തൃശൂർ ∙ രാത്രി ജോലി കഴിഞ്ഞ് മടങ്ങുമ്പോൾ സ്കൂട്ടറിൽ കാളയിടിച്ചു തെറിച്ചുവീണ പോലീസ് ഉദ്യോഗസ്ഥന് ദാരുണാന്ത്യം. മണ്ണുത്തി സ്റ്റേഷനിലെ എഎസ്ഐ കെ.എ. ജോൺസണാണ് (48) മരിച്ചത്. രാത്രി 11നു കോവിലകത്തുംപാടത്ത് എൽഐസി ഓഫിസിനു മുൻപിലായിരുന്നു അപകടം.
റോഡിൽ വെളിച്ചം കുറവായിരുന്നു. ജോൺസൺ ധരിച്ചിരുന്ന ഹെൽമറ്റ് വീഴ്ചയിൽ തകർന്ന നിലയിലായിരുന്നു. കാള ഇടിച്ചതോടെ സ്കൂട്ടറിന്റെ നിയന്ത്രണം വിട്ട് റോഡിൽ വീണുകിടന്ന എഎസ്ഐയെ ആശുപത്രിയിലെത്തിക്കാൻ പല വാഹനങ്ങളും വിസമ്മതിച്ചപ്പോൾ കോഴിക്കോട്ടേക്കു പോയ കുടുംബമാണ് കാറിൽ അശ്വിനി ആശുപത്രിയിലെത്തിച്ചത്. ആശുപത്രിയിലെത്തിക്കും മുമ്പേ ജോൺസൺ മരിച്ചിരുന്നു.
കുറ്റൂർ മേരിമാതാ പള്ളിക്കു സമീപം കവലക്കാട്ട് പരേതനായ കെ.ഡി. ആന്റണിയുടെയും ശോശന്നയുടെയും മകനാണ് ജോൺസൺ. ജോൺസൺ നേരത്തേ പേരാംമഗലം സ്റ്റേഷനിലായിരുന്നു. കഴിഞ്ഞ രണ്ട് വർഷമായി മണ്ണുത്തി സ്റ്റേഷനിലാണ് ജോലി ചെയ്യുന്നത്. മൃതദേഹം അശ്വിനി ആശുപത്രി മോർച്ചറിയിൽ. ഭാര്യ: ജിൻസി (അധ്യാപിക, കുട്ടനെല്ലൂർ അഗസ്റ്റിൻ അക്കര സ്കൂൾ). മക്കൾ: ജിസ്മി (പ്ലസ് വൺ വിദ്യാർഥിനി, കുട്ടനെല്ലൂർ അഗസ്റ്റിൻ അക്കര സ്കൂൾ), ജോയൽ (എട്ടാം ക്ലാസ് വിദ്യാർഥി, ഭാരതീയ വിദ്യാഭവൻ സ്കൂൾ, പോട്ടോർ).
പ്രതികരിക്കാൻ ഇവിടെ എഴുതുക: