ചെന്നൈ : സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്ത് ഉള്‍പ്പടെ 13 പേര്‍ മരിച്ച അപകടത്തില്‍ നിന്നും രക്ഷപ്പെട്ട ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിങ്ങിനെ വിദഗ്ധ ചികിത്സയ്‌ക്കായി ബെംഗളൂരുവിലെ എയര്‍ഫോഴ്‌സ് കമാന്‍ഡ് ആശുപത്രിയിലേക്ക് മാറ്റും. അപകടത്തില്‍ നിന്നും രക്ഷപ്പെട്ട് വരുണ്‍ സിങ് നിലവില്‍ വെല്ലിങ്ടണ്ണിലെ ആശുപത്രിയില്‍ വെന്റിലേറ്ററില്‍ കഴിയുകയാണ്.
ക്യാപ്റ്റന്‍ വരുണ്‍ സിങ് അതീവ ഗുരുതരവസ്ഥയിലാണ്. ചികിത്സിക്കുന്ന ഡോക്ടര്‍മാരുടെ സംഘം വരുണ്‍സിങ്ങിന്റെ ആരോഗ്യനില സംബന്ധിച്ച് ഒരു ഉറപ്പും നല്‍കിയിട്ടില്ല. അടുത്ത 48 മണിക്കൂര്‍ നിര്‍ണായകമാണെന്നാണ് ഡോക്ടര്‍മാരുടെ വിലയിരുത്തല്‍. അപകടത്തില്‍ അദ്ദേഹത്തിന് 80-85% വരെ അദ്ദേഹത്തിന് പൊള്ളലേറ്റിട്ടുണ്ടെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.
തമിഴ്നാട്ടിലെ വെല്ലിങ്ടണിലുള്ള ഡിഫന്‍സ് സര്‍വീസസ് സ്റ്റാഫ് കോളേജിലെ (ഡിഎസ്എസ്സി) ഡയറക്ടിംഗ് സ്റ്റാഫ് ഗ്രൂപ്പ് ക്യാപ്റ്റനാണ് വരുണ്‍ സിങ്. ഹെലികോപ്റ്റര്‍ അപകടത്തില്‍ രക്ഷപ്പെട്ട ഏക ഉദ്യോഗസ്ഥനും വരുണ്‍സിംഗാണ്. അദ്ദേഹത്തിന്റെ ജീവന്‍ രക്ഷിക്കാനുള്ള എല്ലാ നടപടികളും സ്വീകരിക്കുമെന്ന് രാജ്‌നാഥ് സിങ് ലോക്‌സഭയെ അറിയിച്ചു. അതേസമയം ശസ്ത്രക്രിയക്ക് മുമ്പ് വരുണ്‍ സിങ്ങിന് ബോധമുണ്ടായിരുന്നുവെന്നും ഭാര്യയോട് സംസാരിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചതായും കുടുംബം വ്യക്തമാക്കി.
ബുധാഴ്ച ഉച്ചയോടെയാണ് ഊട്ടിക്ക് സമീപം കുനൂരില്‍ ലാന്‍ഡിങ്ങിന് മിനിറ്റുകള്‍ക്ക് മുമ്പ് ബിപിന്‍ റാവത്തും ഭാര്യയും സൈനിക ഉദ്യോഗസ്ഥരും അടക്കം സഞ്ചരിച്ചിരുന്ന വ്യോമസേനയുടെ എം.17 ഹെലികോപ്ടര്‍ തകര്‍ന്നത്. ഉത്തര്‍പ്രദേശിലെ ദെവാരിയ ഗ്രാമത്തിലെ സൈനിക കുടുംബത്തിലാണ് വരുണ്‍ സിങ് ജനിച്ചത്. സംയുക്ത സേനാമേധാവി ജനറല്‍ ബിപിന്‍ റാവത്തിനൊപ്പം ലെയ്സണ്‍ ഓഫീസറായാണ് ഡയറക്ടിങ് സ്റ്റാഫ് ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിങ് അനുഗമിച്ചത്.
വരുണ്‍ സിങ്ങിന്റെ പിതാവ് റിട്ട. കേണല്‍ കെ.പി. സിങ് ആര്‍മി എയര്‍ ഡിഫന്‍സ് റെജിമെന്റിന്റെ ഭാഗമായിരുന്നു. വരുണ്‍ സിങ്ങിന്റെ സഹോദരന്‍ തനൂജ് സിങ് ഇന്ത്യന്‍ നാവിക സേനയില്‍ ലഫ്റ്റനെന്റ് കമാന്‍ഡറാണ്. സംസ്ഥാന കേണ്‍ഗ്രസ് നേതാവ് അഖിലേഷ് പ്രതാപ് സിങ് അദ്ദേഹത്തിന്റെ അമ്മാവനുമാണ്.
ഇക്കൊല്ലത്തെ സ്വാതന്ത്ര്യദിനത്തില്‍ രാജ്യം ശൗര്യചക്ര നല്‍കി ആദരിച്ചയാളാണ് വരുണ്‍സിങ്. 2020-ല്‍ ഒരു അടിയന്തരസാഹചര്യത്തില്‍ തേജസ്സ് യുദ്ധവിമാനം സുരക്ഷിതമായി ഇറക്കിയതിനായിരുന്നു ഇത്. ബെംഗളൂരുവില്‍ വ്യോമസേനയുടെ ടെസ്റ്റ് പൈലറ്റായിരുന്നു വരുണ്‍ സിങ്. അടിയന്തിര സാഹചര്യത്തില്‍ സ്വന്തം ജീവന്‍ പണയപ്പെടുത്തി് അദ്ദേഹം തജസ്സ് യുദ്ധവിമാനം സുരക്ഷിതമായി ഇറക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: