ആപ്പിള്‍ മേധാവി ടിം കുക്ക് ചൈനീസ് ഉദ്യോഗസ്ഥരും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി മേധാവികളുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം 275 ബില്ല്യന്‍ ഡോളറിലേറെ (ഏകദേശം 2,076,758 കോടി രൂപ) മൂല്യമുള്ള കരാറില്‍ രഹസ്യമായി ഒപ്പിട്ടെന്ന് ദി ഇന്‍ഫര്‍മേഷന്‍ റിപ്പോര്‍ട്ട് ചെയ്യ്തു. 2016ലാണ് സംഭവങ്ങളുടെ തുടക്കം.
ആപ്പിള്‍ സി.ഇ.ഒ ടിം കുക്ക് ചൈനീസ് ഉദ്യോഗസ്ഥരുമായി അഞ്ച് വര്‍ഷത്തെ കരാറില്‍ ഒപ്പുവെക്കാന്‍ നിര്‍ബന്ധിതനാവുകയായിരുന്നു. ചൈനയുടെ സാമ്പത്തിക രംഗത്തിനും സാങ്കേതികവിദ്യാ മേഖലയ്ക്കും നിക്ഷേപങ്ങള്‍ വഴിയും ബിസിനസ് കരാറുകള്‍ വഴിയും ജോലിക്കാര്‍ക്ക് പരിശീലനം നല്‍കുക വഴിയും ശക്തി പകരാമെന്നാണ് ആപ്പിള്‍ ഒപ്പിട്ട കരാറിലുള്ളതെന്നും ആരോപണമുണ്ട്. കമ്പനിയില്‍ നിന്നു തന്നെ ലഭിച്ച രേഖകളിലാണ് തങ്ങള്‍ ഇതെല്ലാം കണ്ടതെന്ന് ദി ഇന്‍ഫര്‍മേഷന്‍ പറയുന്നുണ്ട്.
2016ല്‍ പെട്ടെന്ന് ആപ്പിളിന്റെ ചൈനയിലെ ബിസിനസിനെതിരെ അധികാരികള്‍ നിയമനടപടി തുടങ്ങിയ സമയത്താണ് ടിം കുക്ക് ഇതിനു തുടക്കമിട്ടതെന്നാണ് റിപ്പോര്‍ട്ട്. തുടര്‍ന്ന് കുക്ക് പല തവണ ചൈന സന്ദര്‍ശിച്ചെന്നും അദ്ദേഹം നേരിട്ട് ഉദ്യോഗസ്ഥരെ സ്വാധീനിക്കാനുള്ള ശ്രമം നടത്തിയെന്നും ആരോപണമുണ്ട്. നിയമ നടപടികളെ തുടര്‍ന്ന് കമ്പനിയുടെ സല്‍പ്പേരിനു കളങ്കമേല്ക്കുകയും ഐഫോണ്‍ വില്പന കുത്തനെ ഇടിയുകയും ചെയ്തിരുന്നു.
അതിനുശേഷം, ആപ്പിളിനെതിരെയുള്ള നിയന്ത്രണ നടപടികള്‍ റദ്ദാക്കുന്നതിന് വേണ്ടിയാണ് അത്രയും ഭീമന് തുകയുടെ കരാര്‍ ടിം കുക്ക് ഒപ്പുവെച്ചതെന്നും റിപ്പോര്‍ട്ടിലുണ്ട്. തങ്ങളുടെ ഉപകരണങ്ങള്‍ക്കും സേവനങ്ങള്‍ക്കും ചൈനയില്‍ നിലനില്‍പ്പ് ഭീഷണി നേരിടുമെന്ന് കണ്ടെത്തിയതോടെ, ടിം കുക്ക് വഴങ്ങുകയായിരുന്നു. കരാറിന് മുമ്പ് വരെ ആപ്പിള്‍ പ്രാദേശിക സമ്പദ്വ്യവസ്ഥയ്ക്ക് വേണ്ടത്ര സംഭാവന നല്‍കുന്നില്ലെന്ന് ചൈനീസ് അധികൃതര്‍ വിശ്വസിച്ചിരുന്നു. ഒരു ചൈനീസ് സര്‍ക്കാര്‍ ഏജന്‍സിയുമായാണ് ടെക് ഭീമന്റെ തലവന്‍ കരാറൊപ്പിട്ടത്. സംഭവത്തില്‍ ഇതുവരെ ആപ്പിള്‍ പ്രതികരണമറിയിച്ചിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: