തിരുവനന്തപുരം : സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്തിനെ സമൂഹമാദ്ധ്യമത്തിലൂടെ അപമാനിച്ച സർക്കാർ പ്ലീഡർ അഡ്വ. രശ്മിത രാമചന്ദ്രനെതിരെ പരാതി നൽകി യുവമോർച്ച ദേശീയ ജനറൽ സെക്രട്ടറി ശ്യാം രാജ്.
ഗവ പ്ലീഡറായി ജോലി ചെയ്യുന്ന രശ്മിതയ്‌ക്കെതിരെ മുഖ്യമന്ത്രി, ചീഫ് സെക്രട്ടറി, അഡ്വക്കേറ്റ് ജനറൽ എന്നിവർക്കാണ് പരാതി നൽകിയത്. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ജനറൽ ബിപിൻ റാവത്ത് വിമാനാപകടത്തില്‍ മരിച്ച വാർത്ത വന്നതിന് പിറകെയാണ് അദ്ദേഹത്തെ അപമാനിക്കുന്ന കുറിപ്പ് രശ്മിത ഫേസ്ബുക്കില്‍ പങ്കുവെച്ചത്. ബിപിൻ റാവത്തിനെ ഭരണഘടനാ ചട്ടങ്ങൾ ലംഘിച്ചുകൊണ്ടാണ് സംയുക്ത സൈനിക മേധാവിയാക്കിയതെന്നും മരണം ആരെയും വിശുദ്ധരാക്കില്ലെന്നുമായിരുന്നു രശ്മിതയുടെ ഫേസ്ബുക്ക്പോസ്റ്റ്.
തോന്നിയതെന്തും വിളിച്ചുപറയുന്നതാണ് ഗവൺമെന്‍റ് പ്ലീഡറുടെ ജോലിയെന്ന് തെറ്റിദ്ധരിക്കരുതെന്ന് ശ്യാം രാജ് പറഞ്ഞു. അന്തരിച്ച സംയുക്ത സൈനിക മേധാവിയെക്കുറിച്ച് രശ്മിത ഫേസ്ബുക്കിലെഴുതിയത് അസത്യങ്ങളാണെന്നും ശ്യാം രാജ് പ്രതികരിച്ചു. ഒരു വശത്ത് ചൈനയും, മറുവശത്ത് പാകിസ്താനും ഇല്ലാതാക്കാൻ തക്കം പാർത്തിരിയ്‌ക്കുന്നൊരു രാജ്യത്തിന്റെ ഉള്ളിൽ നിന്നു തന്നെ ഇത്തരത്തിൽ അഭിപ്രായങ്ങളുണ്ടാവുന്നത് പ്രോത്സാഹിപ്പിക്കപ്പെടാൻ പാടില്ലെന്നും ശ്യാംരാജ് പറഞ്ഞു.
സംയുക്ത സൈനിക മേധാവി മരണപ്പെട്ട ദിവസം തന്നെ ഇത്തരത്തിലൊരു പ്രതികരണം നടത്തിയ ആൾക്കെതിരെ മുഖ്യമന്ത്രി നടപടിയെടുക്കുമെന്ന് വിശ്വസിക്കുന്നതായും ശ്യാം രാജ് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: