്റെ അനുഗ്രഹവും ലഭിക്കുന്നുവെന്നാണ് വിശ്വാസം. പുതുതലമുറയ്ക്കും പ്രിയങ്കരമാവുകയാണ് പഴമയുടെ ആചാരമായ പറനിറയ്ക്കല്‍. എല്ലാ ദിവസവും സന്നിധാനത്തെ കൊടിമരക്കീഴില്‍ പറയിട്ട് ഭക്തജനങ്ങള്‍ മനം നിറഞ്ഞ് മടങ്ങുന്നു.
പണ്ട്കാലത്ത് കാര്‍ഷിക അഭിവൃദ്ധിക്ക് വേണ്ടിയാണ് പറ സമര്‍പ്പണം ആരംഭിച്ചത്. കാര്‍ഷിക വിളയായ നെല്ക്കതിരിന്റെ ഒരംശം ഭഗവാന് സമര്‍പ്പിക്കുന്ന ചടങ്ങാണ് പിന്നീട് പറ സമര്‍പ്പണമായി മാറിയത്. വാരിയിടുമ്പോള്‍ ഉതിര്‍ന്ന് വീഴുന്ന ഏത് ദ്രവ്യവും പറയായി സമര്‍പ്പിക്കാവുന്നതാണ്.
നെല്ല്, അവല്, മലര്, പഞ്ചസാര, കടല തുടങ്ങിയ ധാരാളം ദ്രവ്യങ്ങള്‍ പറയായി സമര്‍പ്പിക്കാറുണ്ട്. ഓരോ ദ്രവ്യത്തിനും ഓരോ ഉദ്ദേശ്യമാണുള്ളത്. പഞ്ചസാര പറയിടുമ്പോള്‍ വിദ്യാഭ്യാസ പുരോഗതി, മലര് പറയിടുമ്പോള്‍ വിവാഹ തടസം മാറല്‍, അവല് പറ, ദാരിദ്ര്യം മാറാന്‍, കടല പറയിടുമ്പോള്‍ ശത്രുദോഷം ഒഴിവാകല്‍, നാണയം കൊണ്ട് പറയിടുമ്പോള്‍ സമ്പദ് വര്‍ധന ഇങ്ങനെ ഓരോ ദ്രവ്യത്തിനും ഓരോ ഉദ്ദേശ്യമുണ്ട്.
എന്നാല്‍, നെല്‍പറയിലൂടെ സര്‍വ സിദ്ധിയാണ് ഫലമായി വേദങ്ങള്‍ പറയുന്നത്. മുന്‍ കാലങ്ങളില്‍, പറയിട്ട് കിട്ടുന്ന നെല്‍പ്രസാദം കൃഷിസ്ഥലങ്ങളില്‍ വിതറും. അതിലൂടെ കാര്‍ഷികാഭിവൃദ്ധി ലഭ്യമാകും എന്നാണ് വിശ്വാസം. ഓരോ പറയ്ക്കും ഓരോ മന്ത്രമുണ്ട്. തെക്കന്‍ ജില്ലകളിലാണ് പറ നിറയ്ക്കലിന് കൂടുതല്‍ പ്രാധാന്യമുള്ളത്. അന്‍പൊലി പറയില്‍ അഞ്ച് ദ്രവ്യങ്ങള്‍ ഒരു പോലെ പറയില്‍ നിറയ്ക്കും. വിളക്കിന്റെ മുന്നില്‍ ഗണപതിക്ക് പ്രത്യേകം നിവേദ്യം വച്ച് പൂജ നടത്തി ഈ അഞ്ച് പറയിലും കര്‍പ്പൂരാരതി ഉഴിഞ്ഞ് ജല ശുദ്ധി നടത്തിയാണ് അന്‍പൊലി തളിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: